മലയാളത്തിലെ പ്രശസ്‌തനായ സംവിധായകനും മിമിക്രി കലാകാരനും ഡബ്ബിങ് ആർട്ടിസ്‌റ്റും നിർമ്മാതാവും ആണ് ആലപ്പി അഷ്റഫ്. പ്രേം നസീർ മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി 1983 ല്‍ 'ഒരു മാടപ്രാവിന്‍റെ കഥ' എന്ന ചിത്രം സംവിധാനം ചെയ്‌തു കൊണ്ടാണ് ആലപ്പി അഷ്റഫ് മലയാള സിനിമയിൽ സ്വതന്ത്ര സംവിധായകൻ ആകുന്നത്. തുടർന്ന് 1986ൽ സംവിധാനം ചെയ്‌ത 'നിന്നിഷ്‌ടം എന്നിഷ്‌ടം' എന്ന ചിത്രം മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസിക്കുകളിൽ ഒന്നായി മാറി. അടുത്തിടെ ആലപ്പി അഷ്റഫ് തന്‍റെ യൂട്യൂബ് ചാനലിലൂടെ സിനിമാ വിശേഷങ്ങൾ പ്രേക്ഷകരോട് സംവദിക്കുന്നത് ചർച്ചകളിൽ ഇടം പിടിക്കുന്നുണ്ട്. തന്‍റെ കലാ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവയ്ച്ചുകൊണ്ട് ആലപ്പി അഷ്റഫ് ഇ ടി വി ഭാരതിനോട് സംസാരിക്കുന്നു.
പ്രേം നസീര്‍ സാറിന്‍റെ വാത്സല്യം
മലയാളത്തിന്‍റെ എവർഗ്രീൻ നടൻ പ്രേംനസീറിനെ കേന്ദ്ര കഥാപാത്രമാക്കി താൻ മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്‌തു. 'ഒരു മാടപ്രാവിന്‍റെ കഥ','വനിതാ പോലീസ്', 'മുഖ്യമന്ത്രി' എന്നിവയൊക്കെയാണ് ആ ചിത്രങ്ങൾ. 'മാടപ്രാവിന്‍റെ കഥ' കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ആലപ്പി അഷ്റഫ് എന്ന സംവിധായകനോടുള്ള വിശ്വാസം കൊണ്ടാണ് നസീർ സാർ മാടപ്രാവിന്‍റെ കഥയിൽ അഭിനയിക്കുവാനായി ഡേറ്റ് തരുന്നത്. സംവിധാനത്തെക്കുറിച്ച് അക്കാലത്ത് വലിയ ആഴത്തിലുള്ള അറിവൊന്നുമില്ല. മലയാളത്തിലെ അക്കാലത്തെ പ്രമുഖരായ ടെക്‌നീഷ്യൻസിന്‍റെ പിൻബലത്തിലാണ് ആ ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു സ്‌റ്റേജ് കലാകാരൻ എന്നുള്ള രീതിയിൽ നസീർ സാറിന് എന്നോട് അമിത വാത്സല്യം ഉണ്ടായിരുന്നു. പലപ്പോഴും അദ്ദേഹത്തെ കണ്ട് സംസാരിക്കുമ്പോൾ ഞാൻ പറയുന്ന കഥകൾ അദ്ദേഹം ശ്രദ്ധയോടെ കേൾക്കും. എന്നിൽ ഒരു സംവിധായകൻ ഉണ്ടെന്ന് തിരിച്ചറിയുന്നതും സത്യത്തിൽ നസീർ സാറാണ്. നസീർ സാറിന്‍റെ പിൻബലത്തിലാണ് ഒരുപക്ഷേ ഞാൻ മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു സംവിധായകൻ ആയതെന്ന് പറയാം. ബ്രഹ്മാണ്ഡ സിനിമകൾ ഒന്നും എന്‍റെ കരിയറിൽ ഞാൻ ചെയ്‌തിട്ടില്ല. ആൾക്കാരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള മികച്ച കഥകൾക്കാണ് ഞാൻ പ്രാധാന്യം നൽകിയിട്ടുള്ളത്.
