മലയാള സിനിമയിൽ എന്നെന്നും പ്രേക്ഷകർ ആഘോഷിക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. ഭരത് ചന്ദ്രൻ, ഇന്ദുചൂഡൻ, അറയ്ക്കൽ മാധവനുണ്ണി തുടങ്ങി കഥാപാത്രങ്ങളൊക്കെ ആരുടേതാണെന്ന് മലയാളികളോട് എടുത്തുപറയേണ്ട കാര്യമില്ല. എന്നാൽ പേരുകളിലൂടെ മാത്രം പ്രശസ്‌തരായ ചില കഥാപാത്രങ്ങൾ മലയാള സിനിമയിൽ ഉണ്ട്.
സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമയിലെ കഥാപാത്രങ്ങളിലൂടെ മാത്രം പറഞ്ഞു കേട്ട് പ്രേക്ഷകർക്ക് പരിചിതമായ ചില കഥാപാത്രങ്ങൾ. അത്തരം ചില കഥാപാത്രങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
മലയാളത്തിൽ ഏറ്റവും മികച്ച കഥാപാത്ര സൃഷ്‌ടി നടത്തിയിട്ടുള്ള എഴുത്തുകാരിൽ ഒരാളാണ് രഞ്ജിത്ത്. രഞ്ജിത്തിന്‍റെ മോഹൻലാൽ കഥാപാത്രങ്ങൾ പകിട്ടിന് മങ്ങലേൽക്കാതെ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷക ഹൃദയങ്ങളിൽ ജീവിക്കുന്നു. രൂപമില്ലാത്ത കഥാപാത്രങ്ങളെ സൃഷ്‌ടിക്കുന്നതിലും രഞ്ജിത്ത് എന്ന എഴുത്തുകാരന്‍റെ വൈഭവം എടുത്തു പറയേണ്ടതാണ്.
1. രവി- രഞ്ജിത്തിന്‍റെ രചനയിൽ ഷാജി കൈലാസ് സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രമാണ് 'നരസിംഹം'. 'നരസിംഹ'ത്തിലെ വളരെ പ്രശസ്‌തനായ എന്നാൽ ആ സിനിമയിൽ അഭിനയിച്ചിട്ടില്ലാത്ത കഥാപാത്രമാണ് രവി. ഇന്ദുചൂടന്‍റെ സുഹൃത്തും വിക്ടോറിയ കോളേജിലെ സഹപാഠിയും ആയിരുന്നു രവി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി. കഥാപാത്രം ഫേമസ് ആകുന്നത് ചിത്രത്തിൽ ഭീമൻ രഘുവിന്‍റെ കഥാപാത്രം രവിയെ പരാമർശിക്കുന്നതിലൂടെയാണ്.
ഭീമൻ രഘുവിന്‍റെ കഥാപാത്രത്തിന്‍റെ ഡയലോഗ് ഇങ്ങനെ- "രവി ആണല്ലോ സിഎമ്മിനെ മുന്നിൽ നിർത്തി ഹോം ഡിപ്പാർട്ട്‌മെന്‍റ് ഭരിക്കുന്നത്. അവൻ എന്നെ കണ്ടപ്പോൾ ഒരു ചോദ്യം, എന്താ മിസ്‌റ്റർ ശങ്കരനാരായണൻ നിങ്ങളുടെ ഒരു ട്രാൻസ്‌ഫർ റിക്വസ്‌റ്റ് കണ്ടല്ലോ, അതിന് ഓർഡർ ഇടണ്ടേ എന്ന്. ഈ ------- (മോശം വാക്ക്) പണ്ട് പാലക്കാട് വിക്ടോറിയ കോളേജ് മുതൽ കോട്ട മൈതാനം വരെ ഞാൻ ഓടിച്ചിട്ട് തല്ലിയിട്ടുള്ളതാ "
ചിത്രം പുറത്തിറങ്ങി പിൽക്കാലത്ത് ഭീമൻ രഘുവിനെ അനുകരിക്കുന്ന പല മിമിക്രിക്കാരും ഈ ഡയലോഗ് ആണ് വേദികളിൽ അവതരിപ്പിക്കാറുള്ളത്. ഭീമൻ രഘുവിന്‍റെ ഈ ഡയലോഗ് വളരെ പ്രശസ്‌തമായതോടെ സിനിമയിൽ അഭിനയിച്ചിട്ടില്ലാത്ത രവിയുടെ കഥാപാത്രം പ്രശസ്‌തമായി.
2. പോൾ ആസാദ്- പേരിലൂടെ മാത്രം പ്രശസ്‌തനായ മറ്റൊരു കഥാപാത്രവും 'നരസിംഹം' എന്ന ചിത്രത്തിലുണ്ട്. പോൾ ആസാദ്. രാമകൃഷ്‌ണൻ ബിയർ ബോട്ടിൽ പൊട്ടിച്ച് പള്ളയ്‌ക്ക് കയറ്റി കൊന്ന കഥാപാത്രമാണ് പോൾ ആസാദ്. ഇന്ദുചൂഡന്‍റെ മേൽ ചെയ്‌തിട്ടില്ലാത്ത ഈ കുറ്റകൃത്യം ആരോപിക്കപ്പെട്ടാണ് അയാൾ ആറ് വർഷം ജയിൽ ശിക്ഷ അനുഭവിക്കുന്നത്. ഇന്ദുചൂഢന്‍റെ ജീവിത വ്യഥയിൽ പ്രേക്ഷകൻ മുഖമില്ലാത്ത പോൾ അസാദിനെ മുന്നിൽ കണ്ടിട്ടുണ്ട്.
3. ബ്രിജേഷ് മല്ലയ്യ- രഞ്ജിത്തിന്‍റെ സൃഷ്‌ടിയിൽ പിറന്ന മറ്റൊരു മുഖമില്ലാത്ത കഥാപാത്രമാണ് ബ്രിജേഷ് മല്ലയ്യ. 'സമ്മർ ഇൻ ബദ്‌ലഹേം' എന്ന ചിത്രം വർഷങ്ങൾക്കിപ്പുറവും പുതുമ നഷ്‌ടപ്പെടാത്ത ആസ്വാദന മൂല്യം മലയാളികള്‍ക്ക് സമ്മാനിക്കുന്നുണ്ട്.
അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ കഥാപാത്രമായ നിരഞ്ജൻ എന്നും മലയാളി മനസ്സിൽ ഒരു തീരാനോവാണ്. മോഹൻലാലിന്‍റെ കഥാപാത്രമായ നിരഞ്ജൻ എങ്ങനെ ജയിലഴിക്കുള്ളിൽ ആയെന്ന് മോഹൻലാലിന്‍റെ കഥാപാത്രം നിരഞ്ജൻ വിവരിക്കുന്നിടത്താണ് ബ്രിജേഷ് മല്ലയ്യ പ്രശസ്‌തനാകുന്നത്.
നിരഞ്ജന്‍റെ ഡയലോഗ് ഇങ്ങനെ- "ആയിരം തൊഴിലാളി കുടുംബങ്ങളെ മുഴു പട്ടിണിയിലേക്ക് വലിച്ചെറിഞ്ഞവൻ ആയിരുന്നു ബ്രിജേഷ് മല്ലയ്യ എന്ന ഇൻഡസ്ട്രിയലിസ്‌റ്റ്. അയാളുടെ ബലത്തിന് അയാളുടെ പണം കൊണ്ട് അയാൾ നിർമ്മിച്ച ഗവൺമെന്‍റും. കൊല്ലാൻ തീരുമാനിച്ചു. ഞാനന്ന് കാത്തിരുന്നു ബോംബുമായി. കാറിൽ അയാൾ മാത്രമേ ഉണ്ടാകൂ എന്നുള്ള എന്‍റെ കണക്ക് കൂട്ടലുകൾ തെറ്റി.
