മുംബൈ: പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രമാണ് 'കൽക്കി 2898 എഡി'. ജൂൺ 27ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ പ്രസ് മീറ്റ് മുംബൈയിൽ നടന്നു. അമിതാഭ് ബച്ചൻ, കമലഹാസൻ, പ്രഭാസ്, ദീപിക പദുകോൺ തുടങ്ങിയ താരങ്ങൾ പ്രസ് മീറ്റിൽ പങ്കെടുത്തു. ചിത്രീകരണ സമയത്തെ വിശേഷങ്ങളെല്ലാം താരങ്ങൾ പങ്കുവെച്ചു.
കൽക്കിയുടെ ചിത്രീകരണത്തിനായി ആദ്യ ദിനം സെറ്റിൽ എത്തിയ താന്‍ അമിതാഭ് ബച്ചനെ കണ്ടപ്പോൾ കാൽ തൊട്ടു വന്ദിക്കാൻ ശ്രമിച്ചെന്ന് പ്രഭാസ് വെളിപ്പെടുത്തി. എന്നാൽ അദ്ദേഹം സമ്മതിച്ചില്ല. അദ്ദേഹത്തിന്‍റെ സിനിമകൾ കണ്ടാണ് വളർന്നത്. എന്‍റെ മാമന്മാർ അമിതാഭ് ബച്ചന്‍റെ ഹെയർ സ്‌റ്റൈൽ പകർത്തുമായിരുന്നു. രാജ്യം മുഴുവൻ അറിയപ്പെടുന്ന ആദ്യത്തെ നടനാണ് അദ്ദേഹം. അക്കാലത്ത് പൊക്കമുള്ളവരെ നമ്മുടെ നാട്ടിൽ അമിതാഭ് ബച്ചൻ എന്ന് വിളിക്കുമായിരുന്നു. കമലഹാസനും അമിതാഭ് ബച്ചനുമായി ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞുവെന്ന് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ലെന്നും പ്രഭാസ് പറഞ്ഞു.
സ്‌ക്രിപ്റ്റ് കേട്ട ശേഷം നാഗ് അശ്വിൻ എന്താണ് കുടിക്കുന്നതെന്നാണ് താന്‍ ആദ്യം ചിന്തിച്ചതെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. ഭാവിയെ അത്രത്തോളം ഭാവനാത്മകമായി സമീപിക്കുന്ന തിരക്കഥയാണ് കൽക്കി. വലിയ അനുഭവമായിരുന്നു ഈ ചിത്രമെന്നും ബച്ചന്‍ കുട്ടിച്ചേര്‍ത്തു.
ഒരു ഐഡിയ എങ്ങനെ അവതരിപ്പിക്കാമെന്ന് അറിയാവുന്ന ആളാണ് നാഗ് എന്നാണ് കമലഹാസൻ പറഞ്ഞത്. അമിത് ജി പറഞ്ഞത് പോലെ സ്‌ക്രിപ്റ്റ് കേട്ട ശേഷം ആദ്യം ചിന്തിച്ചത് നാഗ് എന്താണ് വലിക്കുന്നതെന്നും കുടിക്കുന്നതെന്നുമാണ്. ആദ്യം സംശയിക്കുകയും പിന്നീട് ബഹുമാനം തോന്നുകയും ചെയ്യുന്ന തരത്തിലുള്ള സ്‌ക്രിപ്റ്റ് ആണ് ചിത്രത്തിന്‍റേത്. വില്ലനായി ചിത്രത്തിൽ വരാനാണ് എനിക്കിഷ്‌ടം. എല്ലാ നല്ല കാര്യങ്ങളും വില്ലൻ വേഷത്തിന് ചെയ്യാനാകുമെന്നും കമലഹാസൻ പറഞ്ഞു.
വീട്ടിൽ നിന്നും ഒരു കാറ്ററിംഗ് സംഘവുമായാണ് പ്രഭാസ് സിനിമ സെറ്റിലെത്തിയിരുന്നതെന്ന് ദീപിക പദുകോൺ പറഞ്ഞു. വ്യത്യസ്‌ത തരം ഭക്ഷണ വിഭവങ്ങൾ എല്ലാവർക്കും വിളമ്പുന്നതിൽ തൽപരനായിരുന്നു പ്രഭാസ്. പതിയെ പതിയെ ഇന്ന് പ്രഭാസ് കൊണ്ടുവരുന്ന ഭക്ഷണം ഏതാണെന്ന് മാത്രമായി സെറ്റിലെ ചർച്ചാവിഷയം. സ്‌ക്രിപ്റ്റ് പേപ്പറിൽ അധികമൊന്നും ഇല്ലായിരുന്നെങ്കിലും സിനിമ എങ്ങനെ ചെയ്യണമെന്ന് നാഗ് അശ്വിന്‍റെ മനസ്സിൽ വ്യക്തമായിരുന്നു. ചിത്രത്തിൽ തനിക്ക് അമ്മയുടെ വേഷമാണെന്നും ദീപിക വെളിപ്പെടുത്തി.
Also Read : 'കൽക്കി 2898 എഡി' ജൂൺ 27ന്: റിലീസ് ട്രെയിലർ പുറത്ത് - Kalki 2898 AD Release Trailer