ഓഗസ്റ്റ് നാല് ലോക സൗഹൃദ ദിനം. മലയാള സിനിമയിലെ ചില സൗഹൃദ കഥാപാത്രങ്ങളിലൂടെയും മനോഹരമായ ചില സൗഹൃദ നിമിഷങ്ങളിലൂടെയും കടന്നുപോകാം...
ഒരുകാലത്ത് സിനിമയുടെ ഫോർമുല തന്നെ നായകന്‍റെ നിഴലായ ഉറ്റ ചങ്ങാതിയെ കേന്ദ്രീകരിച്ചായിരുന്നു. തമിഴ് സിനിമയിലും തെലുഗു സിനിമയിലും സുഹൃത്ത് കഥാപാത്രങ്ങൾ ഫോർമുല പ്രകാരം നായകനെ സപ്പോർട്ട് ചെയ്യാനുള്ള ഒരു ഘടകം മാത്രമായപ്പോൾ മലയാള സിനിമയില്‍ പ്രകടനം കൊണ്ട് നായകനും മുകളിൽ പോയ പല സുഹൃത്ത് കഥാപാത്രങ്ങൾ ഉണ്ടായി. ദാസനെയും വിജയനെയും എടുത്താലും ഗോഡ് ഫാദറിലെ മായംകുട്ടിയെ ശ്രദ്ധിച്ചാലും പറക്കും തളികയിലെ സുന്ദരൻ ആയാലും നായകന് മുകളിൽ സ്കോർ ചെയ്‌തവരാണ്. സിനിമയിലെ മൂന്ന് തരത്തിലുള്ള ചങ്ങാതിമാരെക്കുറിച്ച് നോക്കാം...
സിനിമയിൽ ചങ്കുകൾ... ജീവിതത്തിലോ?
മലയാള സിനിമ കണ്ട ഏറ്റവും മികച്ച ക്ലാസിക് ഫ്രണ്ട്ഷിപ്പ് ആണ് ദാസന്‍റെയും വിജയന്‍റെയും. ഏതു പ്രതിസന്ധിയിലും പരസ്‌പരം പിണങ്ങിപ്പിരിയാതെ ഉയരങ്ങൾ കീഴടക്കിയ രണ്ട് സുഹൃത്തുക്കൾ. ബികോം ഫസ്റ്റ് ക്ലാസ് ആയ രാംദാസ് വെറും പ്രീ-ഡിഗ്രിക്കാരനായ വിജയനെ തരം കിട്ടുമ്പോഴൊക്കെ കളിയാക്കിയിരുന്നു. മാത്രമല്ല 'മുഖ സൗന്ദര്യ'ത്തിന്‍റെ പേരിലും ദാസൻ വിജയനെ പലപ്പോഴും ഇടിച്ചു താഴ്ത്തി. പക്ഷേ രാംദാസിനെ ഒരു മണ്ടനായാണ് വിജയൻ കണക്കാക്കിയിരുന്നത്. അതുകൊണ്ടുതന്നെ പരസ്‌പരമുള്ള കളിയാക്കലുകൾ അവിടെ പറഞ്ഞ് തീരും.
വിജയന്‍റെ പല മണ്ടത്തരങ്ങളിലും ദാസൻ കൂട്ടാളി ആയിരുന്നു. കറവപ്പശുവിനെ വാങ്ങിയതും പാലിൽ വെള്ളം ചേർത്തതും അടക്കം പല അബദ്ധങ്ങൾ സംഭവിച്ചിട്ടും ഇരുവരും പരസ്‌പരം പഴിചാരിയില്ല. പൊലീസ് ഡിപ്പാർട്ട്മെന്‍റിലെ അഭിവാജ്യ ഘടകമായപ്പോഴും കോൺസ്റ്റബിളെന്ന് പരസ്യമായി വിളിച്ച് ദാസൻ വിജയനെ കളിയാക്കി. അമേരിക്കയിൽ പോകാൻ അവസരം ദാസന് ലഭിച്ചപ്പോൾ അയാൾ വിജയനെ തരം പോലെ ഒഴിവാക്കാനും ശ്രമിച്ചു. പക്ഷേ മീനവിയലുണ്ടാക്കി കൊടുത്തും ദാസന്‍റെ ആട്ടും തൊഴിയും സഹിച്ചും ദാസനൊപ്പം വിജയനും അമേരിക്കയിൽ എത്തി.