അയാളുടെ മൂന്ന് പിഞ്ചു കുഞ്ഞുങ്ങൾ, അയാളുടെ അമ്മ പിന്നെ നിരപരാധിയായ അയാളുടെ ഡ്രൈവർ.. പക്ഷേ ഒന്നും എന്നെ തടഞ്ഞില്ല. നാല് വയസുകാരിയായ അയാളുടെ മകളുടെ അറ്റുപോയ കുഞ്ഞിക്കൈ എന്‍റെ ദേഹത്താണ് വന്നു വീണത്." ലാലേട്ടന്‍റെ കഥാപാത്രത്തെ ഒരു കുറ്റവാളിയാക്കിയ ബ്രിജേഷ് മല്ലയ്യയെ സിനിമ ആസ്വാദകർ വെറുപ്പോടെ ഓർക്കുന്നു.
4. ഉസ്‌താദ് ബാദുഷ ഖാൻ- ഇനിയൊരു ഗംഭീര കഥാപാത്രമാണ്. കുട്ടികള്‍ മുതൽ 100 വയസ് പ്രായമുള്ള വൃദ്ധർക്ക് വരെ അറിയാവുന്ന മുഖമില്ലാത്ത ഒരു കഥാപാത്രം. വളരെ പ്രശസ്‌തമായ മുഖമില്ലാത്ത ആ കഥാപാത്രത്തന്‍റെ പേരാണ് ഉസ്‌താദ് ബാദുഷ ഖാൻ.
രഞ്ജിത്തിന്‍റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്‌ത 'ആറാം തമ്പുരാൻ' എന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ കഥാപാത്രം ജഗന്നാഥൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന കഥാപാത്രമാണ് ഉസ്‌താദ് ബാദുഷ ഖാൻ. ആ ഡയലോഗും അതിപ്രശസ്‌തം.
"ഗ്വാളിയാർ.. ഖരാന മാജിക് പീകോക്കിനെ കുറിച്ച് അറിയാൻ ചെന്ന് പെട്ടത് ഒരു പഴയ സിംഹത്തിന്‍റെ മടയിൽ, ഉസ്‌താദ് ബാദുഷ ഖാൻ. മൂപ്പര് നല്ല ഫിറ്റാ.. എന്താ സംഭവം നല്ല എ ക്ലാസ് ഭാങ്. ആവശ്യം അറിയിച്ചു.. ദക്ഷിണ വയ്ക്കാൻ പറഞ്ഞു. ഊരു തെണ്ടിയുടെ ഓട്ടക്കീശയിൽ എന്താ ഉള്ളത്?". മലയാളി പ്രേക്ഷകർക്ക് അങ്ങനെ മറക്കാൻ പറ്റുമോ ഉസ്‌താദ് ബാദുഷ ഖാനെ?
5. കാള കച്ചവടക്കാരൻ ചാലിശ്ശേരിക്കാരൻ ഐപ്പ്- വേറൊരു കിടിലൻ കഥാപാത്രവും 'ആറാം തമ്പുരാൻ' എന്ന ചിത്രത്തിൽ പേരിലൂടെ മാത്രം പ്രശസ്‌തി നേടിയിട്ടുണ്ട്. പെരുമ്പിലാവ് ചന്തയിലെ കാള കച്ചവടക്കാരൻ ചാലിശ്ശേരിക്കാരൻ ഐപ്പ്. സായികുമാറിന്‍റെ കഥാപാത്രത്തെ ചതിച്ച് കൺസൈൻമെന്‍റ് മറ്റൊരാൾക്ക് മറിച്ചു വിറ്റ എബി എന്ന കഥാപാത്രത്തെ തല്ലാൻ പോകുന്നതാണ് ജഗന്നാഥന്‍റെ സിനിമയിലെ ഇൻട്രൊഡക്ഷൻ സീൻ.
ആ സീനിൽ ഗുണ്ടകളെ അടിച്ചുവീഴ്ത്തി എബിയെ കൊണ്ട് തന്‍റെ സുഹൃത്തായ നന്ദന് തന്നെ കൺസെൻമെന്‍റുകൾ നൽകാമെന്ന് ജഗനാഥൻ സമ്മതിപ്പിക്കുന്നതിനിടെയാണ് കാള കച്ചവടക്കാരൻ ഐപ്പിന്‍റെ പേര് പരാമർശിക്കുന്നത്. എബിയുടെ അച്ഛനാണ് കാള കച്ചവടക്കാരൻ ചാലിശ്ശേരിക്കാരൻ ഐപ്പ്.
