ഹൈദരാബാദ് : കഴിഞ്ഞ വർഷം അവസാനമാണ് സംഗീതജ്ഞൻ ഇളയരാജയുടെ ബയോപിക്കിന്‍റെ പ്രഖ്യാപനം നടന്നത്. ധനുഷ് ആണ് ഇളയരാജയെ തിരശീലയിൽ അവതരിപ്പിക്കുന്നത്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഈ വർഷം ഒക്‌ടോബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് അണിയറ പ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ നാളെ (മാർച്ച് 20) ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഇതിഹാസ സംഗീതജ്ഞനായ ഇളയരാജയുടെ ജീവിതം ആസ്‌പദമാക്കിയുള്ള സിനിമയ്‌ക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്രലോകം. 47 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന മഹത്തായ കരിയറിൽ ഇസൈജ്ഞാനി ഇളയരാജ പ്രേക്ഷകർക്ക് നൽകിയത് എണ്ണമറ്റ, മനം കവരുന്ന ഗാനങ്ങളാണ്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം അടുത്ത വർഷം പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധനുഷിന്‍റെ അഭിനയ ജീവിതത്തിലെ ആദ്യ ബയോപിക് കൂടിയാകുമിത്. അതേസമയം 'ക്യാപ്റ്റൻ മില്ലർ' ആണ് ധനുഷിന്‍റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. അരുൺ മാതേശ്വരൻ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്‌തതും. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും എത്തുമ്പോൾ സിനിമാസ്വാദകരും ഏറെ ആവേശത്തിലാണ്.
ധനുഷ് ഞെട്ടിക്കുന്ന പ്രകടനം കാഴ്‌ചവച്ച 'ക്യാപ്റ്റൻ മില്ലർ' ബോക്‌സ് ഓഫിസിലും തിളങ്ങിയിരുന്നു. ജനുവരി 12ന് ആഗോള റിലീസായി എത്തിയ ഈ ചിത്രത്തിന് വിദേശത്തടക്കം സ്വീകാര്യതയുണ്ടായിരുന്നു. ധനുഷിന്‍റെ 47-ാമത് ചിത്രം കൂടിയായ ഈ വാർ ആക്ഷൻ സിനിമയിൽ വേറിട്ട, വൈവിധ്യമാർന്ന ഗെറ്റപ്പുകളിലാണ് താരം എത്തിയത്. സത്യജ്യോതി ഫിലിംസിന്‍റെ ബാനറിൽ സെന്തിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. പ്രിയങ്ക അരുള്‍ മോഹൻ ആയിരുന്നു നായിക.
അതേസമയം ഇളയരാജ ബയോപിക്കിന് പുറമേ, ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന 'കുബേര'യിലും ധനുഷ് പ്രധാന വേഷത്തിലുണ്ട്. നാഗാർജുന അക്കിനേനി, രശ്‌മിക മന്ദാന എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. കൂടാതെ, 'നിലാവുക്ക് എൻ മേൽ എന്നടി കോപം', 'രായൻ' എന്നീ രണ്ട് സിനിമകൾ സംവിധാനം ചെയ്യുന്നതിന്‍റെയും തിരക്കിലാണ് ധനുഷ്.
അന്നദ് എൽ റായിയ്‌ക്കൊപ്പം 'തേരേ ഇഷ്‌ക് മേ' എന്ന ചിത്രവും ധനുഷിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 2023 ജൂണിൽ പ്രഖ്യാപിച്ച ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. രാഞ്ജന (2013) അത്‌രംഗി രേ (2021) എന്നീ സിനിമകൾക്ക് ശേഷം ധനുഷും റായിയും കൈകോർക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'തേരേ ഇഷ്‌ക് മേ'.