'കിഷ്‌കിന്ധാ കാണ്ഡം' എട്ട് ദിവസം കൊണ്ട് എഴുതി പൂര്‍ത്തിയാക്കിയ ചിത്രമാണെന്ന് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍. ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് 'കിഷ്‌കിന്ധാ കാണ്ഡം'. ചിത്രത്തിന് ഈ പേര് നല്‍കിയത് കൊണ്ട് രാമായണവുമായി സിനിമയ്ക്ക് ബന്ധമൊന്നുമില്ലെന്നും ശ്രീരാമന്‍റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടങ്ങളിൽ ഒന്നാണ് 'കിഷ്‌കിന്ധാ കാണ്ഡ'മെന്നും സംവിധായകന്‍ പറയുന്നു.
'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ ചിത്രമാണ് അയാളുടെ കരിയറിലെ ഏറ്റവും നിർണായകമായ ഘട്ടം. 'കിഷ്‌കിന്ധാ കാണ്ഡം' വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവച്ച് സംവിധായകൻ ദിൻജിത്ത് അയ്യത്താന്‍.
'തന്‍റെ ആദ്യ ചിത്രമായ 'കക്ഷി അമ്മിണിപിള്ള' ആസിഫ് അലിയുടെ കരിയറിൽ നിർണായകമായ ഒരു ചിത്രമായിരുന്നു. അതുവരെ കോളേജ് കുമാരനായും കാമുകനായും പയ്യൻ കഥാപാത്രവുമായി നിറഞ്ഞു നിന്ന ആസിഫ് അലിയുടെ മികച്ച ഒരു ട്രാൻസ്‌ഫോമേഷൻ ആയിരുന്നു 'കക്ഷി അമ്മിണിപ്പിള്ള'. പക്വതയുള്ള കഥാപാത്രങ്ങൾ തനിക്ക് വഴങ്ങുമെന്ന് ആസിഫ് അലി മലയാളി പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ചു. ആ സിനിമയിലൂടെ ആസിഫ് അലി എന്ന നടനെ ഞാൻ തിരിച്ചറിയുകയായിരുന്നു.
നിങ്ങളീ കാണുന്നതൊന്നുമല്ല യഥാർത്ഥ ആസിഫ് അലിയുടെ അഭിനയമികവ്.അയാളുടെ കഴിവുകൾ ഇനിയും മലയാളി കണ്ടിട്ടില്ല എന്ന് വേണം പറയാൻ. ആ ചിത്രത്തിലെ ബന്ധം തന്നെയാണ് തന്‍റെ രണ്ടാമത്തെ ചിത്രമായ 'കിഷ്‌കിന്ധാ കാണ്ഡ'ത്തിലേക്ക് ആസിഫ് അലി എത്തിച്ചേരാൻ കാരണമായത്. സത്യത്തിൽ ഈ ചിത്രത്തിൽ ആസിഫ് അലി തന്നെ നായകനാകണമെന്നത് എന്‍റെ നിർബന്ധമായിരുന്നു. ഒരുപാട് ലെയറുകളുള്ള കഥാപാത്രമാണ്. ചില മൈന്യൂട്ടായ സംഗതികളൊക്കെ അഭിനയിച്ച് ഫലിപ്പിക്കുന്നത് കണ്ട് സത്യത്തിൽ ഞെട്ടിപ്പോയി.
എട്ട് ദിവസം കൊണ്ട് എഴുതി പൂർത്തിയാക്കിയ വളരെ കോംപ്ലിക്കേറ്റഡ് ആയുള്ള തിരക്കഥയാണ് ഈ ചിത്രം. ആസിഫ് അലിയോട് കഥ പറഞ്ഞ് ഇഷ്‌ടപ്പെട്ടതോടെ വളരെ പെട്ടെന്ന് തന്നെ പ്രൊഡക്ഷന്‍റെ കാര്യങ്ങളെല്ലാം സംഭവിച്ചു. ഗുഡ് വിൽ എന്‍റർടെയിന്‍മെന്‍റ്‌സ് ചിത്രം ഏറ്റെടുത്തതോടെ പിന്നീട് പ്രോജക്‌ടിന്‍റെ കാര്യങ്ങളെല്ലാം സുഗമമായി നടന്നു.