മോഹൻലാലിന്‍റെ 'ആറാം തമ്പുരാൻ' സിനിമയിലെ ഇൻട്രൊഡക്ഷൻ സീൻ പിൽക്കാലത്ത് ധാരാളം മിമിക്രി കലാകാരന്‍മാർ അനുകരിക്കുന്ന രംഗമാണ്. പലപ്പോഴായി ഇൻട്രൊഡക്ഷൻ രംഗത്തിലെ ഡയലോഗുകൾ പുനരവതരിപ്പിക്കുമ്പോൾ മിമിക്രി കലാകാരന്‍മാർ നിരന്തരമായി ഐപ്പ് എന്ന പേര് ഉപയോഗിക്കും. അതോടെ ഐപ്പ് ഫേമസ് ആയി.
6. മൊയ്‌തീൻ കണ്ണ് റാവുത്തർ- രഞ്ജിത്തിന്‍റെ തിരക്കഥയിൽ രഞ്ജിത്ത് തന്നെ സംവിധാനം ചെയ്‌ത ചിത്രമാണ് 'രാവണപ്രഭു'. 'രാവണപ്രഭു'വിലും ഉണ്ട് മുഖമില്ലാത്ത ഒരു ഹീറോ. മൊയ്‌തീൻ കണ്ണ് റാവുത്തർ. മംഗലശ്ശേരി തറവാട് ലേലത്തിൽ തിരിച്ചു പിടിക്കാനാകാതെ നിരാശനായി വീട്ടിലേക്ക് കയറി വരുകയാണ് കാർത്തികേയന്‍റെ കഥാപാത്രം.
അതേസമയം നീലകണ്‌ഠന്‍റെ കഥാപാത്രം ഒരു എഴുത്താണി കത്തി കാർത്തികേയന്‍റെ മുഖത്തിന് മുന്നിലൂടെ എറിഞ്ഞ് ചുവരിൽ തറപ്പിക്കുന്നു. അമ്പരന്ന കാർത്തികേയനെ നോക്കി നീലകണ്‌ഠൻ പറയുന്നുണ്ട്.
"ഭയന്നോ നീ.. തെറ്റില്ല ലക്ഷ്യം." സ്വയം തോറ്റുപോയി എന്ന് തോന്നിയ കാർത്തികേയന്‍റെ കഥാപാത്രത്തെ അച്ഛൻ നീലകണ്‌ഠൻ സ്വതസിദ്ധമായ ശൈലിയിൽ മോട്ടിവേറ്റ് ചെയ്യുന്ന ഈ രംഗം എത്ര കണ്ടാലും മതി വരില്ല.
ചുവരിൽ നിന്നും കത്തി വലിച്ചൂരി എഴുത്താണി കത്തിയെ കുറിച്ച് നീലകണ്‌ഠൻ കാർത്തികേയനോട് വിശദീകരിക്കുന്നതിനിടെയാണ് മൊയ്‌തീൻ കണ്ണ് റാവുത്തർ എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആ സമയത്ത് നീലകണ്‌ഠൻ ഇപ്രകാരമാണ് കാർത്തികേയനോട് സംസാരിക്കുന്നത്.
"മൊയ്‌തീൻ കണ്ണ് റാവുത്തർ ഒരു പഴയ ചങ്ങാതിയാണ്. അയാളുടെ സമ്മാനമാണ്. എഴുത്താണി കത്തി എന്നാണ് ഇതിനെ പറയുക. കണ്ണും കയ്യും ഏകാഗ്രമായാൽ ലക്ഷ്യം കാണും. കഴുത്ത് തുളച്ചുകീറും. ഒരു പൂവിറുക്കുന്ന ലാഘവത്തിൽ ഒരു ജീവൻ." രഞ്ജിത്തിന്‍റെ അക്ഷരങ്ങൾക്ക് മോഹൻലാൽ ജീവൻ പകരുമ്പോൾ ഇല്ലാത്ത കഥാപാത്രങ്ങളെ മുന്നിൽ കാണുന്നത് സ്വാഭാവികം.
