'ക്രേസി ഗോപാലൻ', 'കരിങ്കുന്നം 6 എസ്', 'ഫയർമാൻ' തുടങ്ങി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് സംവിധായകന്‍ ദീപു കരുണാകരൻ. ഇന്ദ്രജിത്തും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന 'മിസ്‌റ്റർ ആൻഡ് മിസിസ് ബാച്‌ലർ' എന്ന ചിത്രമാണ് ദീപു കരുണാകരന്‍റേതായി ഉടൻ റിലീസിനെത്തുന്നത്.
ദീപു കരുണാകരൻ ആദ്യം സംവിധാനം ചെയ്‌ത ചിത്രമാണ് 'വിന്‍റർ'. 2009 ലാണ് ചിത്രം റിലീസ് ചെയ്‌തത്. 15 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മലയാളത്തിലെ ലക്ഷണമൊത്ത ഹൊറർ ചിത്രങ്ങളിൽ ഒന്നായി ഇന്നും 'വിന്‍റര്‍' കണക്കാക്കപ്പെടുന്നു. ജയറാമും ഭാവനയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഇപ്പോഴിതാ തന്‍റെ ആദ്യ ഹൊറര്‍ സിനിമയുടെ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് സംവിധായകന്‍ ദീപു കരുണാകരൻ. പത്ത് മിനിറ്റ് കൊണ്ടാണ് 'വിന്‍റർ' സിനിമയുടെ ആശയത്തിലേയ്‌ക്ക് എത്തുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി.
'2004 ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. അക്കാലത്ത് റാമോജി റാവു ഫിലിം സിറ്റിയിൽ മലയാള സിനിമകൾ ഷൂട്ട് ചെയ്യാൻ പ്രത്യേക പാക്കേജ് ലഭ്യമായിരുന്നു.. വിന്‍ററിന്‍റെ നിർമ്മാതാവുമായി റാമോജി റാവു ഫിലിം സിറ്റിയിൽ എത്തുന്നത്, കോളേജ് പ്രമേയമാക്കി ഒരു ചിത്രം ഒരുക്കാനായിരുന്നു.
എന്നാൽ കേരളത്തിലെ കോളേജിന് സമാനമായ അന്തരീക്ഷം ഫിലിം സിറ്റിയിൽ ഒരുക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി അതിൽ നിന്ന് പിന്‍മാറി. ആദ്യ സിനിമ പൂർണമായി മുടങ്ങിയെന്ന് മനസ്സിലായി. അതേ ദിവസം റാമോജി റാവു ഫിലിം സിറ്റിയിലൂടെ വെറുതെ നടക്കുന്നതിനിടെ തോന്നിയ ഒരു ആശയമാണ് വിന്‍റർ.
ഫിലിം സിറ്റിക്കുള്ളിൽ അത്യന്തം ഭീതി ജനിപ്പിക്കുന്ന വീട്, നടത്തത്തിനിടെ ശ്രദ്ധയിൽപ്പെട്ടു. ആ വീട് നോക്കി നിൽക്കുമ്പോൾ ആയിരുന്നു വിന്‍റർ എന്ന സിനിമയുടെ ആശയം മനസ്സിൽ കുറിക്കുന്നത്. നിർമ്മാതാവിനോട് കാര്യങ്ങൾ വ്യക്‌തമാക്കിയപ്പോൾ അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും പച്ചക്കൊടി.
അങ്ങനെ ഒരേ ദിവസം ഒരു സിനിമ മുടങ്ങുകയും മറ്റൊരു സിനിമ പിറവി എടുക്കുകയും ചെയ്‌തു. ഇന്നും വിന്‍റർ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച സിനിമയാണ്. ചിത്രീകരണം പൂർത്തിയാക്കി നാല് വർഷത്തിന് ശേഷമാണ് സിനിമ തിയേറ്ററില്‍ എത്തുന്നത്. തിയേറ്ററിൽ വൻ വിജയമായില്ലെങ്കിലും പിൽക്കാലത്ത് മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയിൽ വിന്‍റർ ഇടംനേടി.' -ദീപു കരുണാകരൻ പറഞ്ഞു.