സിനിമയുടെ ചിത്രീകരണം നടക്കുന്ന ചില ദിവസങ്ങൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. പലപ്പോഴും വളരെ ക്ഷീണിതനായി കാരവനിലേക്ക് മടങ്ങുന്ന ആസിഫിനെ ഏതെങ്കിലും ഒരു ആരാധകൻ കാണാനോ സെൽഫി എടുക്കാനോ എത്തിയാൽ ഒരു മടിയും കൂടാതെ ചേർത്തു നിർത്തും. തന്‍റെ ബുദ്ധിമുട്ടുകൾ ഒരിക്കലും മറ്റുള്ളവരിലേക്ക് പകരാൻ ആസിഫ് അനുവദിക്കാറില്ല. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യൻ. അദ്ദേഹത്തോട് സംസാരിക്കുമ്പോൾ എപ്പോഴും ഒരു പോസിറ്റീവ് വൈബ് ആണ് ലഭിക്കുക.
അഭിനേതാവ് എന്നുള്ള നിലയിൽ പരിശോധിച്ചാൽ ബ്രില്യന്‍റ് എന്നാകും എന്‍റെ അഭിപ്രായം. രണ്ട് പേജ് ഡയലോഗ് ഒക്കെ വളരെ ഈസി ആയാണ് ആസിഫ് സെറ്റിൽ എത്തിയാൽ പെർഫോം ചെയ്യുക. കൃത്യമായി സ്ക്രിപ്റ്റ് എന്താണെന്ന് മനസ്സിലാക്കി മാത്രമേ ആസിഫ് ഒരു സിനിമയിൽ അഭിനയിച്ച് തുടങ്ങാറുള്ളൂ. അതുകൊണ്ട് തന്നെ ചിത്രീകരണം നടക്കുന്നതിനിടയിൽ ആസിഫിന്‍റെ ഒരു തെറ്റുകൊണ്ട് ഒരിക്കലും ഷൂട്ടിംഗ് തടസ്സപ്പെടാറില്ല. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് ഇങ്ങനെ ഈ കൂട്ടത്തിലേക്ക് ചേർത്തുവയ്ക്കാൻ പറ്റുന്ന മികച്ച അഭിനേതാവ് തന്നെയാണ് ആസിഫ് അലിയും.
മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' ഷൂട്ട് ചെയ്‌ത ഒളപ്പമണ്ണയിൽ തന്നെയാണ് ഈ സിനിമയുടെ ചിത്രീകരണവും നടന്നത്. സിനിമയുടെ ലൊക്കേഷന് വേണ്ടി കേരളത്തിൽ അങ്ങോളമിങ്ങോളം അലഞ്ഞു, എന്ന് വേണം പറയാൻ. നാലുകെട്ട് രീതിയിലുള്ള ഒരു പഴയ തറവാട് അല്ലായിരുന്നു ചിത്രത്തിന് ആവശ്യം. കെട്ടിടത്തിന് പഴക്കം വേണം, എന്നാൽ അക്കാലത്തെ മോഡേൺ സ്വഭാവം ഉണ്ടായിരിക്കുകയും വേണം. കെട്ടിടത്തിൽ ഒരു ബാൽക്കണി ഉണ്ടാകണം. ഇതേ രീതിയിലുള്ള ഒരു ലൊക്കേഷൻ കണ്ടുപിടിക്കുക എന്നാൽ ഭഗീരത പ്രയത്നം ആയിരുന്നു.
