തൻ്റെ കരിയറില്‍ അവിശ്വസനീയമായ മറ്റൊരു നാഴികക്കല്ല് കൂടി കൈവരിച്ച് ബോളിവുഡ് താരം ദീപിക പദുകോൺ. ഐഎംഡിബിയുടെ, കഴിഞ്ഞ ദശകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മികച്ച 100 ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ദീപിക. രണ്ടാം സ്ഥാനത്തെത്തിയ ഷാരൂഖ് ഖാൻ, മൂന്നാം സ്ഥാനത്തെത്തിയ ഐശ്വര്യ റായ് ബച്ചൻ അടക്കം ബോളിവുഡിലെ വമ്പൻ താരങ്ങളെ മറികടന്നാണ് താരത്തിന്‍റെ നേട്ടം.
കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഒരു ദശാബ്‌ദത്തിനിടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട അഭിനേതാക്കളുടെ ലിസ്റ്റ് ഐഎംഡിബി അനാച്ഛാദനം ചെയ്‌തത്- "ഐഎംഡിബിയിൽ ആഗോളതലത്തിൽ കഴിഞ്ഞ ദശകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട 100 ഇന്ത്യൻ താരങ്ങളുടെ പട്ടിക പുറത്ത്!. ഐഎംഡിബി ലിസ്റ്റിലെ അവസാന ദശാബ്‌ദത്തിലെ പ്രതിവാര റാങ്കിംഗുകൾ 2014 ജനുവരി മുതൽ 2024 ഏപ്രിൽ വരെയുള്ള ഐഎംഡിബിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ലോകമെമ്പാടുമുള്ള 250 ദശലക്ഷത്തിലധികം പ്രതിമാസ സന്ദർശകരുടെ യഥാർഥ പേജ് വ്യൂസാണ് ഈ റാങ്കിംഗുകൾ നിർണയിക്കുന്നത്"- ഐഎംഡിബി ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.
ബോളിവുഡിലെ മുൻനിര അഭിനേതാക്കളിൽ ഒരാളായി ദീപിക ഇതിനോടകം തൻ്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. സിനിമാതെരഞ്ഞെടുപ്പുകളിലെ വൈദഗ്ധ്യവും മികവുറ്റ പ്രകടനവുമാണ് ദീപികയുടെ കരിയർ ഗ്രാഫ് ഉയർത്തിയത്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിൽ ഒരാളാണ് ദീപിക പദുകോൺ.
ദീപിക പദുകോണിൻ്റെ ചില പ്രമുഖ സിനിമകൾ (2014-2024):
1. പികു (2015): ഷൂജിത് സിർകാർ സംവിധാനം ചെയ്‌ത പികുവിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്. വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ സന്തുലിതമാക്കുന്ന ഒരു ആധുനിക സ്‌ത്രീയുടെ വേഷം ദീപിക പദുകോൺ അനായാസമായി പകർന്നാടി. ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിൽ അമിതാഭ് ബച്ചൻ, ഇർഫാൻ ഖാൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. അച്ഛനും (അമിതാഭ് ബച്ചൻ) മകളും (ദീപിക പദുകോൺ) തമ്മിലുള്ള മനോഹരമായ ബന്ധത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം വികസിക്കുന്നത്.
2. ബാജിറാവു മസ്‌താനി (2015): ഈ, സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺവീർ സിങ്ങിനും പ്രിയങ്ക ചോപ്രയ്‌ക്കും ഒപ്പം പ്രധാന കഥാപാത്രത്തെയാണ് ദീപിക പദുകോൺ അവതരിപ്പിച്ചത്. മസ്‌താനി എന്ന കഥാപാത്രം പിരിയഡ് ഡ്രാമകളിലെ താരത്തിന്‍റെ മികവ് പ്രകടമാക്കി. നിരവധി അവാർഡുകളും അംഗീകാരങ്ങളും ഈ സിനിമയും കഥാപാത്രവും താരത്തിന് നേടിക്കൊടുത്തു.
3. പദ്‌മാവത് (2018) : വിവാദങ്ങൾക്കിടയിലും, റാണി പദ്‌മാവതിയായുള്ള ദീപിക പദുകോണിൻ്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. രൺവീർ സിംഗ്, ഷാഹിദ് കപൂർ എന്നിവരും ഈ പിരിയഡ് ഡ്രാമയിൽ പ്രധാന വേഷങ്ങളിലുണ്ട്.
4. ഛപക് (2020): ദീപികയുടെ നിർമാണ സംരംഭം കൂടിയാണ് ഛപക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിയുടെ കഥ പറഞ്ഞ ഈ ചിത്രത്തിൽ ദീപികയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു.
5. 83 (2021): ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിൻ്റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണ് 83. രൺവീർ സിംഗ് കപിൽ ദേവായി എത്തിയ ഈ സ്‌പോർട്‌സ് ഡ്രാമയിൽ ഭാര്യയായ റോമി ദേവിനെയാണ് ദീപിക അവതരിപ്പിച്ചത്.
ഇവയ്‌ക്ക് പുറമെ ഷാരൂഖ് ഖാനൊപ്പം പത്താൻ, ജവാൻ എന്നീ ചിത്രങ്ങളിൽ താരം നിർണായക വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2023ൽ പുറത്തിറങ്ങിയ ഈ രണ്ട് ചിത്രങ്ങളും ബോളിവുഡിൽ കലക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചവയായിരുന്നു.
അതേസമയം എസ്ആർകെയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 4 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം പത്താൻ എന്ന സിനിമയിലൂടെയാണ് ബോളിവുഡ് സൂപ്പർ താരം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്. പിന്നാലെ ജവാൻ, ഡങ്കി എന്നിവയിലൂടെ താരം ബാക്ക് ടു ബാക്ക് ഹിറ്റുകൾ നൽകി.
പട്ടികയിൽ ഇടം നേടിയ ദക്ഷിണേന്ത്യൻ അഭിനേതാക്കൾ: വനിത താരങ്ങളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത് സാമന്ത റൂത്ത് പ്രഭുവാണ്. പട്ടികയിൽ 13-ാം സ്ഥാനത്താണ് താരം. തമന്ന ഭാട്ടിയ 16-ാം സ്ഥാനത്തും നയൻതാര 18-ാം സ്ഥാനത്തുമുണ്ട്. കഴിഞ്ഞ ദശകത്തിൽ IMDb-യിൽ ഏറ്റവും കൂടുതൽ കണ്ട 100 ഇന്ത്യൻ താരങ്ങളിൽ 47 പേർ സ്‌ത്രീകളാണ് എന്നതും ശ്രദ്ധേയം.
ദക്ഷിണേന്ത്യയിൽ നിന്നുള്ള പുരുഷ നടന്മാരിൽ ഏറ്റവും മുന്നിൽ പ്രഭാസാണ്. 29-ാം റാങ്കാണ് താരം സ്വന്തമാക്കിയത്. ബാഹുബലി സീരീസ് (2015-2017) തന്നെയാണ് ഇന്ത്യൻ സിനിമയിൽ പ്രഭാസിന് സ്ഥാനം നൽകിയത്. ബാഹുബലിക്ക് ശേഷം സാഹോ, രാധേ ശ്യാം, ആദിപുരുഷ് എന്നീ ചിത്രങ്ങളിൽ പ്രഭാസ് പ്രത്യക്ഷപ്പെട്ടെങ്കിലും കാര്യമായ നേട്ടംകൊയ്യാൻ സാധിച്ചിരുന്നില്ല. അടുത്തതായി പാൻ-ഇന്ത്യ ചിത്രം കൽക്കി 2898 എഡിയുമായാണ് താരം എത്തുന്നത്.
ഇർഫാൻ ഖാനും സുശാന്ത് സിംഗ് രാജ്‌പുത്തും പട്ടികയിൽ : ലിസ്റ്റിലെ മറ്റൊരു അതിശയകരമായ വസ്‌തുത എന്തെന്നാൽ അന്തരിച്ച അഭിനേതാക്കളായ ഇർഫാൻ ഖാനും സുശാന്ത് സിംഗ് രാജ്‌പുത്തും ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ്. ഏറ്റവും കൂടുതൽ ആളുകൾ കണ്ട ആദ്യ 10 ഇന്ത്യൻ താരങ്ങളിലാണ് ഇരുവരും സ്ഥാനം പിടിച്ചിരിക്കുന്നത്.
ആരാധകരുടെ സ്‌നേഹത്താൽ ഇർഫാൻ ഖാൻ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തും സുശാന്ത് ഏഴാമതുമാണ്. ഇവരുടെ അകാല വിയോഗം സിനിമാപ്രേമികളുടെ ഹൃദയത്തിൽ വലിയൊരു ശൂന്യതയാണ് സൃഷ്‌ടിച്ചത്. എങ്കിലും ചെയ്‌തുവച്ച കഥാപാത്രങ്ങളിലൂടെയും പകരംവയ്‌ക്കാനില്ലാത്ത പ്രകടനത്തിലൂടെയും മരണത്തെ തോൽപ്പിച്ച് ഇരുവരും പ്രേക്ഷകമനസിൽ ഇന്നും ജീവിക്കുന്നു.
ദി ലഞ്ച്ബോക്‌സ് (2013), പികു (2015), ഹിന്ദി മീഡിയം (2017) തുടങ്ങിയ ചിത്രങ്ങളിൽ വേറിട്ട പ്രകടനമാണ് ഇർഫാൻ കാഴ്‌ചവച്ചത്. മറുവശത്ത്, കൈ പോ ചെ (2013), എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി (2016) പോലുള്ള ചിത്രങ്ങളിലെ സുശാന്തിന്‍റെ അവിസ്‌മരണീയ പ്രകടനങ്ങൾ ആരാധകർ ഇന്നും നെഞ്ചേറ്റുന്നു.