'കരിങ്കുന്നം 6 എസ്' എന്ന സിനിമയ്ക്ക് ശേഷം തന്‍റെ സംവിധാനത്തിൽ ഒരു സിനിമ റിലീസിനെത്തുന്നത് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്ന് സംവിധായകന്‍ പറയുന്നു. 'കരിങ്കുന്നത്തിന് ശേഷം എട്ട് വർഷമാകുന്നു എന്‍റെ സംവിധാനത്തിൽ ഒരു സിനിമ റിലീസിനെത്തിയിട്ട്. എന്ന് കരുതി മലയാളി പ്രേക്ഷകർ എന്‍റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നുവെന്ന് വിശ്വസിക്കുന്നില്ല.
സിനിമയിൽ പെട്ടെന്ന് എത്താനാവും, പക്ഷേ തുടരാനാണ് പാട്. ഞങ്ങളെ പോലുള്ളവർക്കാണ് സിനിമ വേണ്ടത്. സിനിമയ്ക്ക് ദീപു കരുണാകരൻ എന്ന സംവിധായകനെ ആവശ്യമില്ല. വലിയ ഗവേഷണങ്ങൾക്ക് ശേഷമാണ് തിരക്കഥകൾ തയ്യാറാക്കുന്നത്.
ക്രേസി ഗോപാലൻ ഒരു ബ്രില്ല്യന്‍റ് സിനിമയായി മാറുമെന്ന് അതിന്‍റെ ആദ്യ പ്രിന്‍റ് കണ്ടപ്പോൾ തോന്നിയില്ല. റിലീസിന് തലേ ദിവസം വരെ ചിത്രം വലിയൊരു പരാജയമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇന്നും പ്രേക്ഷകർ ഇഷ്‌ടപ്പെടുന്ന സിനിമകളിൽ ഒന്നായി ക്രേസി ഗോപാലൻ മാറി. സിനിമയിലെ സന്ദർഭങ്ങൾ ട്രോളുകളായി വരുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. '-ദീപു കരുണാകരൻ പറഞ്ഞു.
സംവിധാനത്തിന് പുറമെ ദീപു കരുണാകരന്‍ അഭിനയ രംഗത്തും ഒരു കൈ നോക്കി. ഇതേകുറിച്ചും സംവിധായകന്‍ തുറന്നു പറഞ്ഞു. 'ഇടയ്‌ക്ക് അഭിനയ രംഗത്തും ഒരു കൈ നോക്കി. അഭിനയിച്ചപ്പോൾ മുഖത്ത് വരുന്ന ഭാവങ്ങൾ വളരെ പെട്ടെന്ന് തീർന്നു പോകുന്നുവെന്ന് തോന്നി. കൂടുതൽ ഭാവങ്ങൾ ഇല്ലാത്തത് കൊണ്ടു അഭിനയ രംഗത്ത് തുടരാൻ സാധ്യതയില്ല.' -സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
തന്‍റെ പുതിയ സിനിമ വിശേഷങ്ങളും സംവിധായകന്‍ പങ്കുവച്ചു. 'പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന 'വാഗൺ 15' അല്ലെങ്കിൽ 'റെയിൽവേ ഗാർഡ്' എന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഘട്ടത്തിലാണ്. വർഷങ്ങളോളം നീണ്ടുനിന്ന ഗവേഷണങ്ങൾക്ക് ശേഷമാണ് തിരക്കഥ പൂർത്തിയാക്കിയത്. ഇനിയും കണ്ടിട്ടില്ലാത്ത റെയിൽവേയുടെ അകത്തളങ്ങളാണ് ചിത്ര പശ്ചാത്തലം.' -ദീപു കരുണാകരൻ പറഞ്ഞു.