പുല്ലാംകുഴൽ മനോഹരമായി വായിക്കുന്ന പല പ്രഗൽഭരെയും നാം കണ്ടിട്ടുണ്ട്. ചുണ്ടിനോട് ചേർത്തുവച്ച് പുല്ലാംകുഴലിന്‍റെ സുഷിരത്തിലൂടെ വായു കടത്തിവിട്ട് വിരലുകൾ കൊണ്ട് വായുവിന്‍റെ ദിശയെ നിയന്ത്രിക്കുമ്പോൾ പുറത്തു വരുന്ന മാന്ത്രിക ശബ്‌ദം ഇഷ്‌ടപ്പെടാത്തവരായി ആരുണ്ട്?
ഇപ്പോഴിതാ പതിവ് പുല്ലാംകുഴല്‍ കലാകാരന്‍മാരില്‍ നിന്നും വ്യത്യസ്‌തനാവുകയാണ് കിഷോർ എന്ന ചെറുപ്പക്കാരൻ. ചുണ്ടിന് പകരം മൂക്ക് ഉപയോഗിച്ച് പുല്ലാംകുഴൽ വായിക്കുന്ന ഈ ചെറുപ്പക്കാരന്‍ സാക്ഷാൽ ശ്രീകൃഷ്‌ണ ഭഗവാനെ പോലും ഞെട്ടിക്കും.
തൃശൂർ ചേലക്കര സ്വദേശിയാണ് കിഷോർ. ചെറുപ്പക്കാലം മുതൽ പുല്ലാംകുഴലുകളോട് അഗാധമായ പ്രണയമായിരുന്നു കിഷോറിന്. ഗായകനും ഗാന രചയിതാവുമാണ്. എല്ലാത്തിലും ഉപരി തികഞ്ഞൊരു പുല്ലാംകുഴൽ കലാകാരനും. തന്‍റെ പുല്ലാംകുഴല്‍ വായന വിശേഷങ്ങളും മറ്റും ഇടിവി ഭാരതിനോട് കിഷോര്‍ പങ്കുവച്ചു.
"പല രീതിയിലും രൂപത്തിലും ഭാവത്തിലുമുള്ള പുല്ലാംകുഴലുകൾ സ്വന്തമാക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ഇതിന്‍റെയൊക്കെ വില ഒരു സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാണ്.
അങ്ങനെ സ്വന്തമായി പുല്ലാംകുഴൽ നിർമ്മിച്ചെടുക്കാൻ ആരംഭിച്ചു. പുല്ലാംകുഴൽ നിർമ്മിക്കുന്ന ശാസ്ത്രീയത ആരും കൃത്യമായി പറഞ്ഞു തരില്ല. സ്വന്തം ഇഷ്‌ടത്തിലും സ്വന്തം ഗവേഷണത്തിലും പല രൂപത്തിലും ഭാവത്തിലും ഉള്ള പുല്ലാംകുഴലുകൾ നിർമ്മിച്ചു." -കിഷോര്‍ പറഞ്ഞു.
താന്‍ നിര്‍മ്മിച്ച പുല്ലാംകുഴലിലൂടെ വരുന്ന സ്വര മാധുര്യം നാട്ടുകാരുടെ മനം കവർന്നതോടെ കിഷോര്‍ ചേലക്കരയിൽ പ്രശസ്‌തനായി. സോഷ്യൽ മീഡിയ ഈ കലാകാരനെ വളർത്തി എന്ന് വേണം പറയാൻ. പിന്നീട് നിരവധി സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളിലെ പരിപാടികളിലും കിഷോര്‍ പങ്കെടുത്തു.
മൂക്കിലൂടെ പുല്ലാംകുഴൽ വായിക്കുന്ന വിദ്യ കണ്ട് നടി മംമ്‌ത മോഹൻദാസ് തന്നെ അഭിനന്ദിച്ചെന്നും കിഷോര്‍ ഓര്‍ത്തെടുത്തു. കിഷോറിന്‍റെ കലാ നൈപുണ്യം തിരിച്ചറിഞ്ഞ മംമ്‌ത മോഹൻദാസ് അദ്ദേഹത്തെ സംഗീത സംവിധായകൻ രതീഷ് വേഗക്ക് പരിചയപ്പെടുത്തുകയും ചെയ്‌തു. പാട്ടുകളുടെ ലോകത്തും കിഷോർ ചേലക്കര എന്ന കലാകാരന്‍റെ വ്യക്‌തിമുദ്ര പതിപ്പിക്കാൻ രതീഷ് വേഗ എന്ന സംഗീത സംവിധായകനുമായുള്ള ബന്ധം ഉപകരിച്ചു.
നരൻ എന്ന ചിത്രത്തിലെ 'ഓമൽ കൺമണി' എന്ന് തുടങ്ങുന്ന ഗാനം പുല്ലാംകുഴൽ ശബ്‌ദത്തിൽ മൂക്ക് ഉപയോഗിച്ച് കിഷോർ വായിക്കുന്നത് കാണുന്നതും കേൾക്കുന്നതും ഒരു നവ്യാനുഭൂതിയാണ്. തികഞ്ഞ കലാകാരനായിട്ടും അവസരങ്ങൾ ഇനിയും കിഷോറിനെ തേടി എത്താനുണ്ട്.
അമ്പലങ്ങളിൽ തകില് വായിക്കാനും കിഷോര്‍ പോകാറുണ്ട്. ഇതില്‍ നിന്നും ഒരു പ്രധാന വരുമാന മാർഗ്ഗമാണ് ഈ കലാകരാന് ലഭിക്കുന്നത്. ജീവിക്കാനായി എന്ത് ജോലിയും ചെയ്യാൻ കിഷോറിന് മടിയില്ല. എങ്കിലും കലാ മേഖലയിൽ പൂർണമായും ജീവിതം നട്ടു നനയ്ക്കണമെന്നാണ് കിഷോറിന്‍റെ ആഗ്രഹം.