തിരുവനന്തപുരം സ്വാതി തിരുനാൾ കോളേജിലെ സംഗീത അധ്യാപിക അനി മോളുടെ വിരലുകൾ മധുര ശബ്‌ദ ത്തിൽ പാടുമെന്ന് പറഞ്ഞാൽ അതിശയിക്കേണ്ട. മലയാളം തമിഴ് ഹിന്ദി ഗാനങ്ങൾ തന്‍റെ വീണയിലൂടെ മീട്ടുന്ന അനി മോൾ ഇപ്പോൾ സോഷ്യൽ മീഡിയ തരംഗമാണ്. തിരുവനന്തപുരം ആര്യനാട് സ്വദേശിയാണ് അനി മോൾ.
ഡിഗ്രി കാലം മുതലാണ് വീണ അഭ്യസിച്ച് തുടങ്ങുന്നത്. ദീർഘനാളത്തെ വീണ പഠനത്തിനു ശേഷമാണ് വീണയിലൂടെ സിനിമാ ഗാനങ്ങൾ വായിച്ചാലോ എന്ന തോന്നൽ അനി മോൾക്ക് ഉണ്ടാകുന്നത്. പാടാനുള്ള കഴിവ് വീണയിലൂടെ സിനിമാ ഗാനങ്ങൾ വായിക്കുന്നതിന് ഒരുപാട് സഹായിച്ചു. പഴയ ക്ലാസിക് മലയാള ഗാനങ്ങൾ വീണയിൽ ആദ്യകാലങ്ങളിൽ മീട്ടി തുടങ്ങി. സോഷ്യൽ മീഡിയയിൽ അനി മോളുടെ കഴിവിന് കയ്യടി കിട്ടിയതോടെ നിരവധി വേദികളിൽ തന്‍റെ പ്രകടനം കാഴ്‌ചവയ്ക്കാൻ അവസരം ലഭിച്ചു. പിന്നീട് ഹിന്ദി ഗാനങ്ങളും തമിഴ് ഗാനങ്ങളും അഭ്യസിച്ചു തുടങ്ങി.
വിജയ് ചിത്രം 'ലിയോ'യിലെ 'മൈ ലൈഫ് ഈസ് ഇൻ ടൗൺ' എന്ന് തുടങ്ങുന്ന ഗാനം വീണയിലൂടെ മീട്ടിയത് വളരെയധികം ശ്രദ്ധേയമായി. എസ് പി ബി യുടെ ഗാനങ്ങളോട് അനിമോൾക്ക് വല്ലാത്ത അഭിനിവേശം ഉണ്ട്. 'മണ്ണിൽ ഇന്ത കാതൽ' എന്ന് തുടങ്ങുന്ന ഗാനം വീണ കമ്പി നാദമായി കേൾക്കുന്നത് തന്നെ സ്വർഗ്ഗീയ അനുഭൂതിയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചില ഗാനങ്ങൾ കരോക്കെയുടെ അകമ്പടിയോടെയാണ് അനിമോൾ വായിക്കുക. പുതിയ ഗാനങ്ങൾ എന്നോ പഴയ ഗാനങ്ങൾ എന്നോ അനിമോളുടെ വിരലുകൾക്ക് വേർതിരിവില്ല. എത്ര കഠിനമായ സംഗീതവും വരികളും ഉള്ള ഗാനങ്ങളാണെങ്കിലും അനിമോൾ തന്‍റെ വീണയിലൂടെ ആ ഗാനം അവതരിപ്പിക്കാൻ റെഡിയാണ്. അനിമോളുടെ അടുത്ത് വീണ പഠിക്കുവാനായി നിരവധി പേർ ഇപ്പോൾ എത്തിച്ചേരുന്നുണ്ട്.
എല്ലാവർക്കും ആദ്യമേ സിനിമ പാട്ടുകള്‍ വീണയിലൂടെ വായിക്കണം എന്നാണ് ആഗ്രഹം. എന്നാൽ അത് അത്ര എളുപ്പമല്ല എന്നാണ് അനി മോൾ ടീച്ചറുടെ അഭിപ്രായം. അടിസ്ഥാനമായി വീണ എന്ന സംഗീതോപകരണം ഉപയോഗിക്കാൻ ഉള്ളിൽ സ്വായത്തമാക്കണം. ശേഷം ദീർഘനാളത്തെ പരിശ്രമത്തിന് ഫലം എന്നോണം ആണ് സിനിമാഗാനങ്ങൾ വീണയിലൂടെ വായിക്കുവാൻ സാധിക്കുക. അനിമോൾ വ്യക്തമാക്കി.