എറണാകുളം : 2016-ൽ പുറത്തിറങ്ങിയ പൃഥിരാജ് ചിത്രം ഡാർവിന്‍റെ പരിണാമത്തിലൂടെ മലയാളിക്ക് ലഭിച്ച അഭിനേത്രിയാണ് ഹന്ന റെജി കോശി. പിന്നീട് ബിജുമേനോന്‍റെ രക്ഷാധികാരി ബൈജു, കൂമൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്‌ച വച്ച് തന്‍റേതായ സ്ഥാനം ഇൻഡസ്ട്രിയിൽ ഉറപ്പിക്കുകയും ചെയ്‌തു.
ഇന്നലെ തിയേറ്ററിലെത്തിയ ഡിഎൻഎ എന്ന ചിത്രത്തിലെ പ്രമോഷൻ വേളയില്‍ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ഹന്നയ്ക്ക് നേരിടേണ്ടിവന്നത് മൂർച്ചയുള്ള ചോദ്യശരങ്ങളാണ്. അതിനിടയിലെ ഏറ്റവും രസകരമായ ചോദ്യമായിരുന്നു താരത്തിന് പ്രണയമുണ്ടോ എന്നത്.
ആദ്യമൊക്കെ തമാശ രൂപേണ ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെങ്കിലും പ്രണയമുണ്ടെന്ന് ഹന്നയ്‌ക്ക് തുറന്നു സമ്മതിക്കേണ്ടി വന്നു. ആരാണ് അയാൾ എന്തു ചെയ്യുന്നു എന്നുള്ള ചോദ്യങ്ങൾക്ക് നാസയിലെ ശാസ്‌ത്രജ്ഞൻ ആണെന്നുള്ള തമാശ നിറഞ്ഞ മറുപടിയാണ് ഹന്ന നൽകിയത്. പ്രണയമുണ്ടെന്ന് സമ്മതിച്ചെങ്കിലും ഈ വാക്കുകളിലൂടെ സെന്‍സേഷണല്‍ തമ്പ്‌നൈലുകള്‍ സൃഷ്‌ടിക്കുന്ന യൂട്യൂബ് ചാനലുകളെ നടി ട്രോളിയതാവാനും സാധ്യതയുണ്ട്.
നിങ്ങള്‍ക്ക് തമ്പ്‌നൈല്‍ വയ്‌ക്കാനാണിതെന്ന് പറഞ്ഞുകൊണ്ടാണ് നടി ഇക്കാര്യം പങ്കുവച്ചത്. കല്യാണം മറ്റു വിശദാംശങ്ങൾ ഒന്നും തന്നെ പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ല. എന്തായാലും പ്രണയമുണ്ട് അത്രതന്നെ എന്നും താരം വ്യക്തമാക്കി.
സിനിമകളുടെ പ്രമോഷൻ ഇന്‍റർവ്യൂകൾക്കിടയിൽ താരം റോക്ക് ആൻഡ് റോൾ എന്ന ചിത്രത്തിലെ ചന്ദമാമ എന്ന ഗാനം പാടിയത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആഗാനം പാടാൻ ആവശ്യപ്പെട്ടപ്പോൾ അതിനി പാടിയാൽ ട്രോൾ ആകും എന്നും പകരം മറ്റൊരു തമിഴ് ഗാനം ട്രൈ ചെയ്യാമെന്ന രീതിയിൽ രണ്ടുവരി പാടുകയും ചെയ്‌തു.
കരിയറിൽ ഏറ്റവും വലിയ കോമ്പറ്റീട്ടറായി കാണുന്നത് തന്നെ തന്നെയാണ് എന്നാണ് താരത്തിന്‍റെ അഭിപ്രായം. മറ്റുള്ളവരോട് മത്സരിക്കാൻ ഞാനില്ല. എന്‍റെ മുൻകഥാപാത്രങ്ങളെക്കാൾ മികച്ചതാക്കാനാണ് അടുത്ത സിനിമകളിൽ ശ്രദ്ധിക്കാറെന്നും ഹന്ന റെജി കോശി പ്രതികരിച്ചു.