അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കം. ചിത്രത്തിന്‍റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളത്ത് നടന്നു. അബാം മുവീസിന്‍റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. ഷീലു എബ്രഹാമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത് (Anoop Menon, Dhyan Sreenivasan, and Sheelu Abraham's new movie).
അബാം മുവീസിന്‍റെ പതിനാലാമത് ചിത്രം കൂടിയാണിത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുമുള്ള സംഭവ വികാസങ്ങളുമാണ് ഈ ചിത്രം തിരശീലയിലേക്ക് പകർത്തുന്നത്. തീർത്തും നർമത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് പേരിടാത്ത ഈ ചിത്രം ഒരുങ്ങുന്നത് എന്നാണ് വിവരം.
അസീസ് നെടുമങ്ങാട്, ജോണി ആന്‍റണി, സെന്തിൽ, സജിൻ ചെറുകയിൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കൃഷ്‌ണ പൂജപ്പുരയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് കൃഷ്‌ണ പൂജപ്പുര ഒരു സിനിമയ്‌ക്കായി തിരക്കഥ രചിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ബികെ ഹരിനാരായണന്‍റെ വരികൾക്ക് സംഗീതം പകരുന്നത് കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയായ പ്രകാശ് ഉള്ളേരിയാണ്. അമീർ കൊച്ചിനാണ് ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ. മഹാദേവൻ തമ്പി ഛായാഗ്രഹണവും സിയാൻ ശ്രീകാന്ത് എഡിറ്റിങ്ങും നിർവഹിക്കുന്നു.
ലൈൻ പ്രൊഡ്യൂസർ - ടി എം റഫീഖ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - പ്രജീഷ് പ്രഭാസൻ, കലാസംവിധാനം - അജയ് ജി അമ്പലത്തറ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ - അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഗ്രാഷ് പി ജി, വി എഫ് എക്‌സ് - റോബിൻ അലക്‌സ്, സ്റ്റിൽസ് - ദേവരാജ്, പി ആർ ഒ - പി ശിവപ്രസാദ്, ഡിസൈൻസ് - മാജിക് മൊമൻസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായാണ് ഈ സിനിമയുടെ ഷൂട്ടിങ് നടക്കുക.
കഴിഞ്ഞ ദിവസമാണ് ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന മറ്റൊരു ചിത്രത്തിന്‍റെ ഷൂട്ടിങ് പാലക്കാട് മാത്തൂരിൽ ആരംഭിച്ചത്. നവാഗതനായ റമീസ് നന്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തൻവി റാമും പ്രധാന വേഷത്തിലുണ്ട്. ലംബൂസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സത്യജിത്ത് പാലാഴിയാണ് ചിത്രം നിർമ്മിക്കുന്നത്.