ബോളിവുഡ് സിനിമാപ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന സിനിമയാണ് 'ബഡേ മിയാൻ ചോട്ടെ മിയാൻ'. അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫുമാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ ടൈറ്റിൽ ട്രാക്ക് പുറത്ത് വന്നിരിക്കുകയാണ് (Bade Miyan Chote Miyan Title Track out).
തകർപ്പൻ നൃത്തച്ചുവടുകളുമായി അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും നിറഞ്ഞുനിൽക്കുന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. അക്ഷയ് കുമാർ തന്നെയാണ് ട്രാക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. 'ആവേശം സ്‌പഷ്‌ടമാണ്, കാത്തിരിപ്പ് ആകാശത്തോളം ഉയർന്നതും. ബ്രൊമാൻസ് പൂർണമായി പ്രദർശിപ്പിച്ചിരിക്കുന്നു!' ബഡേ മിയാൻ ചോട്ടെ മിയാൻ്റെ ടൈറ്റിൽ ട്രാക്ക് റിലീസ് ചെയ്‌ത് അക്ഷയ് കുമാർ കുറിച്ചതിങ്ങനെ.
അബുദാബിയിലെ ജെറാഷിലും റോമൻ തിയേറ്ററിൻ്റെ മാസ്‌മരിക പശ്ചാത്തലത്തിലും ചിത്രീകരിച്ച ആദ്യ ഗാനം എന്ന പ്രത്യേകതയുമുണ്ട് ഈ ടൈറ്റിൽ ട്രാക്കിന്. ബോളിവുഡിലെ പവർ പാക്ക്‌ഡ് താരങ്ങളായ അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും തീപ്പൊരി പാറിച്ച ഈ ടൈറ്റിൽ ട്രാക്ക് കാണികൾക്ക് ശരിക്കുമൊരു വിഷ്വൽ ട്രീറ്റ് തന്നെയാണ്. 100ലധികം നർത്തകരാണ് ഗാനരംഗത്തിൽ അണിനിരക്കുന്നത്. കൂടാതെ രണ്ട് ശക്തികേന്ദ്രങ്ങൾ തമ്മിലുള്ള അഭേദ്യമായ ബന്ധത്തിൻ്റെ ആഘോഷം കൂടിയാണ് ഈ ഗാനം.
- " class="align-text-top noRightClick twitterSection" data="">
വിശാൽ മിശ്രയാണ് ടൈറ്റിൽ ട്രാക്ക് ഒരുക്കിയത്. ബോളിവുഡിലെ പ്രശസ്‌ത കൊറിയോഗ്രാഫർ ബോസ്‌കോ സീസർ ആണ് നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തിയത്. അനിരുദ്ധ് രവിചന്ദറും സംഗീത സംവിധായകൻ വിശാൽ മിശ്രയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇർഷാദ് കാമിൽ ആണ് ഗാനരചന.
അതേസമയം അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജുമുണ്ട് (Prithviraj Sukumaran in Bade Miyan Chote Miyan). പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. കബീർ എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.
ഇത് ആദ്യമായാണ് അക്ഷയ് കുമാറും ടൈഗറും ഒരുമിച്ച് അഭിനയിക്കുന്നത് എന്നതും 'ബഡേ മിയാൻ ചോട്ടെ മിയാൻ' സിനിമയുടെ സവിശേഷതയാണ്. സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് ഈ പാൻ - ഇന്ത്യൻ സിനിമയിലെ നായികമാർ. രോണിത്ത് റോയ്‌യും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. മുംബൈ, ലണ്ടൻ, അബുദാബി, സ്‌കോട്ട്‌ലൻഡ്, ജോർദാൻ തുടങ്ങിയ അതിമനോഹരമായ ലൊക്കേഷനുകളിലായിരുന്നു ഈ സിനിമയുടെ ചിത്രീകരണം.
വഷു ഭഗ്‌നാനി, ദീപ്‌ശിഖ ദേശ്‌മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് ആക്ഷൻ ത്രില്ലർ എൻ്റർടെയിനർ ജോണറിലുള്ള 'ബഡേ മിയാൻ ചോട്ടെ മിയാൻ' സിനിമ നിർമിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ്. ഈദ് റിലീസ് ആയി ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്തും.
ഹിന്ദിയ്‌ക്ക് പുറമെ തമിഴ്, തെലുഗു, മലയാളം, കന്നഡ ഭാഷകളിലും 'ബഡേ മിയാൻ ചോട്ടെ മിയാൻ' പ്രേക്ഷകരിലേക്കെത്തും. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പിആർഒ - പി ശിവപ്രസാദ്.