2013ൽ തിയ്യറ്ററുകളിൽ എത്തിയ ജീത്തു ജോസഫ് ചിത്രം ദൃശ്യം മലയാളത്തിൽ ബ്ലോക്ക്ബ്സ്റ്റർ ആയിരുന്നു. വലിയ വിജയം നേടിയ ചിത്രം പിന്നീട് കന്നഡയിൽ രവിചന്ദ്രനെ കേന്ദ്ര കഥാപാത്രമാക്കി ദൃശ്യാ എന്ന പേരിലും തെലുങ്കിൽ വെങ്കടേഷിനെ നായകനാക്കി ദൃശ്യം എന്ന പേരിലും റീമേക്ക് ചെയ്‌തിരുന്നു. 2015ൽ തമിഴിൽ കമൽഹാസനൊപ്പം പാപനാശം എന്ന പേരിലും ഹിന്ദിയിൽ അജയ് ദേവ്ഗണിനെ നായകനാക്കി ദൃശ്യം എന്ന പേരിലും റീമേക്ക് ചെയ്‌തിരുന്നു.
ഇപ്പോഴിതാ ചിത്രം ഇംഗ്ലീഷിലേക്കും സ്‌പാനിഷിലേക്കും റീമേക്ക് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ഹോളിവുഡ് ചലചിത്ര നിർമ്മാണ കമ്പനി. ഇതോടെ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമായി മാറുകയാണ് ദൃശ്യം.
ഇതൊരു മൗലികതയെ പ്രതിനിധാനം ചെയ്യുന്ന ചിത്രമാണ്. കൂടാതെ വളരെ സ്വാധീനമുള്ള തിരക്കഥയായി അംഗീകരിക്കുകയും ചെയ്‌ത ചിത്രം കൂടിയാണ് ദൃശ്യം. ചിത്രത്തിന്‍റെ രണ്ടാം പാർട്ടായ 'ദൃശ്യം 2' ഉം വലിയ വിജയമായിരുന്നു. ഇതോടെ ചിത്രം കൊറിയൻ ഭാഷയിലേക്കും റീമേക്ക് ചെയ്‌തു. അവിടെയും വലിയ വിജയം നേടാൻ ചിത്രത്തിനായി. ഇപ്പോഴിതാ ഹോളിവുഡിലെ പ്രശസ്‌ത നിർമാതാക്കളായ ഗൾഫ് സ്‌ട്രീം പിക്‌ചേഴ്‌സും മറ്റൊരു നിർമ്മാണ കമ്പനിയും ചേർന്ന് 'ദൃശ്യം' റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്.
ദൃശ്യത്തിന്‍റെ അന്താരാഷ്ട്ര റീമേക്ക് അവകാശം ഇന്ത്യൻ ചലച്ചിത്ര നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോയിൽ നിന്നാണ് ഹോളിവുഡ് നിർമാതാക്കൾ സ്വന്തമാക്കിയത്. എന്നാൽ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രത്തിൽ അഭിനേതാക്കളായി എത്തുന്നത് ആരൊക്കെയായിരിക്കും എന്ന ആകാംക്ഷയിലാണ് സിനിമാലോകം.