7. വള്ളുവമ്പ്രം കലന്തൻകുട്ടി ഹാജി- രഞ്ജിത്തിന്‍റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു 'വല്യേട്ടൻ'. 'വല്യേട്ടൻ' എന്ന സിനിമയിലൂടെ അഭിനയിക്കാത്ത ഒരു മരണമാസ് കഥാപാത്രത്തെ മലയാളി ഓർത്തു വച്ചിട്ടുണ്ട്. അറക്കൽ മാധവനുണ്ണിയെ തല്ലുംപിടിയും പഠിപ്പിച്ച വള്ളുവമ്പ്രം കലന്തൻകുട്ടി ഹാജി.
തന്‍റെ അനിയനെ കൊന്ന പ്രതികാരം ചെയ്യാൻ എൻഎഫ് വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രമായ മമ്പറം ബാവ, മമ്മൂട്ടി കഥാപാത്രമായ അറക്കൽ മാധവനുണ്ണിയുടെ വീട്ടിൽ എത്തുന്നുണ്ട്. തന്‍റെ അനിയന്‍മാരെ വീടിനുള്ളിൽ പൂട്ടിയിട്ട് മമ്പറം ബാവയെ ഒറ്റയ്ക്ക് നേരിടാൻ ഇറങ്ങുന്ന അറക്കൽ മാധവനുണ്ണി വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും മലയാളിക്ക് രോമാഞ്ചം സൃഷ്‌ടിക്കും.
അറക്കൽ മാധവനുണ്ണി, മമ്പറം ബാവയോട് തന്‍റെ ഗുരുനാഥനെ ചേർത്തു പറയുന്ന മാസ് ഡയലോഗ് ഇപ്രകാരമാണ്. "കാലു പിടിക്കാൻ കുനിയുന്നവന്‍റെ മൂർധാവിൽ തുപ്പുന്ന സ്വഭാവം കാട്ടിയാൽ, ഈ ഭൂമി മലയാളത്തിൽ മാധവനുണ്ണിക്ക് ഒരു മോന്‍റെ മോനും വിഷയം അല്ല. വള്ളുവമ്പ്രം കലന്തൻകുട്ടി ഹാജിയുടെ ശിഷ്യനാണ് തല്ലും പിടിയിൽ മാധവനുണ്ണി. അതേ, ചെക്കന്‍മാർക്ക് കാണിച്ചുകൊടുക്കണം എന്ന് വച്ചാൽ വരാൻ പറ ...... (മോശം വാക്ക്)
മമ്പറം ബാവ, മാധവൻ ഉണ്ണിയുടെ മുന്നിൽ നിന്ന് വിറയ്‌ക്കുന്നത് മലയാളി ഞെരിപിരി കൊണ്ട് ആസ്വദിക്കുമ്പോൾ ആസ്വാദനത്തിന് മൂപ്പുകൂട്ടി ഒരു കിടിലൻ ആക്ഷൻ രംഗം ഉണ്ട്. മമ്പറം ബാവയുടെ ഗുണ്ടകളെ മാധവൻ ഉണ്ണി അടിച്ചു നിലംപരിശാക്കുമ്പോൾ വള്ളുവമ്പ്രം കലന്തൻകുട്ടി ഹാജി എന്ന മുഖമില്ലാത്ത കഥാപാത്രമായിരുന്നു പ്രേക്ഷകന്‍റെ മുന്നിൽ ആ സീനിലെ ഹീറോ.
ഇത്തരത്തിൽ നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയിൽ പേരിലൂടെ മാത്രം ജീവിക്കുന്നു.
Also Read: മലയാളത്തിന്‍റെ കൾട്ട് ക്ലാസിക് ഗുരു വീണ്ടും റിലീസിന്