വളരെ വിഭിന്നമായ ഒരു സൗഹൃദം മലയാള സിനിമയ്ക്ക് ദാസനും വിജയനും സമ്മാനിച്ചെങ്കിലും കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹൻലാലും ശ്രീനിവാസനും ജീവിതത്തിലും സുഹൃത്തുക്കളാണെന്ന് ഉറപ്പിച്ച് പറയാൻ ആകില്ല. മോഹൻലാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമകൾ പിറവിയെടുത്തത് ശ്രീനിവാസന്‍റെ തിരക്കഥയിൽ ആണെങ്കിലും തരം കിട്ടുമ്പോഴൊക്കെ ശ്രീനിവാസൻ മോഹൻലാലിനെ വിമർശിക്കാൻ ശ്രമിച്ചിട്ടുണ്ട്. പല വിമർശനങ്ങളും അതിരുകടക്കുന്നതുമായിരുന്നു.
എന്നാൽ ശ്രീനിവാസന്‍റെ അഭിപ്രായ പ്രകടനങ്ങളോട് മോഹൻലാൽ ഒരിക്കലും പ്രതികരിച്ചിട്ടില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് മാത്രമാണ് മോഹൻലാൽ തുറന്നു പറഞ്ഞിട്ടുള്ളത്. ഒരു സ്വകാര്യ ചാനലിന്‍റെ പരിപാടിക്കിടെ മോഹൻലാൽ ശ്രീനിവാസനെ ചുംബിച്ചത് അയാളുടെ അഭിനയമാണെന്നാണ് ശ്രീനിവാസൻ പിന്നീട് തുറന്നു പറഞ്ഞ്.
ഉയിർ നൻബൻ
മേട്ടുകുളത്തുനിന്ന് ബൈസൺവാലിയിലേക്ക് പോകാൻ രണ്ടു വഴികൾ. ഇടത്തേക്കും പോകാം വലത്തേക്കും പോകാം. ഇടത്തുകൂടി പോയാൽ റോഡ് നല്ലതാണ്. എങ്കിലും എന്തോ കാരണത്താൽ രവിശങ്കർ തന്‍റെ കാർ വലത്തേക്ക് തിരിച്ചു. ഒരു ഏപ്രിൽ മാസം രാത്രി. ഏതോ ലോറി ഇടിച്ച് ചോരയിൽ വാർന്നു കിടന്ന ഡെന്നിസിനെ രവി ശങ്കർ കാണുന്നത് അപ്പോഴാണ്. രക്ഷപ്പെടുത്താനായി രവിശങ്കർ ഡെന്നിസിനെ തന്‍റെ ഇരു കൈകളും ഉപയോഗിച്ച് കോരിയെടുത്തപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. താങ്ക്യൂ സാർ താങ്ക്യൂ....
അങ്ങനെയാണ് ഡെന്നിസും രവി ശങ്കറും ആത്മാർഥ സുഹൃത്തുക്കളാവുന്നത്. ഒരുപക്ഷേ ഒരു വ്യക്തിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല സുഹൃദ്ബന്ധത്തിന്‍റെ മാതൃകയാണ് ഡെന്നിസ്. ആശുപത്രിയിൽ എത്തിച്ച ടെന്നീസിന് രണ്ടു കുപ്പി ബ്ലഡ് രവി ശങ്കർ നൽകിയ കഥ പറഞ്ഞ് അയാൾ ഡെന്നിസനെ പലപ്പോഴും ബ്ലാക്ക് മെയിൽ ചെയ്യാറുണ്ട്.
ഓരോ പ്രശ്‌നങ്ങൾ ഉണ്ടാവുമ്പോഴും, നൽകിയ രക്തത്തിന്‍റെ അളവ് കൂടിക്കൊണ്ടിരിക്കും. ഡെന്നിസിന്‍റെ ഫാം രവി ശങ്കറിന്‍റേതാണെന്ന് കൂടി ബോധിപ്പിച്ചാണ് കസിൻസിനെയും മുത്തച്ഛനെയും മുത്തശ്ശിയെയും രവി ശങ്കര്‍ അങ്ങോട്ടേക്ക് ക്ഷണിക്കുന്നത്. എത്തിച്ചേർന്ന അഞ്ച് കസിൻ സുന്ദരികളിൽ നിന്ന് രവി ശങ്കറിന്‍റെ കാമുകിയെ കണ്ടെത്താൻ ഡെന്നിസും ഒപ്പം ചേരുന്നു.
രവിശങ്കറിന്‍റെ പല മണ്ടത്തരങ്ങൾക്കും പലപ്പോഴും ബലിയാടാകുന്നത് ഡെന്നിസാണ്. സമ്മർ ഇൻ ബത്ലഹേം എന്ന ചിത്രത്തിൽ സുരേഷ് ഗോപിയും ജയറാമും ആണ് ഈ കഥാപാത്രങ്ങളെ കൈകാര്യം ചെയ്‌തത്. സിനിമയിലെ നല്ല സൗഹൃദം ജീവിതത്തിലും ഇരുവരും കാത്തുസൂക്ഷിക്കുന്നുണ്ട്.
അതിനൊരു ഉദാഹരണം ഉണ്ട്. 'അല വൈകുണ്‌ഠപുരം ലോ' എന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ് കുറച്ചു നാളുകൾക്ക് മുമ്പ് സുരേഷ് ഗോപി സ്വന്തം ശബ്‌ദത്തിൽ പാടി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയുണ്ടായി. സുരേഷ് ഗോപിയുടെ തെലുഗു ഉച്ചാരണത്തെ കളിയാക്കി ഗാനത്തിന് വലിയ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. ട്രോളുകളുടെ ഉച്ചസ്ഥായിയിൽ സുരേഷ് ഗോപിയെ അനുകരിച്ചുകൊണ്ട് ഒരു വീഡിയോ ജയറാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തു.
എല്ലാവരും കരുതിയത് ജയറാം സുരേഷ് ഗോപിയെ കളിയാക്കാനായി ചെയ്‌തു എന്ന തരത്തിലാണ്. പക്ഷേ സുരേഷ് ഗോപിയോട് അനുവാദം വാങ്ങിയാണ് ജയറാം അത്തരമൊരു പ്രവർത്തിക്ക് മുതിർന്നത്. നിനക്കത് ചെയ്യാനുള്ള അധികാരം ഉണ്ട്, ചെയ്യണമെന്നാണ് സുരേഷ് ഗോപി അനുവാദം ചോദിച്ച സമയത്ത് ജയറാമിനോട് മറുപടി പറഞ്ഞത്. ഇരുവരും ക്യാമറയ്ക്ക് പുറത്ത് നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്.
ലാലുവിന്‍റെ എല്ലാ തോന്നിവാസത്തിനും കുരുടിയും ഒപ്പം ഉണ്ട്. മണൽ കടത്താനും പൊലീസിനെ തല്ലാനും, വണ്ടി സിസി പിടിക്കാനും ലാലുവിന്‍റെ വലംകൈ കുരുടി തന്നെ. ലാലുവിന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട് തന്‍റെ വീട് കുരുടിയുടേതാണെന്നും തന്‍റെ അമ്മ കുരുടിയുടെ അമ്മയാണെന്നും. അത്രയും സ്വാതന്ത്ര്യമായിരുന്നു ലാലുവിന്‍റെ വീട്ടിൽ കുരുടിക്കുള്ളത്. തന്‍റെ വളർച്ചയിൽ ഒപ്പം നിന്ന് സുഹൃത്ത് അയാൾക്ക് നഷ്‌ടപ്പെടുന്നതും ലാലുവിന്‍റെ അശ്രദ്ധ ഒന്നുകൊണ്ട് മാത്രമാണ്. ശത്രുക്കളുടെ നോട്ടപ്പുള്ളികൾ ആയിരുന്നെങ്കിലും തന്‍റെ കാമുകിയുമായുള്ള ഒറ്റക്കുള്ള നിമിഷങ്ങൾക്ക് വേണ്ടി ലാലു കുരുടിയെ കാറിൽ നിന്ന് ഇറക്കി വിടുകയായിരുന്നു.
