തെലുഗു സൂപ്പര്‍താരം വിജയ് ദേവരക്കൊണ്ടയുടെ തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാട്ടിലേയ്‌ക്ക് ഓടിയപ്പോയ ആനയെ കണ്ടെത്തി. എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടിലെ ഷൂട്ടിംഗ് സെറ്റിലായിരുന്നു സംഭവം. തുണ്ടം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചലിനൊടുവിൽ ആനയെ കണ്ടെത്തിയത്.
ആനയെ സുരക്ഷിതമായി കാട്ടിൽ നിന്നും പുറത്ത് എത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ആനയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തി. പുതുപ്പള്ളി സാധു എന്ന ആന ഭൂതത്താന്‍കെട്ട് വന മേഖലയിലേയ്‌ക്ക് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് കയറിപ്പോയത്.
വിജയ് ദേവരക്കൊണ്ടയുടെ സിനിമയുടെ ഷൂട്ടിംഗിനായി അഞ്ച് ആനകളെ സെറ്റില്‍ എത്തിച്ചിരുന്നു. ഇതില്‍ ഒരു ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയിരുന്നു. ആനകൾ തമ്മിൽ കൊമ്പുകോർക്കുന്നതിനിടെ പുതുപ്പള്ളി സാധുവെന്ന ആനയ്‌ക്ക് പരിക്കേൽക്കുകയും വിരണ്ടോടുകയും ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ചിത്രത്തിനായി എത്തിച്ച മറ്റ് ആനകളെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും മാറ്റി.
തുടര്‍ന്ന് റിസർവ് ഫോറസ്‌റ്റിലേയ്‌ക്ക് കയറിപ്പോയ ആനയ്‌ക്കായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും തെരച്ചില്‍ നടത്തിയെങ്കിലും ഫലംകണ്ടില്ല. രാത്രിയോടെ തിരച്ചിൽ നിർത്തിവച്ച് രാവിലെ സാധുവിനായുള്ള തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.
Also Read: പേരാമ്പ്രയിൽ ഇറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തുരത്തി വനംവകുപ്പ് - WILD ELEPHANT AT PERAMBRA