ശ്രീനഗർ: നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ ഭാരത് രംഗ് മഹോത്സവം വെള്ളിയാഴ്‌ച ജമ്മു കശ്‌മീരില്‍ ആരംഭിക്കും. സംഗീത ടിപ്പിൾ സംവിധാനം ചെയ്‌ത രവീന്ദ്ര ഭാരതിയുടെ ഹിന്ദി നാടകമായ "അഗിൻ തിരിയ"യോടെയാണ് മഹോത്സവത്തിന് തുടക്കമാകുന്നത്.
ടാഗോർ ഹാളിലാണ് തിയ്യേറ്റർ ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന തിയ്യേറ്റർ ഫെസ്റ്റിവലിൽ അഞ്ച് നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. ഇതിൽ ഓരോ നാടകങ്ങളും വിവിധ ജോണറുകളിൽ നിന്നുള്ളതും വ്യത്യസ്‍ത ഭാഷകളിലും നിന്നുള്ളതുമാണെന്ന് എൻഎസ്‌ഡിയിലെ ഫെസ്റ്റിവൽ കൺട്രോളർ സുമൻ വൈദ്യ മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്‌ച ഷാ-ഇ-ജഹാൻ അഹമ്മദ് ഭഗത് സംവിധാനം ചെയ്‌ത "ആർമിൻ പഥേർ" എന്ന കശ്‌മീരി നാടകം പ്രേക്ഷകർക്കായി പ്രദർശിപ്പിക്കും. ഞായറാഴ്‌ച എഴുത്തുകാരനും സംവിധായകനുമായ സച്ചിൻ മാളവിയുടെ"സിഫർ" എന്ന ഹിന്ദി നാടകമാണ് പ്രദർശനത്തിനെത്തുന്നത്. ഭാസ്‌കർ മുഖർജിയുടെ സംവിധാനത്തിൽ ഒരുക്കിയ ബംഗാളി നാടകം "ഫെലെ ആസ മെഗാഹെർട്ട്സ്" തിങ്കളാഴ്‌ച തിയ്യേറ്ററിൽ എത്തും. എഴുത്തുകാരി നിക്കോള പിയാൻസോളയുടെ ഇംഗ്ലീഷ് നാടകമായ "ദി ഗ്ലോബൽ സിറ്റി"യോടെ ചൊവ്വാഴ്‌ച ഫെസ്റ്റിവലിന് തിരശ്ശീല വീഴും.
"നാടകത്തിൻ്റെ മാന്ത്രികത പ്രോത്സാഹിപ്പിക്കുന്നതിനും വൈവിധ്യമാർന്ന ശബ്‌ദങ്ങൾക്കും കാലാനുസൃത വിവരണങ്ങണൾക്കും ഒരു വേദിയൊരുക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കലാപരമായ മികവിനും സാംസ്‌കാരിക വൈവിധ്യത്തിനും വേണ്ടിയുള്ള എൻഎസ്‌ഡിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ഈ ഉത്സവം ഒരു സുപ്രധാന സംഭവമാണെന്ന്" വൈദ്യ പറഞ്ഞു.
ഫെബ്രുവരി 1 നാണ് വാർഷിക നാടകോത്സവം ആരംഭിച്ചത്. മുംബൈയിലെ നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ നടനും നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലെ പൂർവ്വ വിദ്യാർത്ഥിയുമായ അശുതോഷ് റാണ അവതരിപ്പിച്ച "ഹുമാരേ റാം" എന്ന നാടകത്തോടെയാണ് വാർഷിക നാടകോത്സവത്തിന് തുടക്കമായത്.