'അജയന്‍റെ രണ്ടാം മോഷണം' എന്ന ചിത്രത്തിൽ ടൊവിനോ തോമസിന്‍റെ തീപാറുന്ന ആക്ഷൻ രംഗങ്ങൾ കണ്ട് പ്രേക്ഷകർ അമ്പരന്നിരിക്കുകയാണ്. തികഞ്ഞ ഒരു കളരി അഭ്യാസിയെ പോലെയാണ് ടൊവിനോ തിരശ്ശീലയിൽ വിസ്‌മയം തീര്‍ത്തത്. കണ്ടു നിന്ന ഏവര്‍ക്കും ഇതൊരു അത്ഭുതമാമായി തോന്നിയേക്കാം. എന്നാല്‍ ഈ പ്രകടനത്തിന് പിന്നില്‍ നാം അറിയാത്ത മറ്റൊരാളു കൂടിയുണ്ട്. അതാണ് ശിവ കുമാര്‍ ഗുരുക്കള്‍.
ടൊവിനോയെ കളരി പഠിപ്പിക്കുക മാത്രമല്ല ആക്ഷൻ ഡയറക്‌ടര്‍ ഫീനിക്‌സ് പ്രഭുവിനൊപ്പം ചിത്രത്തിനുവേണ്ടി കളരിച്ചുവടുകൾ ഒരുക്കുക കൂടി ചെയ്‌ത വ്യക്തിയാണ്. ടൊവിനോയെ കളരി പഠിപ്പിച്ചതിനെ കുറിച്ചും ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയതിനെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ ശിവ കുമാര്‍ ഗുരുക്കള്‍ ഇ ടിവി ഭാരതുമായി പങ്കുവയ്‌ക്കുന്നു.
കൊല്ലം സിവിഎൻ കളരിയിലെ ഗുരുസ്ഥനീയനാണ് ശിവ കുമാര്‍ ഗുരുക്കൾ. മലബാർ വാസുദേവൻ ഗുരുക്കൾ എന്ന അച്ഛന്‍റെ ഓർമ്മയിൽ കേരളത്തിൽ ഉടനീളം 25 ഓളം സമാനപേരിൽ കളരി പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
സിനിമയിലേക്കുള്ള ചുവട് വയ്‌പ്പ്
സിനിമയുമായി ശിവ കുമാര്‍ ഗുരുക്കൾക്ക് ചെറുപ്പം മുതൽ തന്നെ ബന്ധമുണ്ട്. മുന്‍കാല നടന്മാരായ പ്രേം നസീറും സത്യനും ഒരുമിച്ച് അഭിനയിച്ച 'ഒതേനന്‍റെ മകൻ' എന്ന ചിത്രത്തിനു വേണ്ടി കളരി മുറയിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് അച്ഛനായ വാസുദേവൻ ഗുരുക്കൾ ആയിരുന്നു.
പക്ഷേ 1986 ൽ ലെനിൻ രാജേന്ദ്രന്‍റെ സംവിധാനത്തിൽ ഓം പൂരി മുരളി തുടങ്ങിയവർ അഭിനയിച്ച 'പുരാവർത്ത്' എന്ന ചിത്രത്തിൽ ആണ് ശിവപ്രസാദ് ഗുരുക്കൾ ആദ്യമായി പ്രവർത്തിക്കുന്നത്. വയനാട്ടിലായിരുന്നു സിനിമയുടെ ചിത്രീകരണം. പിന്നീട് ജയരാജ് സംവിധാനം ചെയ്‌ത 'വീരം' എന്ന സിനിമയിൽ മുഴുനീള ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ ശിവ കുമാര്‍ ഗുരുക്കൾ പ്രവര്‍ത്തിച്ചു. അന്ന് ആക്ഷന്‍ ഡയറക്‌ടറൊക്കെ ഉണ്ടെങ്കിലും കേരളത്തിന്‍റെ തനത് കലാരൂപമായ കളരിമുറയിൽ ചുവടുകൾ ഒരുക്കിയത് ശിവപ്രസാദ് ഗുരുക്കളായിരുന്നു.
