തമിഴ് സൂപ്പർ താരം അജിത് കുമാറിനെ പ്രധാന കഥാപാത്രമാക്കി പ്രശസ്‌ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായ 'വിടാമുയർച്ചി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്‌കരൻ നിർമിക്കുന്ന ചിത്രത്തിൻ്റെ അവസാന ഷെഡ്യൂൾ ചിത്രീകരണം പുരോഗമിക്കുകയാണ്.
തെന്നിന്ത്യൻ സിനിമ ലോകവും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിൻ്റെ ആദ്യ ഒഫിഷ്യൽ അപ്ഡേറ്റ് ആയ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് റിലീസ് ചെയ്‌തിരിക്കുന്നത്. മങ്കാത്ത എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച അജിത് കുമാർ, അർജുൻ, തൃഷ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ്.
ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഓഗസ്റ്റ് മാസത്തോടെ വിടാമുയർച്ചിയുടെ ചിത്രീകരണം പൂർത്തിയായതിനു ശേഷം മാത്രമേ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു എന്നാണ് ലൈക്ക പ്രൊഡക്ഷൻസ് ഹെഡ് എംകെഎം തമിഴ് കുമരൻ വെളിപ്പെടുത്തിയത്.
തമിഴിലെ സെൻസേഷണൽ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഓംപ്രകാശ് ആണ്. എഡിറ്റിങ് എൻ ബി ശ്രീകാന്തും നിര്‍വഹിക്കുന്നു. മിലൻ കലാസംവിധാനം നിർവഹിക്കുമ്പോൾ സംഘട്ടനം ഒരുക്കുന്നത് സുപ്രീം സുന്ദറാണ്.
വമ്പൻ തുകയ്ക്ക് ഈ ചിത്രത്തിൻ്റെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സും സ്വന്തമാക്കിക്കഴിഞ്ഞു. വസ്ത്രാലങ്കാരം - അനു വർദ്ധൻ, വിഎഫ്എക്‌സ് - ഹരിഹരസുധൻ, സ്റ്റിൽസ് - ആനന്ദ് കുമാർ, പിആർഒ - ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Also Read: ബോക്‌സ് ഓഫിസിൽ 'കൽക്കി' തേരോട്ടം; മൂന്ന് ദിവസംകൊണ്ട് ആഗോളതലത്തിൽ 415 കോടിയുടെ നേട്ടം