ഡൽഹി : 19കാരിയായ നടി സുഹാനി ഭട്‌നാഗറിന്‍റെ വിയോഗ വാർത്തയുടെ നടുക്കത്തിലാണ് ബോളിവുഡ് സിനിമ ലോകവും ആരാധകരും (Dangal star Suhani Bhatnagar death). ആമിർ ഖാന്‍റെ 'ദംഗൽ' കണ്ട ആരും തന്നെ സുഹാനി ഭട്‌നാഗറിന്‍റെ പ്രകടനം മറക്കാൻ ഇടയില്ല. ബബിത ഫോഗട്ട് എന്ന കഥാപാത്രത്തിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ച സുഹാനി ഭട്‌നാഗറിന്‍റെ മരണവാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഡൽഹിയിൽ വച്ചായിരുന്നു താരത്തിന്‍റെ അന്ത്യം. അതേസമയം സുഹാനിയുടെ മരണകാരണം എന്തെന്നതിൽ ആദ്യം വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ ഡെർമറ്റോമയോസിറ്റിസ് (Dermatomyositis) എന്ന അപൂർവ രോഗവുമായി മല്ലിടുകയായിരുന്നു സുഹാനി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സുഹാനിയുടെ കുടുംബം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രണ്ട് മാസം മുമ്പ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയെങ്കിലും പത്ത് ദിവസം മുമ്പാണ് സുഹാനിക്ക് രോഗം സ്ഥിരീകരിച്ചതെന്ന് കുടുംബം അറിയിച്ചു. രോഗം വഷളായതിനെ തുടർന്ന് ഫെബ്രുവരി 7നാണ് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) സുഹാനി ഭട്‌നഗറെ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ രോഗം മൂർച്ഛിക്കുകയും ഫെബ്രുവരി 16 ന് മരണപ്പെടുകയുമായിരുന്നു.
ചർമ്മ ചുണങ്ങുകൾക്കും പേശികളുടെ ബലഹീനതയ്ക്കും കാരണമാകുന്ന അപൂർവ കോശജ്വലന രോഗമായ ഡെർമറ്റോമയോസിറ്റിസാണ് സുഹാനിയെ ബാധിച്ചതെന്ന് പിതാവ് സുമിത് ഭട്‌നാഗർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "രണ്ട് മാസം മുമ്പ് അവളുടെ കൈകളിൽ ഒരു ചുവന്ന പൊട്ട് രൂപപ്പെട്ടു. ഇത് അലർജിയാണെന്ന് ഞങ്ങൾ കരുതിയത്.
തുടർന്ന് ഫരീദാബാദിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ നില വഷളാകാൻ തുടങ്ങിയപ്പോൾ ഞങ്ങൾ അവളെ എയിംസിൽ പ്രവേശിപ്പിച്ചു. എന്നാൽ ഒരു പുരോഗതിയും ഉണ്ടായില്ല. അധിക ദ്രാവകം അടിഞ്ഞുകൂടിയതിനാൽ അവളുടെ ശ്വാസകോശത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു'- സുമിത് ഭട്‌നാഗറിന്‍റെ വാക്കുകൾ ഇങ്ങനെ.
അതേസമയം നിരവധി പരസ്യങ്ങളിലും സുഹാനി അഭിനയിച്ചിട്ടുണ്ട്. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ 'ദംഗൽ' സിനിമയാണ് താരത്തിന് കൂടുതൽ പ്രശസ്‌തി നേടിക്കൊടുത്തത്. സന്യ മൽഹോത്ര അവതരിപ്പിച്ച ഗുസ്‌തി താരം ബബിത ഫോഗട്ടിന്‍റെ ചെറുപ്പകാലമാണ് 'ദംഗലി'ൽ സുഹാനി അവതരിപ്പിച്ചത്. ആമിർ ഖാന്‍റെ മഹാവീർ സിങ് ഫോഗട്ട് എന്ന കഥാപാത്രത്തിന്‍റെ മകളായാണ് സുഹാനി എത്തിയത്.
എന്നാൽ ദംഗലിന് ശേഷം സുഹാനി സിനിമയിൽ സജീവമായിരുന്നില്ല. വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി സുഹാനി അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. സുഹാനിയുടെ വിയോഗവാർത്ത പുറത്തുവന്നതിന് പിന്നാലെ ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ALSO READ: 'ദംഗല്‍' താരം സുഹാനി ഭട്നഗര്‍ അന്തരിച്ചു, വിയോഗം 19-ാം വയസിൽ