ശത്രുക്കളുടെ പെട്ടെന്നുള്ള ആക്രമണത്തിൽ മുന്നോട്ട് നീങ്ങിയ കാറിൽ നിന്നും ലാലുവിന് കുരുടിയെ രക്ഷിക്കാനായി പെട്ടെന്ന് പിന്നിലേക്ക് എത്താൻ സാധിച്ചില്ല. ദുൽഖർ സൽമാനും സണ്ണി വെയ്‌നും ആദ്യമായി മലയാള സിനിമയിൽ കാലെടുത്തുവച്ച സെക്കൻഡ് ഷോയിലെ കഥാപാത്രങ്ങൾ ആണ് ലാലുവും കുരുടിയും.
സിനിമയിലെ ഉയിർ നൻബൻസ് ജീവിതത്തിലും അതുപോലെ തന്നെ. ദുൽഖറും സണ്ണിയും മലയാള സിനിമയിൽ ഒരുമിച്ചു കടന്നുവന്നെങ്കിലും ദുൽഖർ തന്‍റെ കരിയറിൽ വളരെ ഉയരങ്ങളിലേക്ക് പോയി. പക്ഷേ ഉറ്റ ചങ്ങാതിമായുള്ള സൗഹൃദത്തിന് ഇപ്പോഴും കുറവുണ്ടായിട്ടില്ല.
ഇരുവരും അവരവരുടെ സിനിമകളുമായി തിരക്കാവുമ്പോഴും പരസ്‌പരം കാണണം എന്ന് തോന്നിയാൽ കോൺടാക്‌ട് ചെയ്യും. പലപ്പോഴും സണ്ണി ദുൽഖറിന്‍റെ ലൊക്കേഷനിലെത്തി കാണും. ചിലപ്പോഴൊക്കെ, മിസ് ചെയ്യുന്ന സമയത്ത് ദുൽഖറിനെ സ്വപ്‌നം കാണാറുണ്ടെന്നും അത് ദുൽഖറിനെ വിളിച്ചു പറയുമ്പോൾ എത്ര തിരക്കുണ്ടെങ്കിലും നേരിൽ കാണാൻ സമയം കണ്ടെത്തുമെന്നും മുൻപൊരിക്കൽ സണ്ണി വെയിൻ തുറന്നു പറഞ്ഞിട്ടുണ്ട്.
ഉടായിപ്പ് ചങ്ക്
ഉടായിപ്പ് ചങ്ക് എന്ന് കേട്ടാൽ ആദ്യം ഓർമ്മ വരുന്ന പേര് വെട്ടിക്കാട്ടിൽ സദാശിവന്‍റേതാണ്. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന് അമിതാഭ് ബച്ചൻ ഏതോ ഒരു ഹിന്ദി സിനിമയിൽ പാടിയിട്ടുണ്ടെന്നാണ് വെട്ടിക്കാട്ടിൽ സദാശിവൻ സൗഹൃദത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പറഞ്ഞു തുടങ്ങുക. അമിതാഭ് ബച്ചന് എന്തുവേണമെങ്കിലും പാടാം പക്ഷേ വെട്ടിക്കാട്ടിൽ സദാശിവനെ പോലെ ഒരു തല്ലിപ്പൊളി സുഹൃത്ത് അയാൾക്കില്ല എന്നാണ് പ്രിൻസിന്‍റെ മറുപടി. കോഴിവസന്ത വന്ന് ചത്ത കോഴികളെ ഗോൾഡ് സ്റ്റോറേജ് വഴി വിറ്റ കുറ്റത്തിന് വെട്ടിക്കാട്ടിൽ സദാശിവൻ ജയിലിൽ ആയപ്പോൾ കൂട്ടുകാരും തന്‍റെ ഒപ്പം ജയിലിലേക്ക് വന്നില്ല എന്നതായിരുന്നു വെട്ടിക്കാട്ടിൽ സദാശിവന്‍റെ പരാതി.
