ഹൈദരാബാദ്: ഭൂമി പെഡ്‌നേക്കർ കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രം വരുന്നു. 'ഭക്ഷക്' എന്ന ചിത്രത്തിലാണ് ബോളിവുഡിന്‍റെ പ്രിയതാരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് (Bhumi Pednekar starrer Bhakshak). ഈ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നു.
- " class="align-text-top noRightClick twitterSection" data="">
പുൽകിത് ആണ് ഈ ക്രൈം ത്രില്ലർ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. പ്രലോഭനങ്ങളിൽ വീഴാത്ത, ഭീഷണികൾക്ക് മുന്നിൽ തളരാത്ത ഒരു സ്‌ത്രീയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്‍റെ കഥയാണ് 'ഭക്ഷക്' പറയുന്നത്. വൈശാലി സിംഗ് എന്ന ജേണലിസ്റ്റിനെയാണ് ഭൂമി പെഡ്‌നേക്കർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് (Bhakshak Trailer out).
ഭയാനകമായ ഒരു കുറ്റകൃത്യം വെളിച്ചത്ത് കൊണ്ടുവരാനും സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ യാഥാർഥ്യം തുറന്നുകാട്ടാനും ശ്രമിക്കുന്ന അന്വേഷണാത്മക പത്രപ്രവർത്തകയാണ് ഭൂമി പെഡ്‌നേക്കർ 'ഭക്ഷകി'ൽ. ഈ ചിത്രം ഒടിടി റിലീസായാണ് പ്രേക്ഷകർക്കരികിൽ എത്തുക. നെറ്റ്‌ഫ്ലിക്‌സാണ് 'ഭക്ഷകി'ന്‍റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 9 മുതൽ നെറ്റ്‌ഫ്ലിക്‌സിൽ ഈ ചിത്രം സ്‌ട്രീമിംഗ് ആരംഭിക്കും.
പെൺകുട്ടികൾക്കായുള്ള അഭയ കേന്ദ്രത്തിൽ ഒരു കുട്ടി ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നതും ഇതിന് പിന്നിലെ അന്വേഷണവുമെല്ലാമാണ് 'ഭക്ഷക്' ദൃശ്യവൽക്കരിക്കുന്നത്. ഭൂമി പെഡ്‌നേക്കറിന് പുറമെ സഞ്ജയ് മിശ്ര, ആദിത്യ ശ്രീവാസ്‌തവ, സായ് തംഹങ്കർ എന്നിവരും 'ഭക്ഷകി'ൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഏറെ സസ്‌പെൻസ് രംഗങ്ങൾ കോർത്തിണക്കിയ, കാണികൾക്ക് ത്രില്ലിംഗ് അനുഭവം സമ്മാനിക്കുന്ന ട്രെയിലറാണ് നിർമാതാക്കൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ഒരു മുറി നിറയെ അനാഥരായ പെൺകുട്ടികളെ കാണിക്കുന്ന രംഗത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ഈ പെൺകുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങളും അവർ ദുരുപയോഗം ചെയ്യപ്പെടുന്നതുമെല്ലാം ട്രെയിലറിൽ കാണാം. ഇതിനെ വെളിച്ചത്തുകൊണ്ടുവരാൻ ഭൂമിയുടെ കഥാപാത്രം നടത്തുന്ന പ്രയത്നങ്ങളും ട്രെയിലറിൽ വ്യക്തമാകുന്നുണ്ട്.
ഇതിനെല്ലാം പിന്നിൽ മന്ത്രിയുടെ ഇടപെടലുണ്ടെന്നും നിരവധി ഉന്നത രാഷ്‌ട്രീയക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ മനസിലാക്കുന്നു. ഭൂമി പെഡ്‌നേക്കറുടെ കഥാപാത്രം ഈ വസ്‌തുതകൾ കണ്ടെത്തുന്നത് എങ്ങനെയാകുമെന്നും നീതി ഉറപ്പാകുമോ എന്നെല്ലാം അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഏതായാലും മികച്ച ത്രില്ലിംഗ് അനുഭവം ഈ ചിത്രം സമ്മാനിക്കുമെന്ന് ഉറപ്പുതരുന്നതാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലർ.
സമൂഹത്തിലെ കഠിനമായ യാഥാർഥ്യങ്ങളിലേക്ക് വെളിച്ചം വീശുകയും അർഥവത്തായ മാറ്റത്തിലേക്ക് നയിക്കുന്ന സംഭാഷണങ്ങൾ സൃഷ്‌ടിക്കുകയുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് സിനിമയുടെ സംവിധായകനായ പുൽകിത് പറയുന്നു. ഈ സുപ്രധാന സംഭാഷണത്തിൽ കൂടുതൽ ആളുകൾ ചേരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനിമയ്‌ക്കൊപ്പമുള്ള പ്രയാസകരമായ യാത്രയെകുറിച്ച് ഭൂമി പെഡ്‌നേക്കറും നേരത്തെ മനസുതുറന്നിരുന്നു. "ഭക്ഷകിൽ പ്രവർത്തിക്കുന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു, കാരണം അത് സെൻസിറ്റീവും വിവാദപരവുമായ വിഷയത്തെയാണ് അടിസ്ഥാനമാക്കുന്നത്. ഒരുവന്‍റെ മനസാക്ഷിയെ ഉലയ്‌ക്കുന്ന അഗാധമായ ചോദ്യങ്ങളാണ് ഈ ചിത്രം ഉന്നയിക്കുന്നത്. യഥാർഥമായ മാറ്റത്തിന് കാരണമാകുന്ന സംസാരങ്ങളെ ഈ സിനിമ പ്രകോപിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു"- ഭൂമിയുടെ വാക്കുകൾ ഇങ്ങനെ.
റെഡ് ചില്ലീസ് എന്‍റർടെയിൻമെൻസിന്‍റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയുമാണ് 'ഭക്ഷക്' നിർമിച്ചിരിക്കുന്നത്. സംവിധായകൻ പുൽകിതും ജ്യോത്സന നാഥും ചേർന്നാണ് ഈ ചിത്രത്തിന്‍റെ രചന നിർവഹിച്ചത്. ബോണി ജെയിൻ ആണ് 'ഭക്ഷക്' സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.