'നിന്നിഷ്ടം എന്നിഷ്‌ടം '
'നിന്നിഷ്‌ടം എന്നിഷ്‌ടം ടു' എന്ന ചിത്രം ഒരുക്കിയത് ജീവിതത്തിലെ വലിയ വിഡ്ഢിത്തരങ്ങളിൽ ഒന്നായി. അങ്ങനെ ഒരു സിനിമ പിന്നീട് ആലോചിച്ചപ്പോൾ ചെയ്യേണ്ട എന്ന് തോന്നിയിരുന്നു. മലയാളിയുടെ മനസില്‍ ചില പ്രതിഷ്ഠ നേടിയ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം വലിയ പരാജയമായി. പക്ഷേ സാമ്പത്തികമായി ആ ചിത്രം ലാഭം ആയിരുന്നു. ചെറിയ ബഡ്‌ജറ്റില്‍ ഒരുക്കിയതുകൊണ്ട് തന്നെ നിർമാതാവിന് നഷ്‌ടം സംഭവിച്ചില്ല.
സിനിമയിൽ ഡബ്ബ് ചെയ്‌തത്
പ്രേംനസീർ, ജയൻ, പിജെ ആന്‍റണി തുടങ്ങിയവർ മരണപ്പെട്ട ശേഷം അവരുടെ നിരവധി കഥാപാത്രങ്ങൾക്ക് സിനിമയിൽ ഡബ്ബ് ചെയ്‌തത് താനായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്കൊക്കെ വേണ്ടി ആ ചിത്രങ്ങളിൽ ഡബ്ബ് ചെയ്‌തത് താനായിരുന്നു എന്ന് മലയാളികൾക്ക് മനസിലായിട്ടില്ല. പിന്നീട് ഞാൻ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. എല്ലാത്തിലും ഉപരി രജനീകാന്ത് അഭിനയിച്ച മലയാളം ചിത്രമായ 'ഗർജന'ത്തിന് അദ്ദേഹത്തിന് ശബ്‌ദം നൽകിയത് താനായിരുന്നു. രജനീകാന്തിന് ശബ്‌ദം നൽകുവാനായി മലയാളത്തിലെ നിരവധി കലാകാരന്മാരെ ആദ്യം ആലോചിച്ചിരുന്നു. പക്ഷേ രജനീകാന്തിന്‍റെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആ കലാകാരനെ കൊണ്ട് അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ.
ഡബ്ബ് ചെയ്യാൻ എത്തിയ പല കലാകാരന്മാരുടെയും ശബ്‌ദം രജനീകാന്തിന് ഇഷ്‌ടപ്പെട്ടില്ല. അപ്പോഴാണ് തനിക്ക് നറുക്ക് വീഴുന്നത്. ചെന്നൈയിലെ സ്റ്റുഡിയോയിലെ ഡബ്ബിങ് സ്യൂട്ടിൽ ചെല്ലുമ്പോൾ ഒരു ഡയലോഗ് ഡബ്ബ് ചെയ്യാനായി നൽകി. ഡബ്ബ് ചെയ്‌ത ശേഷം ഇനി അത് രജനികാന്തിനെ കേൾപ്പിക്കണം. രജനികാന്തിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ അപ്പോൾ തന്നെ തിരിച്ചു പോകാം. രജനികാന്ത് സ്റ്റുഡിയോയിൽ എത്തി ഞാൻ ഡബ്ബ് ചെയ്‌തത് കേൾക്കുന്നു. ഓക്കെ എന്നൊരു മറുപടി മാത്രം പറഞ്ഞു അദ്ദേഹം പുറത്തേക്ക് നടന്നു പോയി. അങ്ങനെയാണ് 'ഗർജന'ത്തിന് ഡബ്ബ് ചെയ്യുന്നത്.