'വീരം' എന്ന ചിത്രത്തിൽ കുനാല്‍ കപൂർ ആയിരുന്നു നായകൻ. സംവിധായകൻ ജയരാജ് അച്ഛന്‍റെ ശിഷ്യനായിരുന്നു. പക്ഷേ കളരിപ്പയറ്റിനെ ആസ്‌പദമാക്കിയ ഒരു ചിത്രം ഒരുക്കണമെന്ന് ജയരാജിന് പണ്ടുമുതൽക്കേ ആഗ്രഹം ഉണ്ടായിരുന്നു. ജയരാജ് അറിയപ്പെടുന്ന സംവിധായകൻ ആകുന്നതിന് മുൻപ് തന്നെ അദ്ദേഹവുമായി സൗഹൃദം സൃഷ്‌ടിക്കാൻ സാധിച്ചു. ആ സൗഹൃദത്തിന്‍റെ അടിസ്ഥാനത്തിലാണ് 'വീരത്തിൽ' പ്രവർത്തിക്കാൻ സാധിച്ചത്.
അങ്കത്തിന്‍റെ പ്രാധാന്യം അങ്കതുണ ഇതൊക്കെ കൃത്യമായി വെളിപ്പെടുത്തുന്ന രീതിയിൽ ചിത്രത്തിന്‍റെ ആശയം തിരശ്ശീലയിലെത്തി. ഏകദേശം ഒന്നര വർഷത്തോളം ആ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചു. തീയറ്ററുകളിൽ ചിത്രം വലിയ വിജയമായില്ലെങ്കിലും അതുവഴി അലൻ പോപ്പൽട്ടൺ എന്ന വിഖ്യത ആക്ഷൻ ഡയറക്‌ടറുമായി സഹകരിക്കാനായത് വലിയൊരു അനുഭവമായിരുന്നു.
അവതാർ, കില്ലർ എലൈറ്റ് തുടങ്ങിയ വമ്പൻ ഹോളിവുഡ് ചിത്രങ്ങളുടെ ആക്ഷൻ ഡയറക്‌ടറുകളിൽ ഒരാളാണ് അലൻ പോപ്പൽട്ടൺ. ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ യുക്തിയെക്കുറിച്ച് കൃത്യമായ ഒരു ബോധവൽക്കരണം ലഭിക്കുന്നത് അദ്ദേഹത്തിൽ നിന്നാണെന്ന് ഗുരുക്കള്‍ പറയുന്നു.
ഒരു വാൾ എടുക്കുന്നെങ്കിൽ അത് എന്തിനുവേണ്ടി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഉണ്ടാകണമെന്ന് പഠിപ്പിച്ചു തന്നത് അലൻ പോപ്പൽട്ടൺ ആണ്. ഓരോ ആക്ഷന് പിന്നിലും കൃത്യമായ ലോജിക് ഉണ്ടായാൽ മാത്രമേ രംഗത്തിന് ഇമോഷണൽ കണക്‌ട് ഉണ്ടാവുകയുള്ളൂ. അലൻ പോപ്പൽട്ടന്‍റെ സഹായിയായി പ്രവർത്തിച്ചത് മൂലം ഉൾക്കൊള്ളാനായ വസ്‌തുതകള്‍ ഗുരുക്കൾക്ക് നിരവധിയാണ്.
'വീര'മെന്ന ചിത്രത്തിലാണ് ശിവജിത്ത് എന്ന നടനെ പരിചയപ്പെടുന്നത്. 'വീരം' എന്ന ചിത്രത്തിൽ ആരോമലിന്‍റെ കഥാപാത്രമാണ് ശിവജിത്ത് കൈകാര്യം ചെയ്‌തത്. ഹാർഡ് വർക്കർ എന്ന പ്രയോഗത്തിന് പ്രതിരൂപമാണ് ശിവജിത്ത്. 'വീരം' എന്ന ചിത്രം അദ്ദേഹത്തിന് വലിയ പേര് നേടി കൊടുത്തില്ലെങ്കിലും ടൊവിനോ നായകനായി പുറത്തിറങ്ങിയ 'കൽക്കി' എന്ന സിനിമയിലെ വില്ലൻ വേഷം ശിവജിത്തിനെ ശ്രദ്ധേയനാക്കി.
'അജയന്‍റെ രണ്ടാം മോഷണം' എന്ന ചിത്രത്തിനു വേണ്ടി ടൊവിനോ തോമസിനെ കളരി പഠിപ്പിച്ചതും സിനിമയിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ ആക്ഷൻ കൊറിയോഗ്രാഫർ കൊപ്പം ചേർന്ന് പ്രവർത്തിച്ച നിമിഷങ്ങളും ശിവജിത്ത് ഗുരുക്കൾ ഓർത്തെടുത്തു. ചിത്രത്തിൽ തന്‍റെ ആശയങ്ങളെ ആക്ഷൻ അംഗങ്ങളിൽ ഉൾപ്പെടുത്താൻ ഫീനിക്‌സ് പ്രഭുവും സംവിധായകൻ ജിതിൻ ലാലു പൂർണ്ണ സ്വാതന്ത്ര്യം തന്നിരുന്നു.
വടക്കൻ മലബാറിൽ അങ്കം നടന്നിരുന്നതിന്‍റെ അവസാനകാല ഘട്ടത്തിൽ പ്രായോഗിക തലത്തിൽ ഉണ്ടായിരുന്ന അങ്കത്തല്ല് എന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിലെ ഒരു പ്രധാന രംഗം ഒരുക്കേണ്ടത്. വടക്കൻ മലബാറിൽ അങ്കം കഴിഞ്ഞുള്ള കാലഘട്ടങ്ങളിൽ രണ്ട് കരക്കാർ തമ്മിലുള്ള വിഷയമാണ് അങ്കത്തല്ല്. 'അജയന്‍റെ രണ്ടാം മോഷണം' എന്ന ചിത്രം പ്രീ പ്രൊഡക്ഷൻ ആരംഭിക്കുമ്പോൾ ടൊവിനോ മറ്റു ചിത്രങ്ങളുടെ തിരക്കിലായിരുന്നു. അതുകൊണ്ടുതന്നെ സിനിമയ്ക്ക് മുമ്പ് ടൊവിനോ തോമസിനെ പല സ്ഥലങ്ങളിൽ പോയാണ് ട്രെയിൻ ചെയ്‌തത്. ചിലപ്പോൾ വീട്ടിൽ. ചിലപ്പോൾ മറ്റു സിനിമകളുടെ ലൊക്കേഷനിൽ. അങ്ങനെയൊക്കെയായിരുന്നു എആർ.എം എന്ന ചിത്രത്തിനു വേണ്ടിയുള്ള കളരി മുന്നൊരുക്കങ്ങൾ.
ടൊവിനോയുടെ കഠിനാധ്വാനം
ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു അഭ്യാസി ആകാനുള്ള ടൊവിനോയുടെ കഠിനാധ്വാനത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്ന് ശിവ കുമാര്‍ ഗുരുക്കൾ അഭിപ്രായപ്പെട്ടു. ടൊവിനോ തന്‍റെ അടുത്തേക്ക് ആദ്യം എത്തുമ്പോൾ രണ്ട് കാര്യങ്ങളാണ് അദ്ദേഹത്തോട് പറഞ്ഞത്. ഒന്ന് ഒരു അഭിനേതാവിന് പോരാളിയാകാം അല്ലെങ്കിൽ ഒരു പോരാളിക്ക് പോരാളിയായി അഭിനയിക്കാം. അഭിനേതാവ് പോരാളിയാകുമ്പോൾ വലിയ ട്രെയിനിങ്ങിന്‍റെ ആവശ്യമൊന്നുമില്ല. കുറച്ചു കാര്യങ്ങൾ മനസ്സിലാക്കി ചെറിയ പൊടിക്കൈകൾ ഉപയോഗിച്ച് രംഗം കൊഴുപ്പിക്കാം. പക്ഷേ തികഞ്ഞ ഒരു അഭ്യാസിയായി കഥാപാത്രത്തെ ഉൾക്കൊള്ളണം എന്നായിരുന്നു ടൊവിനോയുടെ ആവശ്യം. എന്നാൽ ഈ നിമിഷം മുതൽ നിങ്ങൾ ഒരു കളരി അഭ്യാസി ആണെന്ന് മനസിൽ ഉറപ്പിച്ചോളാൻ ഗുരുക്കൾ മറുപടി പറയുകയും ചെയ്‌തു.
