പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തി തിയേറ്ററുകളിൽ മിന്നും പ്രകടനം കാഴ്‌ചവച്ച ചിത്രം 'ഗുരുവായൂരമ്പല നടയിൽ' ഒടിടിയിലേക്ക്. വിപിൻ ദാസ് സംവിധാനം ചെയ്‌ത ഈ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുന്നത്. ജൂൺ 27 മുതൽ 'ഗുരുവായൂരമ്പല നടയിൽ' സ്‌ട്രീമിങ് ആരംഭിക്കും.
ഏറെ പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങിയ 'ജയ ജയ ജയ ജയ ഹേ'യ്‌ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്‌ത സിനിമയാണ് 'ഗുരുവായൂരമ്പല നടയിൽ'. മെയ് 16ന് ആയിരുന്നു ഈ ചിത്രം തിയേറ്ററുകളിലെത്തിയത്. ബോക്‌സ് ഓഫിസിൽ തകർപ്പൻ പ്രകടനം കാഴ്‌ചവയ്‌ക്കാൻ സിനിമയ്‌ക്കായി. ഇപ്പോഴും ചില തിയേറ്ററുകളിൽ ഈ സിനിമ പ്രദർശനം തുടരുന്നുണ്ട്.
അനശ്വര രാജൻ, നിഖില വിമൽ എന്നിവരാണ് ഈ ഫാമിലി എന്‍റർടെയിനർ സിനിമയിലെ നായികമാർ. തമിഴ് ഹാസ്യതാരം യോഗി ബാബുവും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ഇദ്ദേഹം മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരുന്നു. ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്‌വാന്‍, കുഞ്ഞികൃഷ്‌ണന്‍ മാസ്റ്റര്‍, മനോജ് കെയു, ബൈജു തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ചേർന്ന് നിർമിച്ച 'ഗുരുവായൂരമ്പല നടയിൽ' പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്‍റർടെയിൻമെൻസും ചേർന്നാണ് പ്രേക്ഷകരിലേക്കെത്തിച്ചത്. ഇപ്പോഴിത ചിത്രം ഒടിടിയിൽ എത്തുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ആരാധകർ ഏറെ ആവേശത്തിലാണ്.