'രോമാഞ്ചം' എന്ന സൂപ്പർ ഹിറ്റ് സിനിമയ്‌ക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്‌ത 'ആവേശം' തിയേറ്ററുകളിൽ തകർപ്പൻ പ്രകടനം കാഴ്‌ചവച്ച് മുന്നേറുകയാണ്. ആക്ഷൻ കോമഡി ജോണറിൽ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ ഫഹദ് ഫാസിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 'രങ്ക' എന്ന ഗ്യാങ്സ്റ്ററുടെ കഥാപാത്രമാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്.
ഒറ്റബുദ്ധിയും തമാശക്കാരനുമായ രങ്കയായി ഫഹദിന്‍റെ ഒറ്റയാൾ പ്രകടനമാണ് സിനിമയുടെ കരുത്തെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ഇപ്പോഴിതാ 'രങ്കൻ ചേട്ടന്‍റെ റീല്‍സ് വീഡിയോ' സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തിയേറ്ററുകളിൽ രങ്കൻ ചേട്ടന്‍റെ റീല്‍സ് വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയാത്തവരുണ്ട്. ഈ രംഗത്തിന്‍റെ പിന്നാമ്പുറ വീഡിയോയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ഷോട്ട് പൂർത്തിയാക്കിയ ഫഹദിനെ കയ്യടികളോടെ സെറ്റ് വരവേൽക്കുന്നത് വീഡിയോയിൽ കാണാം. ചിരി നിർത്താനാകാതെയാണ് ഫഹദ് മോണിറ്ററിനരികിലെത്തുന്നത്. സെറ്റ് ഒന്നടങ്കം ചിരിക്കുന്നതും പശ്ചാത്തലത്തിൽ കേൾക്കാം.
കഴിഞ്ഞ ദിവസം പുറത്തുവിട്ട 'ആവേശം' ടാലന്‍റ് ടീസറിലും ഇതേ റീല്‍സ് രംഗമാണ് ഉൾപ്പെടുത്തിയിരുന്നത്. രങ്കൻ ചേട്ടന്‍റെ കഴിവുകൾ സംയോജിപ്പിച്ചാണ് ഈ ടാലന്‍റ് ടീസർ ഒരുക്കിയത്. രങ്കൻ ചേട്ടൻ റീൽസ് ചെയ്യുന്നതും ഗാനം ആലപിക്കുന്നതുമൊക്കെ ടീസറിലുണ്ട്. ഫഹദിന്‍റെ അരങ്ങേറ്റ സിനിമയായ കൈയെത്തും ദൂരത്തിലെ പൂവെ ഒരു മഴമുത്തം എന്ന ഗാനമാണ് ഫഹദ് ആലപിക്കുന്നത്.
ഫഹദ് ഫാസിലിന്‍റെ ഇതുവരെ കാണാത്ത പ്രകടനമാണ് 'ആവേശ'ത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. കളക്ഷനിൽ 100 കോടിയോട് അടുക്കുകയാണ് ഈ ചിത്രം. കോളജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറഞ്ഞ 'ആവേശം' അന്‍വര്‍ റഷീദ് എന്‍റര്‍ടെയിൻമെൻസിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്‍റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മിച്ചത്.
- " class="align-text-top noRightClick twitterSection" data="">
സജിന്‍ ഗോപുവിന്‍റെ പ്രകടനവും തിയേറ്ററുകളിൽ കയ്യടികൾ വാരിക്കൂട്ടുന്നുണ്ട്. ആശിഷ് വിദ്യാര്‍ഥി, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
ബെംഗളൂരുവിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്‍റെ സംഗീതവും സമീർ താഹിറിന്‍റെ ഛായാഗ്രഹണവുമെല്ലാം മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും നേടുന്നത്. വിവേക് ഹര്‍ഷനാണ് ഈ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചത്.
ആവേശം സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ: എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എ ആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ - പി കെ ശ്രീകുമാര്‍, പ്രൊജക്റ്റ് സിഇഒ - മൊഹ്‌സിന്‍ ഖൈസ്, വസ്‌ത്രാലങ്കാരം - മഷര്‍ ഹംസ, മേക്കപ്പ് - ആര്‍ജി വയനാട്, ഓഡിയോഗ്രഫി - വിഷ്‌ണു ഗോവിന്ദ്, ആക്ഷന്‍ - ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ്, ടൈറ്റിൽസ് - അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് ശേഖര്‍, പിആര്‍ഒ - എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ് - സ്നേക്ക് പ്ലാന്‍റ്.