24 മണിക്കൂറും ഷൂട്ട് ചെയ്‌താലും 10 മണിക്കൂർ ഉറങ്ങേണ്ട മനുഷ്യൻ വെറും രണ്ടു മണിക്കൂർ മാത്രം ഉറങ്ങിയ ശേഷം തന്‍റെ അടുത്ത് വന്ന് കളരി സ്വായത്തമാക്കാൻ കഠിനാധ്വാനം ചെയ്യും. മെയ് പയറ്റ്, വടിവ് അങ്ങനെ സകലമാന കാര്യങ്ങളിലും ടോവിനോ ഹാർഡ് വർക്ക് ചെയ്‌തു തന്നെയാണ് ഉൾക്കൊണ്ടിട്ടുള്ളത്. കടുത്ത പനി പിടിച്ചു കിടന്നപ്പോൾ പോലും ടോവിനോ പ്രാക്‌ടീസിന് എത്തിയിട്ടുണ്ട്. ഓരോ ആയുധ പരിശീലനത്തിനും ബേസിക് പ്രാക്ടീസ് മുതൽ അദ്ദേഹം കർശനമായി ചെയ്‌തിട്ടുണ്ട്. ഏകദേശം രണ്ടുമാസത്തെ പരിശീലനത്തിനുശേഷം ടൊവിനോ ഗുരുക്കളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു. ഗുരുക്കളോടൊപ്പം നിൽക്കുമ്പോൾ ഞാനും ഒരു കളരിക്കാരനായി എന്ന് സ്വയബോധ്യം തോന്നുന്നു. ഈ തോന്നലിലൂടെ സഞ്ചരിച്ചാൽ കഥാപാത്രത്തെ എളുപ്പം ഉൾക്കൊള്ളാൻ ആകുമെന്ന് ഗുരുക്കൾ ടൊവിനോയ്ക്ക് ഉപദേശം നൽകുകയും ചെയ്‌തു.
സിനിമയിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഒരു ആയുധ മൂവ്മെന്‍റ് പോലും അഭ്യാസിയുടെതല്ലാത്ത രീതിയിൽ ടൊവിനോ ചെയ്‌തിട്ടില്ല. ഒരു കത്തിയുടെ ആക്ഷൻ പോലും ചോദിച്ചു മനസിലാക്കിയാണ് അയാൾ രംഗത്തിൽ ഉപയോഗിച്ചത്. ചില ദിവസങ്ങളിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ തനിക്ക് സെറ്റിലെത്താൻ സാധിച്ചിരുന്നില്ല. ഗുരുവിന്‍റെ അസാന്നിധ്യത്തിലും കളരി മുറകൾക്ക് ഭംഗം വരാതെ തന്നെയാണ് ടൊവിനോ പ്രകടനം കാഴ്‌ച വച്ചിട്ടുള്ളത്. ആക്ഷൻ കഴിഞ്ഞുള്ള ലാൻഡിങ് സമയത്ത് പോലും അയാളിൽ ഒരു അഭ്യാസിയെ കാണാമായിരുന്നു. വാളും പിടിച്ചു നിൽക്കുന്ന ടൊവിനോ തോമസിന്‍റെ കഥാപാത്രത്തിന്‍റെ ഒതുക്കം അത്രയും കൺവിൻസിങ് ആയിരുന്നു. പഴയ സിനിമകളിൽ ചില നടന്മാർ വെറുതെ വാളും പിടിച്ച് നിൽക്കുന്നതുപോലെ അല്ല ടൊവിനോ ഈ സിനിമയിൽ വാളും പിടിച്ചു നിൽക്കുന്നത്. ചിത്രം കണ്ടവർക്ക് അറിയാം സിനിമയുടെ ഒരു ഘട്ടത്തിൽ നിർണായകമായ ഒരു അങ്ക തല്ലുണ്ട് .
മികച്ച ഒരു അഭിനേതാവിനെ തന്നെ ആ രംഗത്ത് കൊണ്ടുവരണമെന്ന് സംവിധായകൻ അടക്കമുള്ളവർ ആഗ്രഹിച്ചിരുന്നു. ആ ഒരു ആക്ഷൻ രംഗത്തിലേക്ക് വേണ്ടി നടൻ പൃഥ്വിരാജിനെ വരെ ആലോചിച്ചിരുന്നതായി ശിവ കുമാര്‍ ഗുരുക്കൾ വെളിപ്പെടുത്തി. എന്നാൽ പൃഥ്വിരാജിന്‍റെ അസൗകര്യത്തിൽ ശിവജിത്തിനെ കാസ്‌റ്റ് ചെയ്യാൻ നിർബന്ധം പിടിച്ചത് ടൊവിനോ ആയിരുന്നു. തികഞ്ഞൊരു കളരി അഭ്യാസിയായ ശിവജിത്തിനൊപ്പം പയറ്റാൻ ടൊവിനോ തോമസിന് ആഗ്രഹമുണ്ടായിരുന്നു. അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് അമേരിക്കയിൽ ജോലി നോക്കുകയായിരുന്നു ശിവജിത്ത്. ആ ഒരു രംഗത്തിനുവേണ്ടി ശിവജിത്തിനെ അമേരിക്കയിൽ നിന്നും വിളിച്ചുവരുത്തി.
സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ആയുധങ്ങൾ എല്ലാം തന്നെ ഒറിജിനൽ ആണ്. ഒറിജിനൽ കത്തി ഉപയോഗിച്ച് തന്നെയാണ് കഥാപാത്രങ്ങൾ പരസ്‌പരം പയറ്റിയിരിക്കുന്നത്. പ്രാക്‌ടീസ് ചെയ്യുന്ന സമയത്ത് പോലും വാളുകൊണ്ടും കഠാര കൊണ്ടും ടൊവിനോയ്ക്ക് മുറിവ് സംഭവിച്ചിട്ടുണ്ട്. ശിവജിത്തിനും സമാന രീതിയിലുള്ള പരിക്കുകൾ പറ്റി. പരിക്ക് സംഭവിക്കുമെന്ന് കരുതി ഒരു രംഗത്തിലും കോമ്രമൈസ് ആക്ഷൻ ചെയ്യാൻ ഇരുവരും ഒരുക്കമായിരുന്നില്ല.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒരിക്കൽ ചിത്രീകരണത്തിനിടയിൽ വാളുകൊണ്ട് ടൊവിനോയുടെ നെറ്റി കീറിപ്പോയി. അതേ രംഗം ചെയ്യുമ്പോൾ തന്നെ ശിവജിത്തിന്‍റെ വാരിക്ക് കഠാര കൊണ്ട് കീറൽ ഏറ്റു. എടുത്ത് എറിയുന്ന രംഗങ്ങളിലും ഉയർന്ന് ചാടുന്ന രംഗങ്ങളിലും ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് ടൊവിനോ പെർഫോം ചെയ്‌തിട്ടുള്ളത്. വളരെ ഉയർന്നു ചാടുന്ന രംഗങ്ങളിൽ ഒഴികെ പരമാവധി റോപ്പ് ഉപയോഗിക്കാതിരിക്കാനും ശ്രമിച്ചിട്ടുണ്ട്.
വാളു കൊണ്ടുള്ള കൂട്ട ആക്രമണം ചിത്രീകരിക്കുന്ന സമയത്ത് ശരിക്കും വെട്ടിക്കോളാൻ ടൊവിനോ പറയുകയുണ്ടായി. ശാസ്ത്രീയമായ കളരി മുറയിൽ തന്നെയാണ് ടൊവിനോ തിരിച്ചു പയറ്റിയത്. അത്തരം ആക്ഷൻ രംഗങ്ങളിൽ വളരെയധികം മുറിവുകൾ ടൊവിനോക്ക് സംഭവിച്ചു. ടൊവിനോ തോമസിന്‍റെ ഹാർഡ് വർക്കിന്‍റെ ഫലം തന്നെയാണ് 'അജയന്‍റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്‍റെ വലിയ വിജയം എന്ന് ശിവ കുമാര്‍ ഗുരുക്കൾ അഭിപ്രായപ്പെട്ടു.