സിനിമയുടെ വിജയ-പരാജയങ്ങൾക്ക് താൻ മാത്രമല്ല ഉത്തരവാദിയെന്ന് ദിലീപ്. ഏറ്റവും പുതിയ ചിത്രമായ 'പവി കെയർടേക്കർ' എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങുകൾക്കിടെ സംസാരിക്കുകയായിരുന്നു നടൻ. ഏപ്രിൽ 26-നാണ് നടന്‍ കൂടിയായ വിനോദ് കുമാർ സംവിധാനം ചെയ്യുന്ന 'പവി കെയർടേക്കർ' തിയേറ്ററുകളിൽ എത്തുക.
ഓരോ സിനിമയ്‌ക്കും അതിന്‍റേതായ ഒരു ജാതകം ഉണ്ട്. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കയറി വന്ന വ്യക്തിയാണ് ഞാൻ. പ്രേക്ഷകർ നൽകിയ പിന്തുണയാണ് ഇവിടം വരെയുള്ള യാത്രയ്‌ക്ക് ആധാരം. ഞാൻ ചെയ്‌ത കഥാപാത്രങ്ങളെല്ലാം എന്‍റെ ശ്രമങ്ങളാണ്.
ജീവിതത്തിൽ സംഭവിച്ച ചില പ്രശ്‌നങ്ങൾക്ക് ശേഷം ദിലീപിന്‍റെ അഭിനയത്തിൽ പോരായ്‌മകൾ ഉണ്ട് എന്ന ആരോപണത്തിൽ കഴമ്പില്ല. ലഭിച്ച കഥാപാത്രങ്ങൾ ഒക്കെയും മികച്ചതാക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ കുറച്ചു നാളായി തിരശീലയിൽ ആടിതിമർക്കാൻ പാകത്തിനുള്ള കോമഡി വേഷങ്ങൾ ലഭിച്ചിട്ടില്ല എന്നുള്ളതാണ് വാസ്‌തവം.
ജീവിതത്തിലെ പ്രശ്‌നങ്ങൾ ഒരിക്കലും സിനിമയെ ബാധിക്കുന്നില്ല. ജീവിതത്തിലെ പ്രശ്‌നങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അഭിനയിച്ച് തുടങ്ങുന്ന കാലത്ത് ഒറ്റമുറി വീട്ടിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. അക്കാലം മുതൽക്കുതന്നെ എനിക്ക് പ്രശ്‌നങ്ങൾ ഉണ്ട്. ജീവിതത്തിലെ പ്രശ്‌നങ്ങൾ അഭിനയമായി കൂട്ടിക്കുഴക്കാറില്ല.
ഇനി ആർക്കെങ്കിലും എന്‍റെ അഭിനയത്തിൽ പോരായ്‌മകൾ തോന്നിയിട്ടുണ്ടെങ്കിൽ പവി കെയർ ടേക്കർ എന്ന ചിത്രത്തിലെ എന്‍റെ പ്രകടനത്തെ വിലയിരുത്താം. അഭിനയം ശരിയായോ എന്ന് ശേഷം വിലയിരുത്തൂവെന്നും ദിലീപ് പറഞ്ഞു. ഹാസ്യത്തിനും ഇമോഷൻസിനും പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.
നിങ്ങളിൽ ഒരാളായി എവിടെയും കാണാവുന്ന കഥാപാത്രമാണ് പവി. മീശയൊക്കെ കട്ടികൂട്ടി കുറച്ചു പ്രായം തോന്നിക്കുന്ന രീതിയിലാണ് പവിയെ രൂപപ്പെടുത്തിയത്. പവി ഒരു ഫ്ലാറ്റിലെ സെക്യൂരിറ്റി ആയതുകൊണ്ട് തന്നെ ചിത്രീകരണത്തിന് എല്ലാം തികഞ്ഞൊരു ഫ്ലാറ്റ് സമുച്ചയം ആവശ്യമായിരുന്നു.
എന്നാൽ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് അണിയറ പ്രവർത്തകർക്ക് മികച്ച ഒരു ഫ്ലാറ്റ് കിട്ടാതെ വന്നതോടെ തന്‍റെ നിർദേശപ്രകാരമാണ് സിഐഡി മൂസ ഷൂട്ട് ചെയ്‌ത അതേ ഫ്ലാറ്റിലേക്കെത്തുന്നതെന്നും ദിലീപ് പറഞ്ഞു. ഒരു മരപ്പട്ടിയും ഒരു നായയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റിംഗ് മാസ്റ്ററിന് ശേഷം താൻ നായയുമായി ചേർന്ന് അഭിനയിക്കുന്ന ചിത്രം കൂടിയാണിതെന്നും ദിലീപ് പറഞ്ഞു നിർത്തി. അതേസമയം യഥാർഥ വ്യക്തിയുടെ ജീവിതകഥയാണ് സിനിമയ്ക്ക് ആധാരമെന്ന് എഴുത്തുകാരൻ രാജേഷ് രാഘവൻ കൂട്ടിച്ചേർത്തു.
ALSO READ: 'പിറകിലാരോ...'; ദിലീപിന്‍റെ 'പവി കെയർ ടേക്കറി'ലെ ഗാനം പുറത്ത്