നിവിൻ പോളിക്കെതിരെയുള്ള ലൈംഗികാരോപണ പരാതി വ്യാജമെന്ന് നടൻ ഭഗത് മാനുവൽ. സോഷ്യല്‍ മീഡിയയിലൂടെ തെളിവ് പുറത്തുവിട്ട് രംഗത്തെത്തുകയായിരുന്നു ഭഗത്. നിവിൻ പോളിയുടെ നിരപരാധിത്വം തെളിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്‍റെ കയ്യിലുള്ള തെളിവ് സോഷ്യൽ മീഡിയയിലൂടെ ഭഗത് മാനുവൽ പുറത്തുവിട്ടത്.
പരാതി പ്രകാരം പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് പറയുന്ന ദിവസം, അതായത് 2023 ഡിസംബർ 14ന് നിവിന്‍ പോളി 'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമയുടെ സെറ്റിലാണ് ഉണ്ടായിരുന്നത്. 'സിനിമയിൽ ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ' -എന്ന ഹോട്ടൽ റൂം സീനിന് ശേഷം, അടുത്ത ദിവസം നിതിൻ മോളി എന്ന കഥാപാത്രം ഉദ്ഘാടനത്തിനെത്തുന്ന രംഗമാണ് ചിത്രീകരിച്ചത്.
തെളിവായി ഉദ്ഘാടനത്തിനെത്തുന്ന നിവിൻ പോളിയുടെ കഥാപാത്രം, കാറിൽ നിന്നിറങ്ങുന്ന ഒരു ചിത്രം ഭഗത് മാനുവല്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചു. ഭഗത് മാനുവല്‍ പങ്കുവച്ച ചിത്രത്തില്‍ നിവിന്‍റെ കഥാപാത്രത്തിന്‍റെ മാനേജറായ ഭഗത്തിനെയും കാണാം. 2023 ഡിസംബർ 14ന് രാവിലെ 11:02 ആണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്. ഇതിൽ നിന്നും പരാതി വ്യാജമാണെന്ന് ഭഗത് പ്രസ്‌താവിക്കുന്നു.
കഴിഞ്ഞ ദിവസം നിവിൻ പോളിയെ പിന്തുണച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. യുവതി പരാതി ഉന്നയിച്ച ദിവസങ്ങളിൽ, നിവിന്‍ തനിക്കൊപ്പം ആയിരുന്നുവെന്ന് വിനീത് ശ്രീനിവാസനും ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. കൂടാതെ പീഡനം നടന്നുവെന്ന് പറയപ്പെടുന്ന രണ്ട് ദിവസങ്ങളിലും നിവിന്‍, തനിക്കൊപ്പം ഉണ്ടായിരുന്നതിന്‍റെ തെളിവുകള്‍ തന്‍റെ പക്കൽ ഉണ്ടെന്ന് വിനീത് ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു.
വിനീത് ശ്രീനിവാസന്‍റെ പ്രസ്‌താവനയെ ശരിവെച്ച് നിർമ്മാതാവ് കൃഷ്‌ണൻ സേതു കുമാർ ഇടിവി ഭാരതിനോട് പ്രതികരിച്ചിരുന്നു. നിവിൻ പൊളി അഭിനയിച്ച 'ഫാർമ' എന്ന വെബ് സീരീസിന്‍റെ നിർമ്മാതാവാണ് കൃഷ്‌ണൻ സേതു കുമാർ. ലൈംഗികാരോപണ പരാതി ആസൂത്രിതമാണെന്നാണ് കൃഷ്‌ണൻ സേതുകുമാർ പ്രതികരിച്ചത്.
പെൺകുട്ടി തന്നെ പീഡിപ്പിച്ചുവെന്ന് പറയുന്ന, ഡിസംബർ 14-ാം തീയതി നിവിൻ പോളി 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിന്‍റെ സെറ്റിൽ ഉണ്ടെന്നുള്ള കാര്യം വ്യക്തമാണെന്ന് കൃഷ്‌ണൻ സേതുകുമാർ ഇടിവി ഭാരതിനോട് വെളിപ്പെടുത്തി. അന്നേ ദിവസം നിവിൻ പോളിക്കൊപ്പമെടുത്ത ഫോട്ടോ കൃഷ്‌ണൻ സേതുകുമാർ ഇൻസ്‌റ്റഗ്രാമിൽ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു.