വൈശാഖ് സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം 'ടർബോ'യുടെ റിലീസിനോടനുബന്ധിച്ച് താരത്തിനായി ശത്രു സംഹാര പുഷ്‌പാഞ്‌ജലി നടത്തി ആരാധകൻ. തൃശൂർ ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിൽ ദാസ് എന്നയാളാണ് മമ്മൂട്ടിയ്‌ക്ക് വേണ്ടി വഴിപാട് നടത്തിയത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
മമ്മൂട്ടി, വിശാഖം നക്ഷത്രം എന്ന പേരിൽ ദാസ് ശത്രു സംഹാര പുഷ്‌പാഞ്ജലി നേരുന്നത് വീഡിയോയിൽ കാണാം. ടർബോ സിനിമയുടെ വിജയത്തിന് വേണ്ടിയാണ് ഇയാൾ വഴിപാട് നേർന്നത്. മമ്മൂട്ടിയെ പലരും തോല്‍പ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അതെല്ലാം മറികടന്ന് ടർബോ വലിയ ഹിറ്റായി തീരണമെന്നും ആരാധകൻ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.
ഇന്നാണ് (മെയ് 23) മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്‌ത ടർബോ റിലീസിനെത്തിയത്. സിനിമ ഗംഭീരമെന്നാണ് ആദ്യദിനത്തിലെ പ്രേക്ഷകപ്രതികരണങ്ങൾ. നേരത്തെ സിനിമയുടെ ബുക്കിങ്ങിനും ലോകമെമ്പാടും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. 1,400 ഷോകളിൽ നിന്നായി 2.60 കോടി രൂപയുടെ ടിക്കറ്റുകളാണ് റിലീസിന് മുൻപ് തന്നെ വിറ്റഴിഞ്ഞത്. ഇതോടെ മമ്മൂട്ടിയുടെ തന്നെ ഭീഷ്‌മ പർവം എന്ന ചിത്രത്തിന്‍റെ റെക്കോർഡും ടർബോയ്‌ക്ക് തിരുത്തിക്കുറിക്കാനായി.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയായ 'ടർബോ'യിൽ ജീപ്പ് ഡ്രൈവറായ ജോസിനെയാണ് താരം അവതരിപ്പിക്കുന്നത്. ആക്ഷനും ഏറെ പ്രധാന്യമുള്ള ഈ ചിത്രത്തിൽ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുഗു നടൻ സുനിലും പ്രധാന വേഷങ്ങളിലുണ്ട്. മിഥുൻ മാനുവൽ തോമസിന്‍റേതാണ് തിരക്കഥ.
Also Read: