ബലാത്സംഗ കേസില്‍ നടൻ സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് സിദ്ദിഖിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പരാതി നൽകാനുള്ള കാലതാമസം കുറ്റമായി കണക്കാക്കാനാവില്ലെന്നും, ഇരയെ വ്യക്തിഹത്യ നടത്താൻ ആവില്ലെന്നും കോടതി പറഞ്ഞു.
അതേസമയം തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണം എന്നുമായിരുന്നു സിദ്ദിഖിന്‍റെ ആവശ്യം. വർഷങ്ങൾക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല, അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെയുള്ളത്, തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിയ്ക്ക് പിന്നിലെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്നും സിദ്ദിഖ് മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു.
യുവ നടിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. 2016ൽ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി സിദ്ദിഖ് പൂട്ടിയിട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു നടിയുടെ പരാതി. ഒരു സിനിമയുടെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ ശേഷമായിരുന്നു ഹോട്ടലിൽ വിളിച്ചു വരുത്തിയുള്ള അതിക്രമം.
അതേസമയം തെളിവെടുപ്പിന്‍റെ ഭാഗമായി മസ്‌കറ്റ് ഹോട്ടലിൽ പൊലീസ് അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. കൂടാതെ സിദ്ദിഖിനെതിരായ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും കണ്ടെത്തിയിരുന്നു.