ജമ്മു കശ്‌മീരിൽ ഭീകരാക്രമണത്തില്‍ തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒമ്പത് തീർഥാടകർ മരിക്കുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി ബോളിവുഡ് താരനിര. ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിലേക്ക് തീർഥാടകരുമായി എത്തിയ ബസാണ് കഴിഞ്ഞ ദിവസം ഭീകരാക്രമണത്തിന് ഇരയായത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ബോളിവുഡ് താരങ്ങൾ സംഭവത്തിൽ പ്രതികരണം രേഖപ്പെടുത്തിയത്.
കങ്കണ റണാവത്ത്, വരുൺ ധവാൻ, റിതേഷ് ദേശ്‌മുഖ്, അനുപം ഖേർ തുടങ്ങിയ സെലിബ്രിറ്റികൾ ആക്രമണത്തെ ശക്തമായി അപലപിച്ചു. അഗാധമായ ദുഃഖം പ്രകടിപ്പിച്ചാണ് നടൻ റിതേഷ് ദേശ്‌മുഖ് എക്‌സിൽ ട്വീറ്റ് ചെയ്‌ത്. "റിയാസി ഭീകരാക്രമണത്തിൽ ഹൃദയം തകർന്നു, ഇരകൾക്കും കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നു"- റിതേഷ് ദേശ്‌മുഖ് കുറിച്ചു.
നടിയും എംപിയുമായ കങ്കണ റണാവത്തും ആക്രമണത്തെ അപലപിച്ചു. "ജമ്മു & കശ്‌മീരിലെ റിയാസിയിൽ തീർഥാടകർക്ക് നേരെ നടന്ന ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. മരിച്ചവർക്കായി പ്രാർഥിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. ഓം ശാന്തി"- കങ്കണ എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.
ഇരകളുടെ കുടുംബങ്ങൾക്ക് ശക്തി ലഭിക്കുന്നതിനും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാർഥിക്കുന്നതായി കുറിച്ച് അനുപം ഖേർ സോഷ്യൽ മീഡിയയിൽ തന്‍റെ ദുഃഖം രേഖപ്പെടുത്തി. "റിയാസിയിൽ തീർഥാടകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ദേഷ്യവും വേദനയും സങ്കടവും തോന്നുന്നു. ജമ്മു! ഇരകളുടെ പ്രിയപ്പെട്ടവർക്ക് വേദനയും നഷ്‌ടവും താങ്ങാനുള്ള ശക്തി സർവ്വശക്തൻ നൽകട്ടെ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് പ്രാർഥിക്കുന്നു'- നടൻ എക്‌സിൽ കുറിച്ചു.
നടൻ വരുൺ ധവാനും സംഭവത്തിൽ തന്‍റെ ഞെട്ടലും അനുശോചനവും പങ്കുവച്ചു. ഭീകരരുടെ ഭീരുത്വം നിറഞ്ഞ പ്രവൃത്തിയെ അപലപിച്ച താരം പരേതരുടെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്‌തു.
അതേസമയം ശിവ് ഖോരി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയാണ് ഭീകരാക്രമണത്തെ തുടർന്ന് ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ശിവ് ഖോരി ദേവാലയത്തിൽ നിന്ന് കത്രയിലേക്ക് പോവുകയായിരുന്ന ബസ് ഭീകരർ ആക്രമിക്കുകയും റോഡിൽ നിന്ന് തെന്നിമാറി പൂനി പ്രദേശത്തെ തോട്ടിലേക്ക് വീഴുകയുമായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള യാത്രക്കാരുടെ ഐഡന്‍റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ സൈന്യം റിയാസിയിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തിന് ചുറ്റുമുള്ള ഇടതൂർന്ന വനമേഖലകളിൽ ഡ്രോണുകൾ ഉപയോഗിച്ച് സംസ്ഥാന ദുരന്ത പ്രതികരണ സേനയും (എസ്ഡിആർഎഫ്) പരിശോധന തുടങ്ങിയിരുന്നു.
ALSO READ: ജമ്മു കശ്‌മീർ ഭീകരാക്രമണം; 'വേദനാജനകം': അനുശോചിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു