എറണാകുളം: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനുവാദമില്ലാതെ തുറന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഉപഹർജി ഹൈക്കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്‌ജിയുടെ വസ്‌തുത അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഐ.ജി റാങ്കിലെ ഉദ്യോഗസ്ഥനെ കൊണ്ട് വീണ്ടും അന്വേഷണം നടത്തണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം.
ഉപഹർജി നിയമപരമായി നില നിൽക്കുന്നതല്ലെന്നും പരാതിക്കാരിക്ക് നിയമപരമായ മറ്റു മാർഗങ്ങൾ തേടാമെന്നും മുൻപ് തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചെന്ന അതിജീവിതയുടെ ഹർജിയിൽ, ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി നേരത്തെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്.
എന്നാല്‍ ഈ റിപ്പോർട്ട്, കുറ്റാരോപിതരെ സംരക്ഷിക്കുന്ന തരത്തിലാണെന്നും, മെമ്മറി കാർഡ് പരിശോധിച്ച ഫോണ്‍ ഉൾപ്പെടെയുള്ള തെളിവുകൾ കസ്‌റ്റഡിയില്‍ എടുത്തില്ലെന്നുമായിരുന്നു ഉപഹർജിയിൽ അതിജീവിതയുടെ ആക്ഷേപം. കൂടാതെ തന്‍റെ ഭാഗം കൂടി കേൾക്കണമെന്ന നിർദേശം ലംഘിക്കപ്പെട്ടതായും ഹർജിക്കാരി ഉന്നയിച്ചിരുന്നു.
2018 ജനുവരി 9ന് അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, 2018 ഡിസംബർ 13ന് ജില്ലാ കോടതിയിലെ ബഞ്ച് ക്ലർക്ക് മഹേഷ്, 2021 ജൂലൈ 19ന് വിചാരണ കോടതി ശിരസ്‌താദർ താജുദീൻ എന്നിവർ കേസിലെ മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചെന്നായിരുന്നു റിപ്പോർട്ട്. ഹൈക്കോടതി നിർദേശ പ്രകാരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗ്ഗീസാണ് വസ്‌തുതാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
Also Read: ബലാത്സംഗ കേസ്: നടൻ സിദ്ദിഖിനെ ചോദ്യം ചെയ്‌ത് വിട്ടയച്ചു - Siddique was Questioned