32 തവണ ജയിലിൽ ആയപ്പോഴും പിഴ കെട്ടിവച്ച് സദാശിവനെ പുറത്തിറക്കിയത് പ്രിൻസ് ആണ്. സദാശിവൻ ഒപ്പിക്കുന്ന എല്ലാ ഉടായിപ്പിനും പ്രിൻസിന്‍റെ സപ്പോർട്ട് ഉണ്ടാകും. നിസാര കാര്യങ്ങൾക്ക് പ്രിൻസുമായി വഴക്കിട്ട് പോവുക സദാശിവന്‍റെ സ്ഥിരം സ്വഭാവമാണ്. പക്ഷേ മണിക്കൂറുകൾക്കകം പുതിയ ഉടായിപ്പും കണ്ടുപിടിച് സദാശിവൻ പ്രിൻസിനെ തേടിയെത്തും. ഇടം വലം നോക്കാതെ പ്രിൻസ് ആ കാര്യത്തിൽ ഇടപെടുകയും പ്രിൻസും കൂടി കുഴപ്പത്തിൽ ആവുകയും ചെയ്യും.
പ്രിൻസിന്‍റെ വീട്ടുകാർക്ക് ഒന്നും സദാശിവനെ ഇഷ്‌ടമേയല്ല. അയാളുടെ ഒപ്പം നടക്കരുത് എന്നും അയാളെ വീട്ടിൽ കയറ്റരുത് എന്നും പ്രിൻസിന്‍റെ ബന്ധുക്കൾ അയാളെ ഉപദേശിക്കാറുണ്ട്. പാരമ്പര്യമായി, ആത്മഹത്യ പ്രവണതയുള്ള കുടുംബക്കാരിൽ ഒരാളായ പവിയുടെ കാമുകിയായ അഞ്ജുവിനെ തട്ടിക്കൊണ്ടുവരാൻ സദാശിവന്‍റെ വാക്കും കേട്ട് പ്രിൻസ് ഇറങ്ങിത്തിരിക്കുന്നു. തട്ടിക്കൊണ്ടുവരുന്ന പെൺകുട്ടി മാറിപ്പോവുകയും പവിയും സദാശിവനും മുങ്ങുകയും ചെയ്യുന്നു. ഈ പ്രശ്‌നം സോൾവ് ചെയ്യേണ്ട ചുമതല പ്രിൻസിൽ മാത്രം നിക്ഷിപ്‌തമാകുന്നു.
ബട്ടർഫ്ലൈസ് എന്ന ചിത്രത്തിൽ മോഹൻലാലും ജഗദീഷും അവതരിപ്പിച്ച കഥാപാത്രങ്ങളാണ് മേൽപ്പറഞ്ഞവ. സിനിമയിലും ജീവിതത്തിലും ഉറ്റ ചങ്ങാതിമാരാണ് ഇരുവരും. മോഹൻലാൽ സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ ജഗദീഷുമായുള്ള സൗഹൃദം ദൃഢമായിരുന്നു.
പറക്കും തളികയിലെ ഉണ്ണിയും സുന്ദരനും കോശിയും, ഹലോ സിനിമയിലെ ശിവരാമന്‍റെ സുഹൃത്തായ ചാണ്ടിയും അനുരാഗ കൊട്ടാരത്തിലെ ചാൾസും, ശോഭരാജും, മൂസയും തൊരപ്പൻ കൊച്ചുണ്ണിയും മലയാളികളെ ചിരിപ്പിച്ചവരും ചിന്തിപ്പിച്ചവരും ആണ്. എല്ലാത്തിലുമുപരി സൗഹൃദം തന്നെ സിനിമയായി. ഗുണ കേവിലെ സാത്താൻ കുഴിയിലേക്ക് വീണുപോയ സുമേഷിനെ കോരിയെടുത്ത കുട്ടേട്ടനെ പോലൊരു സുഹൃത്തിനെ ആരാണ് ആഗ്രഹിക്കാത്തത്.
സ്വന്തം ജീവൻ പണയപ്പെടുത്തി പോലും സുമേഷിന് വേണ്ടി പ്രതിസന്ധികളെ തരണം ചെയ്‌ത ഒരു കൂട്ടം ചെറുപ്പക്കാരായ സുഹൃത്തുക്കൾ ജീവിതത്തിലും തിരശ്ശീലയിലും യഥാർഥ ഹീറോകളാണ്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇറങ്ങിയ ഏറ്റവും മികച്ച സൗഹൃദ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം മഞ്ഞുമ്മൽ ബോയ്‌സ് തന്നെ എന്ന് പറഞ്ഞാലും തെറ്റില്ല.