നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും സംവിധായകനുമായ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വൃക്ക-ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 5:40നായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരത്തേയ്‌ക്ക് കൊണ്ട് പോകും.
ഏറെ നാളെയായി ബാലചന്ദ്രകുമാര്‍ വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വൃക്ക രോഗം ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ കുടുംബം വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് സാമ്പത്തിക സഹായം തേടിയിരുന്നു. വൃക്ക രോഗം കൂടാതെ ബാലചന്ദ്രകുമാറിന് തലച്ചോറില്‍ അണുബാധയും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകനാണ് പി.ബാലചന്ദ്രകുമാര്‍. കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി, നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്‍റെ കൈവശം ഉണ്ടെന്നായിരുന്നു സംവിധായകന്‍റെ വെളിപ്പെടുത്തല്‍.
ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്വോഗസ്ഥരെ വകവരുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. സംവിധായകന്‍റെ വെളിപ്പെടുത്തല്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിനെ കുഴപ്പത്തിലാക്കിയിരുന്നു.
ദിലീപിന്‍റെ ഉറ്റ സുഹൃത്ത് കൂടിയായിരുന്നു ബാലചന്ദ്രകുമാര്‍. ദിലീപിനെതിരായ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായകമായിരുന്നു. അതേസമയം കേസില്‍ അന്തിമ വാദം കോടതിയില്‍ നടക്കുകയാണ്. ഇതിനിടെയാണ് സംവിധായകന്‍റെ വിയോഗം.
ആസിഫ് അലി നായകനായി എത്തിയ 'കൗബോയ്' എന്ന സിനിമയുടെ സംവിധായകനാണ് ബാലചന്ദ്രകുമാര്‍.
Also Read: സിനിമ നിര്‍മ്മാതാവ് ബസ്സില്‍ കുഴഞ്ഞുവീണ് മരിച്ചു - FILM PRODUCER PADMANABHAN NAIR DIED