നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. 'ലക്കി ഭാസ്‌കറി'ന്‍റെ വിജയത്തിന് പിന്നാലെ തന്‍റെ തെലുഗു സിനിമ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
തെലുഗു പ്രേക്ഷകരുമായി തനിക്ക് ദൈവികമായ ബന്ധമുണ്ട്. എന്തുകൊണ്ടാണ് അതെന്നറിയില്ല. 'മഹാനടി'യുടെ കഥയുമായി സംവിധായകൻ നാഗ് അശ്വിൻ വന്ന സമയത്ത് തനിക്ക് തെലുഗ് അറിയില്ല. എന്നാൽ ആ സിനിമ ചെയ്യുന്നതിന് കാരണം നാഗ് അശ്വിനോടും നിർമ്മാതാവ് സ്വപ്‌ന ദത്തിനോടുമുള്ള വിശ്വാസമാണെന്നും നടൻ പറഞ്ഞു. ഹൈദരാബാദിൽ നടന്ന ലക്കി ഭാസ്‌കറിന്‍റെ വിജയാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍.
"തെലുഗു പ്രേക്ഷകരുമായി എനിക്ക് എന്തോ ദൈവീകമായ ബന്ധമുണ്ട്. അത് എന്തുകൊണ്ടാണ് എന്ന് എനിക്ക് അറിയില്ല. 'മഹാനടി'യുടെ കഥയുമായി നാഗ് അശ്വിൻ എന്‍റെ അടുത്തേക്ക് വരുമ്പോൾ എനിക്ക് തെലുഗ് അറിയില്ല. അതിനാൽ തെലുഗിൽ ഒരു സിനിമ ചെയ്യുന്നതിന് എനിക്ക് ഭയമുണ്ടായിരുന്നു. ഞാൻ ഇവിടെ നിൽക്കുന്നതിന് കാരണം നാഗ് അശ്വിനും സ്വപ്‌ന ദത്തുമാണ്.
അവർക്ക് എന്നിൽ വളരെ ക്രേസിയായ ഒരു വിശ്വാസമുണ്ടായിരുന്നു. അവർ എപ്പോഴും അങ്ങനെയാണ്, അവർക്ക് എന്തും ചെയ്യാൻ കഴിയും. 2098 ന്‍റെ പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യണം എന്ന് കരുതിയാൽ അവർ അത് ചെയ്യും. സിനിമയിൽ എന്തും നടക്കുമെന്ന് വിശ്വസിക്കുന്നവരാണ് അവർ. മലയാളത്തിൽ നിന്നൊരു നടൻ വന്നു തെലുഗ് സിനിമയിൽ ജെമിനി ഗണേശനായി അഭിനയിക്കാം എന്ന് അവർ വിശ്വസിച്ചു. അതിനാൽ തന്നെ ഞാനും അത് വിശ്വസിച്ചു," എന്ന് ദുൽഖർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
"അതിന് ശേഷം 'സീതാരാമം' എന്ന സിനിമ ചെയ്‌തു. കരിയറിലെ തന്നെ എന്നും ഓർമ്മിക്കപ്പെടുന്ന സിനിമയാണ് അത്. ഇപ്പോൾ വെങ്കി അറ്റ്‌ലൂരിക്കൊപ്പം ഒരു സിനിമ. വെങ്കിയെ കണ്ടാൽ ഒരു കൊച്ചു പയ്യനെ പോലെയാണ്. ഈ പയ്യനാണ് ഈ സിനിമ സംവിധാനം ചെയ്‌തത് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്ന് എന്‍റെ വാപ്പച്ചി ഒരിക്കൽ പറഞ്ഞു. വെങ്കിയെ കണ്ടാൽ ഒരു സംവിധായകനാണെന്ന് ആരും പറയില്ല," എന്ന് ദുൽഖർ പറഞ്ഞു.
" 'മഹാനടി'ക്കും 'സീതാരാമ'ത്തിനും 'ലക്കി ഭാസ്‌കറിനും' മുന്നേ നാഗ് അശ്വിന്‍റെയോ ഹനു രാഘവപുടിയുടെയോ വെങ്കിയുടെയോ സിനിമകൾ താൻ കണ്ടിട്ടില്ലെന്നും അവരെ താൻ വിശ്വസിക്കുകയായിരുന്നു. മികച്ചത് ഏതെന്ന് നോക്കുമ്പോള്‍ അവിടെ അവാർഡുകളോ ഒന്നും പ്രസക്തമല്ല. പ്രേക്ഷരെ ബഹുമാനിക്കുന്ന മികച്ച സിനിമകൾ ചെയ്‌താൽ പരാജയപ്പെടില്ല എന്ന് താൻ വിശ്വസിക്കുന്നു.
'ലക്കി ഭാസ്‌കറി'നെ സ്വീകരിച്ച പ്രേക്ഷകരോടും ആ സിനിമയുടെ ഭാഗമായ അണിയറപ്രവർത്തകരോടും നന്ദി", ദുല്‍ഖര്‍ പറഞ്ഞു.
ഇതുവരെ 'ലക്കി ഭാസ്‌കര്‍' കാണാത്തവരോട്, ഞങ്ങൾ തിയേറ്ററിലുണ്ട്, ഞങ്ങൾ കുറച്ച് സമയം അവിടെ കാണും' എന്ന് പറഞ്ഞുകൊണ്ടാണ് തന്‍റെ വാക്കുകൾ അവസാനിപ്പിച്ചത്.
ഭാസ്‌കര്‍ എന്ന മിഡിൽ ക്ലാസ്സുകാരനായ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണ് ദുൽഖർ ചിത്രത്തില്‍ വേഷമിടുന്നത്. പീരീഡ് ഡ്രാമ ത്രില്ലറിൽ പ്രദര്‍ശനത്തിന് എത്തിയ ഈ ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത് മീനാക്ഷി ചൗധരിയാണ്.
ദുൽഖർ സൽമാന്‍റെ വേഫേറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. 400 ദിവസങ്ങൾക്ക് ശേഷമാണ് ദുൽഖർ സൽമാൻ നായകനായ ഒരു ചിത്രം തീയേറ്ററുകളിൽ എത്തിയത്.