മഞ്ജു വാര്യർക്കെതിരെ നടി ശീതൾ തമ്പിയുടെ വക്കീൽ നോട്ടീസ്. ഇന്ന് റിലീസ് ചെയ്യുന്ന മഞ്ജു വാര്യർ ചിത്രം 'ഫൂട്ടേജി'ന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മതിയായ സുരക്ഷ ഒരുക്കിയില്ല എന്ന കാരണത്താലാണ് മഞ്ജു വാര്യർക്കെതിരെ ശീതൾ തമ്പിയുടെ വക്കീൽ നോട്ടീസ്. മഞ്ജു വാര്യർ നിർമ്മിച്ച 'ഫൂട്ടേജി'ലെ അഭിനേത്രിയാണ് ശീതൾ തമ്പി.
അഞ്ചു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ടാണ് ശീതല്‍ തമ്പി വക്കിൽ നോട്ടീസ് അയച്ചിരിക്കുന്നത്. സഹ നിർമ്മാതാവ് ബിനീഷ് ചന്ദ്രനെയും എതിർ കക്ഷികളാക്കിയാണ് നോട്ടീസ് അയച്ചത്.
അപകടകരമായ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ മതിയായ സുരക്ഷാ മാനദണ്ഡം സ്വീകരിച്ചില്ല, ചിത്രീകരണത്തിനിടയിൽ പരിക്കേറ്റപ്പോൾ ആശുപത്രിയിൽ പോകാൻ ആംബുലൻസ് സൗകര്യം ഒരുക്കിയില്ല, കാരവാൻ സൗകര്യം നൽകിയില്ല എന്നീ പരാതികള്‍ ഉന്നയിച്ചാണ് ശീതൾ തമ്പിയുടെ വക്കീല്‍ നോട്ടീസ്.
'ഫൂട്ടേജി'ല്‍ മെഡിക്കൽ ഓഫീസറുടെ വേഷം ചെയ്‌ത തന്നെ അപകടകരമായ രംഗം മതിയായ സുരക്ഷ ഒരുക്കാതെ അഭിനയിപ്പിച്ചുവെന്നാണ് ശീതളിന്‍റെ ആരോപണം. ചിത്രീകരണത്തിനിടെ ശീതളിന് കാലിന് ഗുരുതര പരുക്കേറ്റിരുന്നു. ചിമ്മിണി വനമേഖലയിൽ വെച്ച് അഞ്ചടി ഉയരത്തിൽ നിന്നും താഴേയ്‌ക്ക് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് കാലിന് പരിക്കേറ്റത്.
ഇതേ തുടർന്ന് ശീതളിന്‍റെ കാലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആശുപത്രി ചിലവിനും, നിലവിൽ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലുമാണ് അഞ്ച് കോടി രൂപ നഷ്‌ടപരിഹാരം വേണമെന്ന് ശീതൾ ആവശ്യപ്പെട്ടത്. അഭിഭാഷകനായ രഞ്ജിത്ത് മാരാർ മുഖേനെയാണ് ശീതൾ, മഞ്ജു വാര്യർക്ക് നോട്ടീസ് അയച്ചത്.
സിനിമാ സെറ്റുകളില്‍ സ്ത്രീകൾക്ക് മതിയായ അടിസ്ഥാന സൗകര്യം ഒരുക്കുന്നില്ലെന്ന പരാതി, ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് വലിയ ചർച്ചയായിരിക്കവേ ആണ് ഒരു സ്ത്രീ നിർമ്മാതാവിനെതിരെ ഒരു സ്ത്രീ തന്നെ രംഗത്ത് വരുന്നത്.
അതേസമയം വക്കീൽ നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ സിനിമയുടെ റിലീസ് സംബന്ധമായ കാര്യങ്ങളിൽ മാറ്റമുണ്ടാകില്ല. മഞ്ജു വാര്യർ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നത്. സൈജു ശ്രീധരൻ ആണ് സംവിധാനം.
'മഹേഷിന്‍റെ പ്രതികാരം', 'കുമ്പളങ്ങി നൈറ്റ്സ്', 'അഞ്ചാം പാതിര' തുടങ്ങി നിരവധി സിനിമകളിൽ എഡിറ്റർ ആയി പ്രവർത്തിച്ചിട്ടുള്ള സൈജു ശ്രീധരന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് 'ഫൂട്ടേജ്'. മലയാളത്തിൽ ഫൗണ്ട് ഫൂട്ടേജ് ചിത്രീകരണ രീതി അവലംബിച്ച് ഒരുക്കിയ ചിത്രം കൂടിയാണ് 'ഫൂട്ടേജ്'.