ജയന്‍റെ വിയോഗത്തിന് ശേഷം
നടൻ ജയന് ഡബ്ബ് ചെയ്‌തത് വലിയൊരു വേദനയായി ഉള്ളിലുണ്ട്. 'കോളിളക്കം' എന്ന ചിത്രത്തിൽ ആയിരുന്നു അദ്ദേഹത്തിന് ഹെലികോപ്റ്റർ അപകടം സംഭവിക്കുന്നത്. മരണശേഷം ഇറങ്ങുന്ന ജയൻ ചിത്രമായതുകൊണ്ടുതന്നെ തിയേറ്ററുകളിലേക്ക് ജനസാഗരം ഒഴുകിയെത്തും എന്നറിയാം. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനുള്ള ആരാധകരുടെ അവസരം കൂടിയാണത്. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ച് ഡബ്ബ് ചെയ്യണമായിരുന്നു. അദ്ദേഹത്തിന്‍റെ ശൈലിയും ശബ്‌ദവും ഒന്നു മാറിയാൽ അത് സിനിമയെ വളരെയധികം നെഗറ്റീവായി ബാധിക്കും. പക്ഷേ സിനിമ കണ്ടു ഇറങ്ങിയ ആർക്കും മറ്റൊരാളാണ് ജയന് ഡബ്ബ് ചെയ്‌തതെന്ന് മനസ്സിലായില്ല. ജീവിതത്തിലെ വലിയ അനുഭവങ്ങളിൽ ഒന്ന്.
മോനിഷയുടെ മരണം
നടി മോനിഷ മരിക്കുന്നതിന് ഒരു മാസം മുമ്പ് ഞങ്ങളെല്ലാവരും ദുബായിൽ ഒരു ഷോയിൽ ഒരുമിച്ചുണ്ടായിരുന്നു. വളരെയധികം സന്തോഷകരമായ നിമിഷങ്ങൾ ആയിരുന്നു ദുബായിൽ സംഭവിച്ചത്. ഷോ കഴിഞ്ഞ് നാട്ടിലെത്തുന്നു. ഒരു ദിവസം രാവിലെ സംവിധായകൻ ഫാസിൽ എന്നെ വിളിക്കുകയാണ്. എത്രയും പെട്ടെന്ന് അദ്ദേഹത്തിന്‍റെ ആലപ്പുഴയിലുള്ള വീട്ടിൽ എത്തണം. എനിക്കന്ന് ഒരു ഒമിനി വാൻ ആണ് സ്വന്തമായി ഉള്ളത്. പ്രഭാത കർമ്മങ്ങൾ പോലും നിർവഹിക്കാതെ ഞാൻ വണ്ടിയും എടുത്ത് ഫാസിൽ സാറിന്‍റെ വീട്ടിലെത്തി. വീട്ടിലെത്തിയതും ഫാസിൽ സാർ എന്‍റെ വാഹനത്തിലേക്ക് വന്നു കയറി. മോനിഷയ്ക്ക് രാവിലെ ഒരു അപകടം പറ്റി. ചേർത്തല കെവിഎം ഹോസ്‌പിറ്റലിൽ അഡ്‌മിറ്റ് ആണ്. വിവരമറിഞ്ഞതും എനിക്ക് സമനില തെറ്റുന്നത് പോലെ തോന്നി.
