മകന്‍ അഗസ്ത്യയുടെ പിറന്നാൾ ദിനത്തിൽ വികാരനിർഭരമായ പോസ്റ്റ് പങ്കുവച്ച് ഹാർദിക് പാണ്ഡ്യയും നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ഇവർ വേർപിരിഞ്ഞത് വാർത്തയായിരുന്നു. ജൂലൈ 30 നായിരുന്നു അഗസ്ത്യയുടെ പിറന്നാൾ. ഇരുവരും സമൂഹമാധ്യമത്തിൽ കുഞ്ഞിനോടൊപ്പമുളള നിമിഷങ്ങൾ പങ്കുവെക്കുകയായിരുന്നു.
ജന്മദിനാശംസകൾ നേർന്നുകൊണ്ട് "എൻ്റെ ബൂബ" എന്ന ക്യാപ്‌ഷനോടുകൂടിയാണ് മകൻ്റെ ചിത്രങ്ങൾ നടാഷ പോസ്റ്റ് ചെയ്‌തത്. "എൻ്റെ ബൂബ, സമാധാനവും സ്നേഹവും സന്തോഷവും എൻ്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് നീയാണ്. നീ എനിക്ക് കിട്ടിയ അനുഗ്രഹമാണ്. എപ്പോഴും ഈ രീതിയിൽ തന്നെ തുടരുക.
ഞാൻ ഒരിക്കലും നിൻ്റെ മനസിനെ മാറ്റാൻ ഈ ലോകത്തിനെ അനുവദിക്കില്ല. ഞാൻ എപ്പോഴും നിൻ്റെ കൂടെത്തന്നെയുണ്ടാകും. എന്നും സ്‌നേഹം മാത്രം". അഗസ്ത്യക്കൊപ്പമുളള ചിത്രം പങ്കുവെച്ച് നടാഷ എഴുതി.
ഹാർദിക് തൻ്റെ കുഞ്ഞിനോടൊപ്പം കളിക്കുന്ന വീഡിയോയാണ് പങ്കുവെച്ചത്. "ഓരോ ദിനവും കടന്നുപോകുന്നതിന് എന്നെ സഹായിക്കുന്നത് നീയാണ്. വാക്കുകൾക്കതീതമായി ഞാൻ നിന്നെ സ്‌നേഹിക്കുന്നു. എല്ലാ കാര്യത്തിനും കൂടെ നിൽക്കുന്ന എൻ്റെ അഗുവിന് പിറന്നാൾ ആശംസകൾ"- ഹാർദിക് കുറിച്ചു.
നടാഷയ്‌ക്കൊപ്പം സെർബിയയിലാണ് ഇപ്പോൾ അഗസ്‌ത്യയുളളത്. 2020 മെയ് 31-നാണ് നടാഷയും ഹാർദിക്കും വിവാഹിതരാകുന്നത്. രാജസ്ഥാനിൽ വച്ചാണ് താരവിവാഹം നടന്നത്. ജൂലൈ 14 ന് ഔദ്യോഗികമായി താര ദമ്പതികൾ സമൂഹമാധ്യമത്തിലൂടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് തങ്ങൾ വേർപിരിയുന്നുവെന്ന് അറിയിക്കുകയായിരുന്നു.
Also Read: ചര്‍ച്ചകള്‍ക്ക് വിരാമം; ഹാർദിക്കും നടാഷയും വേര്‍പിരിയുന്നു