മെഗാസ്റ്റാർ ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി വസിഷ്‌ഠ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിശ്വംഭര'. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ഫാന്‍റസി അഡ്വഞ്ചർ സിനിമയുടെ നിർമാണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതിയും പുറത്തുവന്നിരിക്കുകയാണ്. 2025 ജനുവരി 10ന് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും (Vishwambhara to release on January 10, 2025).
'വിശ്വംഭര' സിനിമയുടെ ഹൈദരാബാദിലെ സെറ്റിൽ ചിരഞ്ജീവി ജോയിൻ ചെയ്‌തയായും അണിയറ പ്രവർത്തകർ അറിയിച്ചു (Chiranjeevi joins Vishwambhara shooting set). നവംബർ അവസാന വാരത്തിലാണ് 'വിശ്വംഭര'യുടെ പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസിന്‍റെ ബാനറിൽ വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ചിരഞ്ജീവിയുടെ ഇതുവരെയുള്ള സിനിമകളേക്കാൾ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് 'വിശ്വംഭര'.
അതേസമയം 'വിശ്വംഭര'യുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനായ് 13 കൂറ്റൻ സെറ്റുകളാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. മെഗാസ്റ്റാർ ചിരഞ്ജീവിയും സംവിധായകൻ വസിഷ്‌ഠയും ഇതാദ്യമായാണ് ഒരു സിനിമയ്‌ക്കായി കൈകോർക്കുന്നത്.
'ബിംബിസാര' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധയാർജിച്ച വസിഷ്‌ഠ, ചിരഞ്ജീവിയ്‌ക്കൊപ്പം ചേരുമ്പോൾ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. സംവിധായകൻ വസിഷ്‌ഠ തന്നെയാണ് ഈ ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. ചിരഞ്ജീവിയുടെ 156-ാമത്തെ സിനിമ കൂടിയാണിത്.
വർഷങ്ങൾക്ക് ശേഷമാണ് ഒരു ഫാന്‍റസി ചിത്രത്തിൽ ചിരഞ്ജീവി പ്രത്യക്ഷപ്പെടുന്നത് എന്നതും വിശ്വംഭരയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു. 'ജഗദേക വീരുഡു അതിലോക സുന്ദരി' (Jagadeka Veerudu Athiloka Sundari) പോലെ മറ്റൊരു ഫാന്‍റസി എന്‍റർടെയ്‌നർ തന്നെയാകും ചിരഞ്ജീവിയുടെ പുതിയ ചിത്രമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
നേരത്തെ പുറത്തുവന്ന വിശ്വംഭര സിനിമയുടെ അനൗൺസ്‌മെന്‍റ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചയായിരിന്നു. ചിരഞ്ജീവിയുടെ പിറന്നാളിനോട് (Chiranjeevi birthday) അനുബന്ധിച്ച് കഴിഞ്ഞ വർഷം ഓഗസ്റ്റ് 25നാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, ആകാശം, അഗ്നി, വായു എന്നിവ സന്നിവേശിപ്പിക്കുന്ന അനൗൺസ്‌മെന്‍റ് പോസ്റ്റർ ഏറെ നിഗൂഢതകളും ഒളിപ്പിച്ചുവയ്‌ക്കുന്നതായിരുന്നു (Mega 156 Announcement poster).
ഛോട്ടാ കെ നായിഡുവാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. കോത്തഗിരി വെങ്കിടേശ്വര റാവുവും സന്തോഷ് കാമിറെഡ്ഡിയും ചിത്രസംയോജനം കൈകാര്യം ചെയ്യുന്നു. ശിവശക്തി ദത്ത, ചന്ദ്രബോസ് എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് എം എം കീരവാണിയാണ്.
സ്‌ക്രിപ്‌റ്റ് അസോസിയേറ്റ്‌സ് : ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണങ്ങൾ : സായി മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ : എ എസ് പ്രകാശ്, വസ്‌ത്രാലങ്കാരം : സുസ്‌മിത കൊനിഡേല, ലൈൻ പ്രൊഡ്യൂസർ : റാമിറെഡ്ഡി ശ്രീധർ റെഡ്ഡി, പി ആർ ഒ : ശബരി എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.