എറണാകുളം: ദൃശ്യം ടൂവിനു ശേഷം പ്രശസ്‌ത തെന്നിന്ത്യൻ താരം മീനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് ആനന്ദപുരം ഡയറീസ്. ജയ ജോസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശസ്‌ത തമിഴ് താരം ശ്രീകാന്തും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. റോഷൻ ബഷീർ, ജാഫർ ഇടുക്കി, മനോജ് കെ ജയൻ, കുട്ടി അഖിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്‍റെ പ്രചാരണാർത്ഥമുള്ള മാധ്യമ സമ്മേളനം കഴിഞ്ഞദിവസം കൊച്ചിയിൽ നടന്നു.
ഒരു ഇടവേളക്ക് ശേഷമുള്ള തന്‍റെ ഡയറക്‌ട് മലയാളം തിയേറ്റർ റിലീസ് ആണ് ആനന്ദപുരം ഡയറിസ്. മുൻ ചിത്രമായ ദൃശ്യം 2, ബ്രോ ഡാഡി ലോക്ക്ഡൗൺ കാലത്ത് ഓ ടി ടി വഴിയാണ് പ്രേക്ഷകർക്കും മുന്നിലേക്ക് എത്തിയത്. ഈ പ്രായത്തിലും തന്നെ തേടി ഒരു കോളേജ് സ്റ്റുഡന്‍റ് വേഷം എത്തിയതിൽ സന്തോഷവതിയാണെന്ന് മീന പറഞ്ഞു.
കരിയറിൽ ഈ കാലഘട്ടത്തിൽ ചെയ്യണമെന്ന് വിചാരിച്ചിരുന്ന ഒരു വേഷം. അതോടൊപ്പം തന്നെ ചിത്രത്തിൽ ഒരു വക്കീൽ വേഷത്തിലും താൻ എത്തുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രം കൈകാര്യം ചെയ്യുന്നതുകൊണ്ടു തന്നെ അനന്തപുരം ഡയറീസ് എന്ന ചിത്രം തന്നെ സംബന്ധിച്ചിടത്തോളം ഇൻസ്‌പിരേഷണലാണ്.
സിനിമയിലെ കഥാസന്ദർഭങ്ങളുമായി സാമ്യത തോന്നുന്ന ധാരാളം അനുഭവങ്ങൾ തന്‍റെ ജീവിതത്തിൽ നേരിട്ട് കാണാനിടയായിട്ടുണ്ട്. ഒരു വക്കിൽ കഥാപാത്രമായി കരിയറിൽ ഉടനീളം ഇതുവരെ വേഷമിട്ടിട്ടില്ല. അതോടൊപ്പം ഈ പ്രായത്തിൽ ഒരു കോളേജ് സ്റ്റുഡന്റിന്‍റെ വേഷവും. ജീവിതത്തിൽ എനിക്ക് കോളേജിൽ പഠിക്കാൻ ഭാഗ്യം ലഭിച്ചിട്ടില്ല. സ്‌കൂൾ കാലം തന്നെ അപൂർണ്ണമായിരുന്നുവെന്നും മീന കൂട്ടിചേർത്തു.
മലയാളത്തിലെ പ്രശസ്‌ത സംഗീത സംവിധായകൻ ഷാൻ റഹ്‌മാന്‍റെ സംഗീതം പോലെയാണ് മീന സംസാരിക്കുന്നത് കേൾക്കാൻ എന്ന് പറഞ്ഞാണ് ശ്രീകാന്ത് സംസാരിച്ചു തുടങ്ങിയത്. സിനിമയിൽ 40 വർഷം പൂർത്തിയാക്കിയ മീനയ്ക്ക് തന്‍റെ അഭിനന്ദനങ്ങൾ ശ്രീകാന്ത് അറിയിച്ചു. ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ച നിധിയാണ് മീന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൊക്കേഷനിൽ ഒരുമിച്ച് വർക്ക് ചെയ്യുമ്പോൾ സീനിയർ എന്ന് തമാശ രൂപയാണ് താൻ മീനയെ വിളിച്ചിരുന്നത്. ഈ പ്രായത്തിൽ ഒരു കോളേജ് സബ്‌ജക്റ്റിന്‍റെ ഭാഗമാകാൻ ക്ഷണിച്ചതിന് സംവിധായകനോട് ശ്രീകാന്ത് നന്ദി പറഞ്ഞു. വിദ്യാർത്ഥിയായി അഭിനയിക്കുന്നതിന് പകരം അധ്യാപകനായി അഭിനയിക്കാനാണ് ചിത്രത്തിലെ ക്ഷണം എന്നറിഞ്ഞപ്പോൾ ഒരല്‌പം നിരാശ തോന്നി. ഹാസ്യാത്മകമായ ശ്രീകാന്തിന്‍റെ വാക്കുകൾ.
ഒരു സാധാരണക്കാരന് സമൂഹത്തോടുള്ള പ്രതിബദ്ധത എന്താണെന്ന് ചർച്ചചെയ്യുകയാണ് ആനന്ദപുരം ഡയറീസ്. ഒരു ക്യാമ്പസ് ചിത്രത്തിൽ ഉപരി മികച്ച ആശയം പ്രേക്ഷകരോട് സംവദിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ആഴമേറിയ ഒരു ആശയം തിരക്കഥ എഴുതി നിർമ്മിക്കാൻ കാണിച്ച ധൈര്യത്തിന് നിർമാതാവ് ശശി ഗോപാലൻ നായരെ ശ്രീകാന്ത് അഭിനന്ദിച്ചു. സിനിമയുടെ ചിത്രീകരണ സമയം തന്നെ സംബന്ധിച്ചിടത്തോളം ഒരു പിക്‌നിക് പോലെയാണ് അനുഭവപ്പെട്ടത്. ഒരു കൊമേഴ്‌സൽ സിനിമയുടെ അലിഖിത നിയമങ്ങൾ ഒക്കെ കാറ്റിൽ പറത്തിയാണ് ആനന്ദപുരം ഡയറീസ് ഫോർമുല.