ദുല്‍ഖര്‍ സല്‍മാന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ പാൻ ഇന്ത്യൻ തെലുഗു ചിത്രമാണ് 'ലക്കി ഭാസ്‌കര്‍'. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ദുൽഖർ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണ് 'ലക്കി ഭാസ്‌കര്‍'.
വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഒക്ടോബർ 31ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ദീപാവലി ദിനത്തില്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
റിലീസിന് ഒരു നാള്‍ ബാക്കിനില്‍ക്കെ സിനിമയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് കേരളത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേടിഎം, ക്യാച്ച് മൈ സീറ്റ് തുടങ്ങി ആപ്പുകളിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കഴിഞ്ഞ ദിവസം കേരളത്തിന് പുറത്തും ഗൾഫിലും സിനിമയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു.
തമിഴിലും തെലുങ്കിലും ദുബായിലും ഗംഭീര ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിലും സിനിമയ്‌ക്ക് വൻ വരവേൽപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിലും ഗൾഫിലും വിതരണത്തിനെത്തിക്കുന്നത്.
'ലക്കി ഭാസ്‌കറി'ന് വേണ്ടി പ്രീമിയർ ഷോകളും ഒരുക്കിയിട്ടുണ്ട്. ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നാളെ (ഒക്ടോബർ 30) വൈകിട്ട് ആറ് മണി മുതൽ നൂറിലധികം പ്രീമിയർ ഷോകള്‍ ഒരുക്കിയിട്ടുണ്ട്. റിലീസിനോടനുബന്ധിച്ച് കൊച്ചി, ദുബായ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ വെച്ച് നടന്ന പ്രൊമോഷണൽ ഇവന്‍റുകൾക്ക് വന്‍ ജനപങ്കാളിത്തമാണ് ലഭിച്ചത്.
ഒരു സാധാരണക്കാരന്‍റെ ജീവിതത്തിലെ അസാധാരണമായ കഥയാണ് ചിത്രം പറയുന്നത്. ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. മീനാക്ഷി ചൗധരി ആണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ നായികയായി എത്തുന്നത്.
സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്‍റര്‍ടെയിന്‍മെന്‍റ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. ശ്രീകര സ്‌റ്റുഡിയോസ് ചിത്രം അവതരിപ്പിക്കും.
നിമിഷ് രവി ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിംഗും നിര്‍വ്വഹിച്ചു. ജിവി പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ - ബംഗ്ളാൻ, പിആർഒ - ശബരി എന്നിവരും നിര്‍വ്വഹിച്ചിരിക്കുന്നു.
Also Read: "ഒരു സാധാരണക്കാരൻ്റെ അസാധാരണമായ കഥ"; പുതിയ അപ്‌ഡേറ്റുമായി ദുൽഖർ സൽമാന്‍റെ ലക്കി ഭാസ്‌കര്‍