എറണാകുളം : കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'ന്‍റെ പ്രീമിയർ ഷോ അരങ്ങേറി. കാൻ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോൾഡൻ പാമിന് മത്സരിക്കുന്ന ചിത്രം ഓൾ വെ ഇമാജിൻ ആസ് ലൈറ്റിന്‍റെ വേൾഡ് പ്രീമിയർ ഇന്നലെയാണ് നടന്നത്. ഒരു ഇന്ത്യൻ ഫിലിം കാൻ ഫിലിം ഫെസ്റ്റിവലിലേക്കു മത്സരിക്കുന്നത് മുപ്പതു വർഷങ്ങൾക്കു ശേഷമാണ്.
ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പായൽ കപാഡിയ ആണ്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത കാനിലെ ഗ്രാൻഡ് പ്രൈസ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടുന്നത്. ഗ്രാൻഡ് ലൂമിയർ തിയേറ്ററിൽ ചിത്രത്തിന്‍റെ പ്രീമിയർ ഷോക്ക് ശേഷം തന്‍റെ സിനിമയുടെ ഏറ്റവും വലിയ വിജയം തന്‍റെ അഭിനേതാക്കൾ ആണെന്നും, അഭിനേതാക്കൾ എന്നതിലുപരി ഇതിലെ താരങ്ങൾ ഉൾപ്പെടെ ഞങ്ങൾ ഒരു കുടുംബമാണെന്നും ആ സ്നേഹമാണ് ഈ ചിത്രത്തിന്‍റെ വിജയമെന്നും പായൽ കപാഡിയ പറഞ്ഞു.
ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് ഗംഭീര പ്രതികരണവും നിലക്കാത്ത കൈയടിയും നൽകിയ വേദിയിലെ ഓരോരുത്തർക്കും പായൽ കപാഡിയ നന്ദിയും രേഖപ്പെടുത്തി. ഇന്നലെ രാത്രി നടന്ന ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്‍റെ പ്രദർശനത്തിന് മുന്നോടിയായി ചിത്രത്തിലെ സംവിധായക പായൽ കപാഡിയ, പ്രധാന താരങ്ങൾ ആയ ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ദു ഹാറൂൺ, ഛായാ ഖദം എന്നിവരോടൊപ്പം രണബീർ ദാസ്, ജൂലിയൻ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവർ റെഡ് കാർപ്പറ്റിൽ ചുവടുവച്ചു.
ഇന്ത്യൻ താരങ്ങളെ ആവേശത്തോടെയാണ് കാൻ ഫെസ്റ്റിവലിൽ സ്വീകരിച്ചത്. തുടർന്ന് പ്രധാന തിയേറ്റർ ആയ ഗ്രാൻഡ് തിയേറ്റർ ലൂമിയറിലാണ് ചിത്രത്തിന്‍റെ വേൾഡ് വൈഡ് സ്ക്രീനിംഗ് നടന്നത്. മികച്ച പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയും മണിക്കൂറുകൾക്കുള്ളിൽ പായൽ കപാഡിയ സംവിധാനം ചെയ്‌ത ഓൾ വെ ഇമേജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിനെ തേടിയെത്തുകയാണ്. മത്സരവിഭാഗത്തിൽ ചിത്രം വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ചിത്രം കണ്ട മാധ്യമ പ്രവർത്തകരും നിരൂപകരും ട്വീറ്റ് ചെയ്‌തു.
പായൽ കപാഡിയയുടെ ആദ്യ ഫിക്ഷൻ ഫീച്ചർ, ഇന്നത്തെ മുംബൈയിലെ രണ്ട് വ്യത്യസ്‌സ് നഴ്‌സുമാരുടെ ജീവിതവുമായി ബന്ധപ്പെട്ട മനോഹരമായ പ്രണയമാണ്. പായൽ കപാഡിയയുടെ കഥ പല കാരണങ്ങളാൽ കാലാതീതമായി വായിക്കുന്നു. ഒരുതരം വൈകാരിക ദുരുപയോഗത്തോടുകൂടിയ സദുദ്ദേശ്യത്തോടെയുള്ള തലമുറകൾക്കിടയിലുള്ള ഉപദേശത്തിന്‍റെ ഈ മങ്ങൽ, രണ്ട് യുവ താര-ക്രോസ്‌ഡ് പ്രേമികളുടെ ദുരവസ്ഥ എന്നിവയിൽ കൂടി സഞ്ചരിക്കുന്ന ചിത്രത്തിന്‍റെ ഓരോ ഫ്രെയിമും തിളങ്ങുന്ന സെല്ലുലോയ്‌ഡ് ഫീൽ നൽകുന്നു .
പായൽ കപാഡിയ സംവിധാനം ചെയ്‌ത ചിത്രം സൂക്ഷ്‌മവും എന്നാൽ ശക്തവുമാണ് എന്നാണ് ചിത്രം കണ്ട നിരൂപകർ കുറിച്ചിരിക്കുന്നത്. കാനിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ ഓരോ മലയാളിക്കും അഭിമാനമായി ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള സിനിമാ താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭ, ഹൃദു ഹാറൂൺ എന്നിവരെ വാരിപ്പുണർന്നാണ് പായൽ കപാഡിയ സന്തോഷം പ്രകടിപ്പിച്ചത്. കാനിൽ ചരിത്ര വിജയം നേടുമോ ഈ ഇന്ത്യൻ ചിത്രം എന്ന കാത്തിരിപ്പിലാണ് ഒരു പ്രേക്ഷകനും.