തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം സര്‍ക്കാര്‍ പൂഴ്ത്തി വച്ചു എന്നത് ആരോപണമാണെങ്കിലും അത് എന്തിനായിരുന്നു എന്നത് വ്യക്തമാക്കുന്നതാണ് സംവിധായകന്‍ രഞ്ജിത്തിന്‍റെയും നടന്‍ സിദ്ദിഖിന്‍റെയും രാജി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ മലയള സിനിമ ലോകത്തെ പിടിച്ചു കുലുക്കിയുള്ള ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് അടിതെറ്റി വീണു.
പിടിച്ചു നില്‍ക്കാന്‍ പരമാവധി ശ്രമിക്കുകയും സംരക്ഷിക്കാന്‍ മന്ത്രി സജി ചെറിയാന്‍ ചാടിയിറങ്ങിയിട്ടും ഗത്യന്തരമില്ലാതെയാണ് രഞ്ജിത്തിന് രാജിവയ്‌ക്കേണ്ടി വന്നത്. ഒരു പക്ഷേ പിടിച്ചു നിന്ന് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ച് രഞ്ജിത്തിന്‍റെ രാജി ചോദിച്ചു വാങ്ങുകയായിരുന്നു എന്നൊരു സൂചനയും ഉണ്ട്.
സത്യം ഒരു നാള്‍ പുറത്തു വരുമെന്നാണ് രഞ്ജിത്തിന്‍റെ ഇതു സംബന്ധിച്ചു പുറത്തു വന്ന അവസാന പ്രതികരണം. അതിലും വലിയ പരിക്കേറ്റത് നടീനടന്‍മാരുടെ സംഘടനയായ അമ്മയുടെ ഏറ്റവും ശക്തമായ അധികാര കേന്ദ്രമായ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള നടന്‍ സിദ്ദിഖിന്‍റെ പടിയിറക്കമാണ്. രേവതി സമ്പത്ത് എന്ന നടിയുടെ വെളിപ്പെടുത്തലാണ് സിദ്ദിഖിന്‍റെ കസേര തെറിപ്പിച്ചത്.
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍. താന്‍ പ്ലസ്‌ടു കഴിഞ്ഞു നില്‍ക്കുന്ന സമയത്ത് ഫേസ്‌ബുക്ക് വഴിയാണ് സിദ്ദിഖിനെ പരിചയപ്പെട്ടത്. രണ്ടു വര്‍ഷത്തോളം ഫേസ്‌ബുക്കിലൂടെ തികച്ചും മാന്യമായ സൗഹൃദം തുടര്‍ന്നു. ഇതിനിടെ മോഡലിങ് ചെയ്‌തുകൊണ്ടിരിക്കെ സിനമാഭിനയം എന്നു പറഞ്ഞു വിളിപ്പിച്ചാണ് തന്നെ ചതിക്കുഴിയില്‍ പെടുത്തിയതെന്നാണ് നടയുടെ വെളിപ്പെടുത്തല്‍.
നിള തിയേറ്ററില്‍ ആദ്യം ഒരു സിനിമയുടെ പ്രിവ്യൂവിനായി സിദ്ദിഖ് കൂട്ടിക്കൊണ്ടു പോയി. അതിനു ശേഷം സിനിമ ചര്‍ച്ചകള്‍ക്കെന്നു പറഞ്ഞ് മസ്‌കറ്റ് ഹോട്ടലില്‍ കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. ആരോപണത്തിനു പിന്നാലെ പിടിച്ചു നില്‍ക്കാനാകാതെ സിദ്ദിഖ് അമ്മയുടെ അമരത്തു നിന്നു പിടിവിട്ടു വീണു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന് ദിവസങ്ങളോളം അമ്മ ഭാരവാഹികള്‍ മൗനമായിരുന്നതിനു കാരണം ഇതൊക്കെയാണോ എന്ന സംശയവും ഉയരുന്നുണ്ട്. കാറ്റും ഇടിമിന്നലും നിറഞ്ഞ തോരാമഴ പോലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ വെളിപ്പെടുത്തലുകള്‍ തുടരുമ്പോള്‍ വീഴാനിരിക്കുന്നത് മുന്‍ നിരക്കാരോ വാലറ്റക്കാരോ എന്നാര്‍ക്കും തിട്ടമില്ല. പക്ഷേ ഹേമ കമ്മിറ്റി എന്ന തീയുണ്ടയെ നേരിടാനാകാതെ വിക്കറ്റുകള്‍ ഒന്നൊന്നായി വീഴുന്നതില്‍ നിന്നു തന്നെ, റിപ്പോര്‍ട്ട് സൃഷ്‌ടിച്ചത് ഒരു ഹൈവോള്‍ട്ടേജ് തരംഗം എന്നു വ്യക്തം. ഒപ്പം ഇത്രയും കാലം എല്ലാം അടക്കിപ്പിടിച്ചവര്‍ക്ക് എല്ലാം തുറന്നു പറയാനുള്ള സുവര്‍ണാവസരം കൂടിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയതെന്നതില്‍ തര്‍ക്കമില്ല.
Also Read: യുവ നടിയുടെ ലൈംഗികാരോപണം: അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് സിദ്ദിഖ്