പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദര്‍ശനും ഒന്നിക്കുന്നു. 'ഭൂത് ബംഗ്ല' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹൊറര്‍ കോമഡി ഗണത്തില്‍പ്പെടുന്നതാണ് ചിത്രം. ഇത് ഏഴാം തവണയാണ് അക്ഷയ് കുമാറും പ്രിയദര്‍ശനും ഒന്നിച്ചെത്തുന്നത്. അക്ഷയ്‌കുമാറിന്‍റെ പിറന്നാള്‍ ദിനത്തിലാണ് സിനിമയുടെ മോഷന്‍ പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്.
"ഈ പിറന്നാളിന് നല്‍കിയ ഈ സ്നേഹത്തിന് നന്ദിയുണ്ടെന്ന് മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് അക്ഷയ് കുമാര്‍ പറഞ്ഞു. 14 വര്‍ഷത്തിന് ശേഷം പ്രിയനൊപ്പം ചേരുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഒരുപാട് നാളായി ഈ സ്വപ്‌ന കൂട്ടുകെട്ടിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ആ മാജിക്കിന് വേണ്ടി കാത്തിരിക്കാം" അക്ഷയ് കുമാര്‍ പറഞ്ഞു.
രാത്രി ഒരു പഴയ ബംഗ്ലാവിന് മുന്നില്‍ നില്‍ക്കുന്ന അക്ഷയ് കുമാറിന്‍റെ കഥാപാത്രമാണ് മോഷന്‍ പോസ്‌റ്ററില്‍ ഉള്ളത്. കോട്ട് ധരിച്ചു നില്‍ക്കുന്ന അക്ഷയ്‌യുടെ കയ്യില്‍ ഒരു പാല്‍ പാത്രമുണ്ട്. തോളില്‍ ഒരു കരിമ്പൂച്ചയും. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2010 ല്‍ പുറത്തിറങ്ങിയ 'ഖാട്ടാ മീട്ട'യാണ് ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഏക്‌ത കപൂര്‍ ആണ് നിര്‍മിക്കുന്നത്. 2021 ല്‍ റിലീസ് ചെയ്‌ത 'ഹങ്കാമ 2' വിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്.
അടുത്തിടെ എംടി വാസുദേവന്‍ നായരുടെ കഥകളെ ആസ്‌പദമാക്കി ഒരുക്കിയ 'മനോരഥങ്ങള്‍' എന്ന ആന്തോളജി സീരിസില്‍ രണ്ട് ചിത്രങ്ങള്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌തിരുന്നു.
Also Read: സൂപ്പര്‍ താരങ്ങളില്ലാതെ ഓണം റിലീസുകള്‍, പ്രതീക്ഷയോടെ ടൊവിനോ, ആസിഫ് അലി, പെപ്പെ ചിത്രങ്ങള്‍