ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്‌സ് (ബാഫ്‌ത/BAFTA) പുരസ്‌കാര ചടങ്ങിൽ അതിഥികളിൽ ഒരാളായി ദീപിക പദുകോൺ (Deepika Padukone). ഫെബ്രുവരി 18ന് ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ വച്ചാണ് 77-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് വിതരണം നടക്കുന്നത് (BAFTA Awards 2024). ദീപിക പദുകോൺ ഏത് വിഭാഗത്തിലാണ് അവാർഡ് സമ്മാനിക്കുന്നതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വാർത്ത സ്ഥിരീകരിച്ചുകൊണ്ട് താരം ഇൻസ്റ്റഗ്രാമിൽ ഇത് പങ്കുവക്കുകയും ചെയ്‌തു. ദീപിക പദുകോണിന്‍റെ പേര് ഉൾപ്പെടുന്ന ബാഫ്റ്റ അതിഥികളുടെ ലിസ്റ്റ് അടങ്ങിയ ഒരു സ്‌ക്രീൻഷോട്ടാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചത്. സ്റ്റോറിയിൽ 'GRATITUDE' എന്ന് താരം കുറിക്കുകയും ചെയ്‌തു.
ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം (David Beckham), ഗായിക ദുവാ ലിപ (Dua Lipa), കേറ്റ് ബ്ലാഞ്ചെറ്റ് (Cate Blanchett), ബ്രിഡ്‌ജർടൺ താരം അഡ്ജോ ആൻഡോ (Adjoa Andoh), ഹഗ് ഗ്രാൻ്റ് (Hugh Grant), ലില്ലി കോളിൻസ് (Lily Collins), എമ്മ കോറിൻ (Emma Corrin), ഗില്ലിയൻ ആൻഡേഴ്‌സൺ (Gillian Anderson), ഹിമേഷ് പട്ടേൽ (Himesh Patel), ഇദ്രിസ് എൽബ (Idris Elba) എന്നിവരാണ് മറ്റ് അതിഥികൾ. അന്താരാഷ്‌ട്ര പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കുന്ന ദീപിക പദുക്കോൺ കഴിഞ്ഞ വർഷത്തെ ഓസ്‌കർ അവാർഡ് ദാന ചടങ്ങിലെ അതിഥിയായിരുന്നു.
രൗജമൗലി സംവിധാനം ചെയ്‌ത ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം വേദിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ആമുഖ പ്രസംഗം നടത്തിയത് ദീപിക പദുകോൺ ആയിരുന്നു. മികച്ച ഒറിജിനൽ ഗാനത്തിനുള്ള അവാർഡ് 'നാട്ടു നാട്ടു' എന്ന് പ്രഖ്യാപിച്ചപ്പോൾ ദീപിക പദുകോൺ വികാരഭരിതയായത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.