ആസിഫ് അലി - രമേഷ് നാരായൺ വിഷയമാണ് സമൂഹ മാധ്യമങ്ങളിൽ മുഴുവനും ഇപ്പോൾ ചർച്ചാവിഷയം. ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ അനിഷ്‌ടം പ്രകടിപ്പിച്ച സംഗീത സംവിധായകൻ പണ്ഡിറ്റ് രമേഷ് നാരായണെതിരെ കടുത്ത പ്രതിഷേധവും വിമർശനവുമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ചലച്ചിത്ര താരങ്ങളും രാഷ്‌ട്രീയ പ്രവർത്തകരും ഉൾപ്പടെ നിരവധി പേർ ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ച്രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, വിവാദത്തിൽ പ്രതികരിച്ച് ആസിഫ് അലി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. വിഷയത്തില്‍ തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നതായി ആസിഫ് അലി വ്യക്തമാക്കി. തന്‍റെ വിഷമങ്ങള്‍ തന്‍റേത് മാത്രമാണ്. തന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും മറ്റൊരാൾക്ക് എതിരെയുള്ള ഹേറ്റ് ക്യാംപയിനായി മാറരുതെന്നും താരം എല്ലാവരോടുമായി അഭ്യര്‍ഥിച്ചു.
രമേഷ് നാരായൺ അനുഭവിക്കുന്ന വിഷമം എത്രത്തോളമാണെന്ന് തനിക്ക് മനസിലാകുമെന്നും താരം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ മതപരമായ ചർച്ചകൾ വരെ ഉണ്ടായി. ലോകത്തുള്ള മുഴുവൻ മലയാളികളും പിന്തുണച്ചത് അഭിമാനമായാണ് കാണുന്നത്. രമേഷ് നാരായൺ വിളിച്ചിരുന്നു എന്നും തൊണ്ടയിടറിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചതെന്നും അത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും ആസിഫ് പറഞ്ഞു. ജനങ്ങളിൽ നിന്ന് ഇത്രയും സ്‌നേഹം അനുഭവിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
പുതിയ ചിത്രമായ 'ലെവൽ ക്രോസി'ന്‍റെ പ്രൊമോഷന്‍റെ ഭാഗമായി എറണാകുളത്തെ സെന്‍റ് ആൽബർട്ട്സ് കോളജിൽ എത്തിയപ്പോഴാണ് ആസിഫ് അലി ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചത്. നടി അമല പോളും സംവിധായകൻ അർഫാസും താരത്തിനൊപ്പം ഒപ്പമുണ്ടായിരുന്നു.
ആസിഫിനെ ഓർത്ത് അഭിമാനമെന്ന് അമല പോൾ: ആസിഫ് അലിയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് 'ലെവൽ ക്രോസി'ന്‍റെ പ്രൊമോഷനിടെ നടി അമല പോള്‍ പ്രതികരിച്ചു. മോശം സാഹചര്യത്തെ സമചിത്തതയോടെയാണ് അദ്ദേഹം കൈകാര്യം ചെയ്‌തതെന്നും അമല ചൂണ്ടിക്കാട്ടി. ചലച്ചിത്ര രംഗത്തെ മറ്റ് പ്രമുഖരും വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. താരസംഘടനയായ അമ്മയും ആസിഫിന് പിന്തുണ അറിയിച്ചിരുന്നു.
അതേസമയം എംടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ആന്തോളജിയായ 'മനോരഥങ്ങളു'ടെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു വിവാദ സംഭവം അരങ്ങേറിയത്. പരിപാടിയിൽ പങ്കെടുത്ത രമേഷ് നാരായണിന് പുരസ്‌കാരം നൽകാൻ ആസിഫ് അലിയെയായിരുന്നു സംഘാടകർ ക്ഷണിച്ചത്. എന്നാൽ രരമേഷ് നാരായൺ സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്‍റെ കൈയിൽനിന്ന് പുരസ്‌കാരമെടുത്ത് ജയരാജിന് നൽകി. തുടർന്ന് രമേഷ് നാരായണ് ജയരാജ് പുരസ്‌കാരം നൽകുകയായിരുന്നു.