പാരീസ്: കാൻ ഫിലിം ഫെസ്റ്റിവലിൽ പലസ്‌തീന്‍ ജനതയ്‌ക്ക് ഐക്യദാർഢ്യവുമായി മലയാളി താരം കനി കുസൃതി. പാതിമുറിച്ച തണ്ണിമത്തന്‍ രൂപത്തിലുള്ള വാനിറ്റി ബാഗുമായാണ് കനി റെഡ് കാർപ്പറ്റിൽ എത്തിയത്. ഇസ്രയേല്‍ അധിനിവേഷത്തിന്‍റെ പശ്ചാത്തലത്തില്‍ പലസ്‌തീൻ ഐക്യദാര്‍ഢ്യത്തിന്‍റെ ആഗോള അടയാളമാണ് തണ്ണിമത്തൻ.
കാന്‍ റെഡ്‌കാര്‍പ്പറ്റില്‍ തണ്ണിമത്തന്‍ ബാഗുമായി നില്‍ക്കുന്ന കനിയുടെ ചിത്രങ്ങള്‍ വൈറലാണ്. അതേസമയം 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയുടെ പ്രദർശനത്തിന്‍റെ ഭാഗമായാണ് കനി കുസൃതി കാനിന് എത്തിയത്. പായൽ കപാഡിയ സംവിധാനം ചെയ്‌ത ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് കനിയാണ്. ദിവ്യ പ്രഭ, ഹൃദ്ദു ഹാറൂൺ, ഛായാ ഖദം എന്നിവരും റെഡ് കാർപ്പറ്റിൽ തിളങ്ങിയിരുന്നു.
കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാമിന് (പാം ദോർ) മത്സരിക്കുന്ന ഇന്ത്യൻ ചിത്രമാണ് 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'. മുപ്പത് വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം ഫൈസ്റ്റിവലില്‍ മത്സരിക്കുന്നത്. ഗ്രാൻഡ് ലൂമിയർ തിയേറ്ററിൽ കഴിഞ്ഞ ദിവസം 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' പ്രദര്‍ശിപ്പിരുന്നു.
നിറഞ്ഞ കയ്യടി നല്‍കിയാണ് പ്രേക്ഷകര്‍ ചിത്രത്തോട് പ്രതികരിച്ചത്. സിനിമയുടെ ഏറ്റവും വലിയ വിജയം തന്‍റെ അഭിനേതാക്കൾ ആണെന്ന് ചിത്രത്തിന്‍റെ പ്രീമിയർ ഷോക്ക് ശേഷം പായൽ കപാഡിയ പ്രതികരിച്ചിരുന്നു.
അഭിനേതാക്കൾ എന്നതിലുപരി ഇതിലെ താരങ്ങൾ ഉൾപ്പെടെ ഞങ്ങൾ ഒരു കുടുംബമാണ്. ആ സ്നേഹമാണ് ഈ ചിത്രത്തിന്‍റെ വിജയമെന്നും പായൽ കപാഡിയ പറഞ്ഞു. പായൽ കപാഡിയയുടെ ആദ്യ ഫിക്ഷൻ ഫീച്ചർ ചിത്രമാണ് 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'.