മോനിഷയും കുടുംബവുമായി എനിക്ക് ആ സമയത്ത് നല്ല ആത്മബന്ധം ഉണ്ടായിരുന്നു. ആലപ്പുഴയിൽ നിന്നും ചേർത്തലയിലേക്ക് 20 മിനിട്ട് കൊണ്ട് എത്തിച്ചേർന്നു. അത്രയും വേഗത്തിലാണ് വാഹനം ഓടിച്ചത്. ഞങ്ങൾ ഐസിയുവിന് മുന്നിലെത്തി. ഗ്ലാസിലൂടെ അകത്തേക്ക് നോക്കി. അപ്പോൾ ഞാൻ കാണുന്നത് മോനിഷയുടെ നെഞ്ചിൽ കുറെയധികം ഡോക്‌ടര്‍മാര്‍ സി പി ആർ നൽകുന്നതാണ്. പെട്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഐസിയുവിന് അകത്തുനിന്നും പുറത്തേക്കിറങ്ങി വന്നു. എനിക്ക് അദ്ദേഹത്തെ മുൻ പരിചയം ഉണ്ട്. "പോയെടാ മോനിഷ പോയെടാ" എന്നാണ് അയാൾ ഞങ്ങളോട് പറഞ്ഞത്. ഷോക്കേറ്റത് പോലുള്ള അവസ്ഥ. കുറച്ചുനേരം അവിടെ നിന്നപ്പോഴാണ് മോനിഷയുടെ അമ്മയും അതേ ഹോസ്‌പിറ്റലില്‍ അഡ്‌മിറ്റ് ആണെന്ന് തിരിച്ചറിയുന്നത്. നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്നെ കണ്ടതും അവർക്ക് ആശ്വാസമായി. കാരണം പരിചയമുള്ള ഒരു മുഖം കാണുകയാണ്. ഞാൻ അടുത്തേക്ക് ചെന്നതും അവർ എന്‍റെ കയ്യിൽ പിടിച്ചിട്ട് മോൾക്ക് എങ്ങനെയുണ്ട് എന്ന് ചോദിച്ചു. എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാൻ നിന്ന് വിയർക്കുകയാണ്. കുഴപ്പമില്ല അമ്മേ മോനിഷ ഒക്കെയാണ് എന്ന് കള്ളം പറഞ്ഞു. ആ സമയത്ത് അവർ ചില കാര്യങ്ങൾ എന്നോട് പറഞ്ഞു. അപകട സമയത്ത് മോനിഷയുടെ അമ്മയുടെ കഴുത്തിൽ കിടന്ന മാല നഷ്‌ടപ്പെട്ടു. അത് ആരോ എടുത്തതാണ്. അവർക്ക് ആ മാല വേണ്ട. പകരം അതിലെ താലി തിരികെ വേണം. അതിനും എങ്ങനെ മറുപടി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരുവിധത്തിൽ മോനിഷയുടെ അമ്മയെ ആശ്വസിപ്പിച്ച് തിരികെ പുറത്തിറങ്ങി, സുഹൃത്തായ പോലീസുകാരനോട് ആ കാര്യം പറയുകയുണ്ടായി. ആ പോലീസുകാരൻ കൂടെയുള്ള പോലീസുകാരോട് രൗദ്രഭാവത്തിൽ ആരാണ് ആ മാലയെടുത്തതെങ്കിലും തിരികെ നൽകണമെന്ന് ആജ്ഞാപിച്ചു.
മോനിഷയ്ക്ക് അപകടം പറ്റുന്നത് ചേർത്തലയ്ക്കടുത്തുള്ള എക്‌സ-റേ ജംഗ്ഷനിൽ വച്ചാണ്. അവിടെ വാഹനാപകടങ്ങൾ നടക്കാത്ത ഒരു ദിവസവും ഇല്ല. ദിവസവും അപകടങ്ങൾ നടക്കുന്നതുകൊണ്ട് തന്നെ അവിടുത്തെ ജനങ്ങൾക്ക് ഇതൊരു വലിയ സംഭവമല്ല. ആ സ്ഥലത്ത് അപകടം നടക്കുന്ന വാഹനങ്ങളിൽ നിന്ന് വിലപ്പെട്ട സാധനങ്ങൾ മോഷണം പോവുക പതിവാണ്. അതിനിടയിൽ മോനിഷയുടെ ശവശരീരം പോസ്‌റ്റുമോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടതായി വന്നു.
തിരികെ എത്തിയപ്പോൾ ഒരു പോലീസുകാരൻ താലി ഉൾപ്പെടെയുള്ള മാലയുടെ ഒരു കഷ്‌ണം തന്‍റെ കയ്യിൽ ഏൽപ്പിച്ചു. ആരാണ് മാല മോഷ്‌ടിച്ചതെന്നൊക്കെ അപ്പോൾ എനിക്ക് മനസിലായി. പക്ഷേ ആ സമയത്ത് പ്രതികരിക്കാൻ തോന്നിയില്ല. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങളെക്കുറിച്ച് ചോദിച്ചാൽ എപ്പോഴും ഓർക്കുന്ന കാര്യങ്ങളിൽ ഒന്നാണിത്.