തെലുഗു സൂപ്പർതാരം നന്ദമൂരി ബാലകൃഷ്‌ണയുടെ മകൻ നന്ദമൂരി മോക്ഷഗ്ന്യ സിനിമയിലേയ്‌ക്ക്. ഹനുമാന്‍ സംവിധായകന്‍ പ്രശാന്ത് വര്‍മ ചിത്രത്തിലൂടെയാണ് നന്ദമൂരി മോക്ഷഗ്ന്യയുടെ അരങ്ങേറ്റം. മോക്ഷഗ്ന്യയുടെ ജന്‍മദിനത്തോടനുബന്ധിച്ചായിരുന്നു സിനിമയുടെ പ്രഖ്യാപനം.
പ്രഖ്യാപനത്തിന് പിന്നാലെ വളരെ സ്‌റ്റൈലിഷ് ലുക്കിലുള്ള മോക്ഷഗ്ന്യയുടെ ചിത്രവും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. തന്‍റെ അരങ്ങേറ്റ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ മോക്ഷഗ്ന്യ. ചിത്രത്തിനായി അഭിനയം, നൃത്തം, സംഘട്ടനം എന്നിവയിലൊക്കെ കഠിന പരിശീലനം നടത്തുകയാണ് മോക്ഷഗ്ന്യ.
പുരാണങ്ങളിൽ നിന്നുള്ള ഒരു പുരാതന ഇതിഹാസത്തെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. മോക്ഷഗ്ന്യയെ സിനിമയിലേക്ക് കൊണ്ടുവരുക എന്നത് ഒരു വലിയ ബഹുമതിയും ഉത്തരവാദിത്വവുമാണെന്നാണ് സംവിധായകൻ പ്രശാന്ത് വർമ്മ മാധ്യമങ്ങളോട് പറഞ്ഞത്.
മോക്ഷഗ്‌ന്യ സിനിമയില്‍ അരങ്ങേറുന്ന വിവരം പ്രശാന്ത് വര്‍മ്മ തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലും പങ്കുവച്ചു. 'വലിയ സന്തോഷത്തോടും ബഹുമാനത്തോടും കൂടി പരിചയപ്പെടുത്തുന്നു… "നന്ദമൂരി താരക രാമ മോക്ഷാഗ്ന്യ തേജ", മോക്ഷുവിന് ജന്മദിനാശംസകൾ. പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിലേയ്‌ക്ക് സ്വാഗതം. എല്ലാ അനുഗ്രഹത്തിനും വിശ്വാസത്തിനും നന്ദമൂരി ബാലകൃഷ്‌ണ ഗാരുവിന് നന്ദി. ഇത് എല്ലാവർക്കും കൂടുതൽ സവിശേഷവും അവിസ്‌മരണീയവും ആകുമെന്ന് പ്രതീക്ഷിക്കുന്നു.' -പ്രശാന്ത് വര്‍മ കുറിച്ചു.
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഭാഗമായ ചിത്രം, ലെജൻഡ് പ്രൊഡക്ഷൻസുമായി ചേർന്ന് എസ്‌എല്‍വി സിനിമാസിന്‍റെ ബാനറിൽ സുധാകർ ചെറുകുറിയാണ് നിര്‍മാണം. എം തേജസ്വിനി നന്ദമൂരി ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കും. സിനിമയുടെ കൂടുതൽ വിശദാംശങ്ങൾ അണിയറപ്രവര്‍ത്തകര്‍ ഉടൻ പുറത്തുവിടും. സംവിധായകന്‍ പ്രശാന്ത് വർമ്മ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പിആർഒ - ശബരി.