ഏറ്റവും പ്രയാസമുള്ള വസ്‌തുത ഈ കെട്ടിടം ഒരു കാടിന്‍റെ നടുക്ക് ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുകയും വേണം. ഈ സിനിമയുടെ ഏറ്റവും വലിയ ചലഞ്ച് ഈ വസ്‌തുതയാണ്. കാസർഗോഡ് ഇതേ രീതിയിൽ ഒരു സ്ഥലം കണ്ടെത്തിയെങ്കിലും സ്ഥലം ഉടമസ്ഥൻ ഷൂട്ടിംഗിന് അവിടം വിട്ടുനല്‍കാൻ തയ്യാറായില്ല. പിന്നീടാണ് ഒളപ്പമണ്ണയിലെ ഈ തറവാട്ടിലേയ്‌ക്ക് എത്തുന്നത്. അതൊരുപക്ഷേ എല്ലാം കൊണ്ടും അനുകൂലമായ ഒരു പ്രദേശമായി തോന്നി. കാസർകോഡ് കണ്ടെത്തിയ സ്ഥലം ആദ്യം തന്നെ ശരിയായിരുന്നുവെങ്കിൽ സിനിമയുടെ ചിത്രീകരണം ഈ വർഷം ജനുവരിയിൽ ആരംഭിക്കേണ്ടതായിരുന്നു.
മാത്രമല്ല ആ സമയത്ത് കാസർഗോഡിന്‍റെ കാലാവസ്ഥ അനുകൂലമായിരുന്നില്ല. വളരെ വരണ്ട് ഉണങ്ങിയ രീതിയിലാണ് അവിടെയൊക്കെ കാണപ്പെട്ടത്. പിന്നീട് ഒളപ്പമണ്ണയിലെ കെട്ടിടം കണ്ടെത്തുന്നത് വരെ ഷൂട്ടിംഗ് നീണ്ടു പോയി. അതൊരു പക്ഷേ ഗുണപ്പെട്ടു. മികച്ച കാലാവസ്ഥ. ടീസർ കാണുമ്പോൾ നിങ്ങൾക്ക് അവിടത്തെ പച്ചപ്പും നനവുമൊക്കെ നന്നായി ഫീൽ ചെയ്യാൻ സാധിച്ചിരിക്കും.
മലയാളത്തിലെ പല അഭിനേതാക്കളും ഒരു അഞ്ച് പടം കഴിഞ്ഞാൽ പിന്നെ അവരുടെ പ്രകടനം മലയാളികളെ വലിയ രീതിയിൽ സ്വാധീനിക്കാറില്ല. അവരുടെ പ്രകടനത്തിൽ പുതുമ ഇല്ലാത്തത് കൊണ്ട് സംഭവിക്കുന്നതാണ് ഇങ്ങനെ. പക്ഷേ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജഗദീഷ്, മലയാളികളെ അത്ഭുതപ്പെടുത്തുകയാണ്. ഫാലിമി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ അഭിനയം അക്ഷരാർത്ഥത്തിൽ ഔട്ട്‌സ്‌റ്റാന്‍ഡിംഗ് എന്നെ വിശേഷിപ്പിക്കാൻ ആകു. ഈ ചിത്രത്തിലെ ജഗദീഷേട്ടന്‍റെ കഥാപാത്രം അത്രയും മൂർച്ചയേറിയതും ആഴത്തിൽ ഉള്ളതുമാണ്. ഡയറക്ഷൻ ചെയ്യുമ്പോൾ ജഗദീഷേട്ടന്‍റെ അഭിനയം കണ്ട് അത്ഭുതപ്പെട്ട് പോയിട്ടുണ്ട്.
അപർണയും ഈ സിനിമയെ സംബന്ധിച്ചിടത്തോളം കൃത്യമായ കാസ്റ്റിംഗ് ആയിരുന്നു. കുറച്ച് പ്രായമുള്ള, ലേറ്റായി വിവാഹിതയായ ഒരു സ്ത്രീയുടെ കഥാപാത്രമാണ് അപർണ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. അപർണയുടെ ഇപ്പോഴത്തെ ശാരീരിക സ്ഥിതിയും രൂപവും ഒക്കെ അങ്ങനെയൊരു കഥാപാത്രത്തിന് വളരെയധികം അനുയോജ്യമായിരുന്നു. മലയാളികൾക്ക് പുതുമയുള്ള ഒരു മിസ്ട്രി ത്രില്ലർ ഡ്രാമ, തിയേറ്ററിൽ ആസ്വദിക്കാൻ ആകും എന്നുള്ളത് എന്‍റെ ഉറപ്പാണ്.- സംവിധായകൻ ദിൻജിത്ത് അയ്യത്താൻ പറഞ്ഞു.