എറണാകുളം: മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ തുടങ്ങിയവർക്കെതിരെ ഇഡി അന്വേഷണം. നിർമാതാക്കളിൽ ഒരാളായ ഷോൺ ആന്‍റണിയെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്‌തിരുന്നു. നിർമ്മാതാവും നടനുമായ സൗബിൻ ഷാഹിറിനെ ഇഡി ഉടൻ ചോദ്യം ചെയ്തേക്കും. ഇവരുടെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ അക്കൗണ്ട് വിവരങ്ങൾ ഉൾപ്പടെ ഇഡി ശേഖരിച്ചിട്ടുണ്ട്.
സിനിമ നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഷോൺ ആൻ്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം തുടങ്ങിയത്. സിനിമയ്‌ക്ക് വേണ്ടി 7 കോടിയോളം രൂപ മുടക്കിയ നിർമാണ പങ്കാളിക്ക് 250 കോടി രൂപ ലാഭം ഉണ്ടായിട്ടും മുടക്കുമുതൽ പോലും തിരിച്ചു നൽകിയില്ല എന്നായിരുന്നു പരാതി.
തുറവൂർ സ്വദേശി സിറാജിന്‍റെ പരാതിയിൽ, എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശപ്രകാരമായിരുന്നു പൊലീസ് കേസെടുത്തത്. ചിത്രത്തിന്‍റെ ലാഭവിഹിതം വാഗ്‌ദാനംചെയ്‌ത് ഏഴ് കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് സിറാജിന്‍റെ പരാതി. ചിത്രത്തിന്‍റെ ഒടിടി വിൽപനയടക്കം നടന്നിട്ടും ഒരു രൂപ പോലും നിർമാതാക്കൾ തിരികെ നൽകിയില്ലെന്നും പരാതിക്കാരൻ പറയുന്നു. മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ സിവിൽ നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് സിറാജ് നൽകിയ ഹർജിയിൽ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ എറണാകുളം സബ്കോടതി ഉത്തരവിട്ടിരുന്നു. നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്‍റെയും പാര്‍ട്‌ണർ ഷോണ്‍ ആന്‍റണിയുടെയും 40 കോടിയുടെ ബാങ്ക് അക്കൗണ്ടാണ് എറണാകുളം സബ്കോടതി മരവിപ്പിച്ചത്.
അതേസമയം മുൻധാരണ പ്രകാരമുള്ള ചതിയാണ് നടന്നിരിക്കുന്നത് എന്ന നിലയിലുള്ള റിപ്പോർട്ടാണ് മരട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. 22 കോടിയോളം രൂപ സിനിമയുടെ ചിത്രീകരണത്തിനായി ചെലവായെന്ന് നിർമാതാക്കൾ പറയുന്നുണ്ടെങ്കിലും അന്വേഷണത്തിൽ 18 കോടി രൂപ മാത്രമാണ് കണ്ടെത്താനായത്. ഇതേത്തുടർന്നാണ് പൊലീസ് അന്വേഷണത്തിന് പിന്നാലെ ഇഡിയും രംഗത്തെത്തുന്നത്.
തുടർന്നാണ് നിർമാതാക്കളിൽ ഒരാളായ ഷോൺ ആന്‍റണിയെ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്‌തതും. ഇഡിക്ക് മുന്നിൽ ഉടൻ തന്നെ ഹാജരാകാൻ സൗബിൻ ഷാഹിറിനും നോട്ടിസ് നൽകിയിട്ടുണ്ട്. സിനിമയുടെ നിർമാണത്തിനിടയിൽ കള്ളപ്പണം വെളുപ്പിക്കൽ (Money Laundering) നടന്നിട്ടുണ്ടോ എന്നുള്ളതാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. നിലവിൽ പ്രാഥമിക അന്വേഷണം മാത്രമാണ് നടക്കുന്നത്. തുടരന്വേഷണത്തിൽ കേസ് രജിസ്‌റ്റർ ചെയ്യുന്നത് അടക്കമുള്ള നടപടിയിലേക്ക് ഇഡി കടക്കും.
ALSO READ: മഞ്ഞുമ്മല്‍ ബോയ്‌സിലെ തമിഴ്‌ഗാനം അനുമതിയില്ലാതെ; നിര്‍മ്മാതാക്കൾക്ക് നോട്ടീസയച്ച് ഇളയരാജ