വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' അഥവാ 'ദി ഗോട്ട്'. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ എന്‍റർടൈയിനർ ചിത്രത്തിൽ ഡബിൾ റോളിലാണ് ദളപതി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വിജയ്‌യുടെ 50-ാം പിറന്നാളിനോട് അനുബന്ധിച്ചാണ് ഗാനം പുറത്തുവിട്ടത്. നേരത്തെ താരത്തിന് ആശംസകൾ നേർന്നുകൊണ്ട് 'ദി ഗോട്ട് ബർത്ത് ഡേ ഷോട്ട്‌സ്' എന്ന പേരിൽ തകർപ്പൻ ഗ്ലിംപ്‌സ് വീഡിയോ അണിയറക്കാർ റിലീസ് ചെയ്‌തിരുന്നു. ദളപതിയുടെ പിറന്നാൾ ദിനത്തിൽ ഇരട്ടി മധുരമായി പുതിയ ഗാനവും എത്തിയതോടെ ആരാധകർ ആഘോഷത്തിമിർപ്പിലാണ്.
'ചിന്ന ചിന്ന കൺകൾ' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് 'ഗോട്ടി'ലെ രണ്ടാമത്തെ സിംഗിളായി പുറത്തുവന്നത്. വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. തീർന്നില്ല, അന്തരിച്ച പ്രശസ്‌ത പിന്നണി ഗായികയും ഇതിഹാസ സംഗീതജ്ഞൻ ഇളയരാജയുടെ മകളുമായ ഭവതാരിണിയുടെ ശബ്‌ദവും ഈ ഗാനത്തിലുണ്ട്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അന്തരിച്ച ഗായികയുടെ ശബ്‌ദം പുനഃസൃഷ്‌ടിച്ചത്.
ഈ വർഷം ജനുവരിയിലായിരുന്നു ഭവതാരിണിയുടെ വിയോഗം. അർബുദത്തെ തുടർന്നുള്ള ചികിത്സയ്‌ക്കിടെയായിരുന്നു മരണം. ഏതായാലും ഭവതാരിണിക്ക് ആദരാഞ്ജലിയായി മാറിയിരിക്കുകയാണ് സഹോദരൻ കൂടിയായ യുവൻ ശങ്കർ രാജ ഈണമിട്ട ഈ ഗാനം. 1997ൽ പുറത്തിറങ്ങിയ 'കാതലുക്ക് മര്യാദൈ' എന്ന സിനിമയിൽ ഭവതാരിണി വിജയ്‌ക്കൊപ്പം മുമ്പ് പ്രവർത്തിച്ചിരുന്നു. ഇളയരാജ ആയിരുന്നു ഈ ഗാനത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചത്.
അതേസമയം വെങ്കട്ട് പ്രഭു രചനയും സംവിധാനവും നിർവഹിച്ച' ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' സെപ്‌റ്റംബർ 5ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രഭുദേവ, മീനാക്ഷി ചൗധരി, പ്രശാന്ത്, ലൈല, മോഹൻ, ജയറാം, അജ്‌മൽ, സ്‌നേഹ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവൻ ശങ്കർ രാജയുടെ സംഗീതം ചിത്രത്തിന്‍റെ ഒരു പ്രധാന ഹൈലൈറ്റ് ആയിരിക്കുമെന്നാണ് പ്രതീക്ഷ.
ഹോളിവുഡ് ചിത്രമായ 'ജെമിനി മാനി'ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗോട്ട് ഒരുക്കിയിരിക്കുന്നതെന്ന തരത്തിൽ ചില ഊഹാപോഹങ്ങൾ സമൂഹ മാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ നിർമാതാക്കൾ ഇത്തരം വാർത്തകളോട് പ്രതികരിച്ചിട്ടില്ല. എന്നാലും ചിത്രത്തിൻ്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
ALSO READ: നരകവും സ്വർഗവും തമ്മിലുള്ള യുദ്ധമോ 'കൽക്കി 2898 എഡി' ?, സംവിധായകൻ കഥ പുറത്തുവിട്ടോ?