സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍റെയും ഭാര്യ സൈറയുടെയും വേര്‍പിരിയല്‍ പ്രഖ്യാപനം ഇന്ത്യന്‍ സിനിമ ലോകത്തെ പിടിച്ചുലച്ചിരിക്കുകയാണ്. സിനിമ പ്രവര്‍ത്തകരെ മാത്രമല്ല ലോക മൊട്ടാകെയുള്ള ആരാധകരെയും ഈ വാര്‍ത്ത ഞെട്ടിച്ചു. എആര്‍ റഹ്‌മാന്‍റെ ഭാര്യ സൈറയാണ് വേര്‍പിരിയല്‍ വാര്‍ത്ത പ്രസ്‌താവനയിലൂടെ അറിയിച്ചത്.
ഇപ്പോഴിതാ മാതാപിതാക്കളുടെ വിവാഹമോചന വാര്‍ത്തയോട് മകള്‍ എആര്‍ റഹീമയും പ്രതികരിച്ചിരിക്കുകയാണ്. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ മൂന്ന് പോസ്‌റ്റുകളാണ് റഹീമ പങ്കുവച്ചത്.
"ഈ വിഷയം അങ്ങേയറ്റം സ്വകാരത്യയോടും ബഹുമാനത്തോടും കൂടി കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കില്‍ ഞാനത് വളരെ അധികം നന്ദി ഉള്ളവള്‍ ആയിരിക്കും. നിങ്ങളുടെ പരിഗണനയ്‌ക്ക് നന്ദി."-ഇപ്രകാരമായിരുന്നു എആര്‍ റഹീമയുടെ ആദ്യ പോസ്‌റ്റ്.
വിവാഹമോചനത്തെ കുറിച്ച് എആര്‍ റഹ്‌മാന്‍ പങ്കുവച്ച ട്വീറ്റ് ഷെയര്‍ ചെയ്‌തു കൊണ്ടുള്ളതായിരുന്നു റഹീമയുടെ രണ്ടാമത്തെ പോസ്‌റ്റ്. പിതാവിന്‍റെ ട്വീറ്റിന് "നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെ കൂടി ഉള്‍പ്പെടുത്തുക"- എന്നാണ് എആര്‍ റഹീമ കുറിച്ചത്.
കരയുന്ന ഇമോജികള്‍ ഇടാന്‍ നമുക്ക് അവകാശം ഇല്ലെന്നും എന്ത് ചെയ്യണമെന്നും ചെയ്യാന്‍ പാടില്ലെന്നും അവര്‍ക്ക് അറിയാമെന്ന് പറയുന്നതാണ് റഹീമയുടെ മൂന്നാമത്തെ പോസ്‌റ്റ്. "അത് അവരുടെ വ്യക്‌തിപരമായ പ്രശ്‌നമാണ്. അവിടെ പോയി തലയിട്ട് ഉപദേശങ്ങള്‍ കൊടുത്ത്, കരയുന്ന ഇമോജികള്‍ ഇടാന്‍ നമുക്ക് അവകാശം ഇല്ല. എന്ത് ചെയ്യണമെന്നും എന്തൊക്കെ ചെയ്യാന്‍ പാടില്ലെന്നും അവര്‍ക്ക് അറിയാം. അവര്‍ തിരഞ്ഞെടുത്തത് ചെയ്യാന്‍ അവരെ അനുവദിക്കുക." -എആര്‍ റഹീമ കുറിച്ചു.
റഹ്‌മാന്‍റെ മൂത്ത മകളും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിട്ടുണ്ട്. എആര്‍ റഹ്‌മാന്‍ എക്‌സില്‍ പങ്കുവച്ച വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് കൊണ്ടായിരുന്നു ഖദീജയുടെ പ്രതികരണം. റഹ്‌മാന്‍റെ കുറിപ്പ് എക്‌സില്‍ പങ്കുവച്ച് കൂപ്പു കയ്യുമായാണ് ഖദീജ രംഗത്തെത്തിയത്.
— Khatija Rahman (@RahmanKhatija) November 19, 2024
മാതാപിതാക്കളുടെ വേര്‍പിരിയല്‍ പ്രഖ്യാപനത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത് മകന്‍ എആര്‍ അമീന്‍ ആണ്. തങ്ങളുടെ കുടുംബത്തിന്‍റെ സ്വകാര്യ ജീവിതത്തെ മാനിച്ചുകൊണ്ടുള്ള സമീപനം എല്ലാരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് അമീന്‍ പ്രതികരിച്ചത്.
"ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മനസ്സിലാക്കിയതിന് നന്ദി."- ഇപ്രകാരമായിരുന്നു എആര്‍ അമീന്‍ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്.
മുപ്പത് വര്‍ഷം കൂടെ ഉണ്ടാകുമെന്ന് കരുതിയെങ്കിലും തങ്ങള്‍ വേര്‍പിരിഞ്ഞുവന്ന് പറഞ്ഞ് കൊണ്ടാണ് എആര്‍ റഹ്‌മാന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. എആര്‍ആര്‍ സൈറ ബ്രക്കപ്പ് (#arrsairabreakup) എന്ന ഹാഷ്‌ടാഗോടു കൂടിയാണ് അദ്ദേഹം എക്‌സില്‍ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
"മുപ്പത് വർഷം എന്ന വലിയ ഒരു നാഴികക്കല്ല് നമ്മൾ ഒരുമിച്ച് പിന്നിടുമെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദമ്പതികൾ പിരിയുമ്പോൾ ദൈവത്തിൻ്റെ സിംഹാസനം വിറയ്‌ക്കുന്നു എന്നാണ് തിരുവചനം. അങ്ങനെ സംഭവിച്ചിരിക്കുന്നു.
എന്നിട്ടും ഈ തകർച്ചയിൽ ഞങ്ങൾ അർത്ഥം തേടുന്നു. ചിതറിപ്പോയ ചിലതൊക്കെ വീണ്ടും കൂട്ടിച്ചേര്‍ക്കുക അസാധ്യം. ഞങ്ങളുടെ സുഹൃത്തുക്കളോട്, നിങ്ങളുടെയൊക്കെ കരുണയ്ക്കും സ്നേഹത്തിനും നന്ദി. ജീവിതത്തിലെ ഈ ദുര്‍ബലമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ അഭ്യർത്ഥിക്കുന്നു."-എആര്‍ റഹ്‌മാന്‍ കുറിച്ചു.