ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുള്ള ആരോപണങ്ങള്‍ക്കിടെ പ്രതികരണവുമായി നടി ഭാവന. ചെഗുവേരയുടെ വാക്കുകള്‍ പങ്കുവച്ചു കൊണ്ടാണ് ഭാവനയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭാവനയുടെ പ്രതികരണം. അനീതി തിരിച്ചറിയാന്‍ പ്രാപ്‌തി ഉണ്ടാകണമെന്നാണ് ഭാവന ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
'എല്ലാത്തിനും ഉപരിയായി ലോകത്ത് എവിടെയും ആര്‍ക്കെതിരെയും നടക്കുന്ന ഏത് അനീതിയും ആഴത്തില്‍ തിരിച്ചറിയാന്‍ കഴിവുണ്ടാവണം.' -ഇപ്രകാരമാണ് ഭാവന ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
നേരത്തെ ഭാവനയെ പ്രകീര്‍ത്തിച്ച് കൊണ്ട് മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ ഉള്‍പ്പെടെയുള്ള നടിമാര്‍ രംഗത്തുവന്നിരുന്നു. അക്രമത്തിനെതിരെ പൊരുതാനുള്ള ഭാവനയുടെ നിശ്ചയദാര്‍ഢ്യത്തെ പ്രകീര്‍ത്തിച്ച് കൊണ്ടാണ് നടിമാരുടെ പ്രതികരണം. വുമണ്‍ ഇന്‍ സിനിമ കളക്‌ടീവും ഭാവനയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു.
അവളുടെ പോരാട്ടമാണ് എല്ലാത്തിന്‍റെയും തുടക്കം എന്നായിരുന്നു നടിമാരുടെ പോസ്‌റ്റിന്‍റെ സാരാംശം. 'ഇപ്പോള്‍ നടക്കുന്ന എല്ലാത്തിനും പിന്നില്‍ ഒറ്റ സ്‌ത്രീയുടെ കരുത്താണെന്ന് മറക്കരുത്. പൊരുതാനുള്ള അവളുടെ നിശ്ചദാര്‍ഢ്യത്തിന്‍റെ ഫലമാണ് ഇത്' -ഇപ്രകാരമാണ് ഗീതു മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഗീതു മോഹന്‍ദാസിന്‍റെ ഇതേ വാക്കുകള്‍ മഞ്ജു വാര്യരും ഫേസ്‌ബുക്കില്‍ പങ്കുവച്ചു.
'ഈ ലോകം ഇവിടെ ജനിച്ച എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്‌മാഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടെയും ഔദാര്യം അല്ല. എന്നും അത് നമ്മുടെ ഓരോരുത്തരുടെയും അവകാശം ആണ്. സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന എന്‍റെ പ്രിയ സുഹൃത്തില്‍ നിന്നാണ് ഇതിന്‍റെ തുടക്കം.' -രമ്യ നമ്പീശന്‍ കുറിച്ചു.