ഓണം റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ടൊവിനോ തോമസിന്‍റെ 'അജയന്‍റെ രണ്ടാം മോഷണം'. റിലീസിനെത്തുമ്പോള്‍ സിനിമയിലെ സര്‍പ്രൈസും ടൊവിനോ തോമസ് പങ്കുവച്ചിരുന്നു. ചിത്രത്തില്‍ ശബ്‌ദ സാന്നിധ്യമായി മോഹന്‍ലാലും എത്തുന്നുവെന്ന വാര്‍ത്ത ആരാധകരെ കൂടുതല്‍ ആവേശത്തില്‍ ആഴ്‌ത്തിയിരുന്നു.
ഇപ്പോഴിതാ മറ്റൊരു അപ്‌ഡേറ്റ് കൂടി പുറത്തുവരികയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമല്ല, മറ്റ് താരങ്ങളും എത്തുന്നുണ്ട്. ചിയാന്‍ വിക്രം, ഡോ.ശിവരാജ് കുമാര്‍ എന്നിവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. ചിത്രത്തില്‍ കോസ്‌മിക് വോയിസ് ആയാണ് മോഹന്‍ലാലും, വിക്രവും, ശിവരാജ് കുമാറും എത്തുന്നത്. ഈ വിവരവും ടൊവിനോ തോമസ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. പ്രത്യേകം ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് മോഹന്‍ലാല്‍, വിക്രം, ശിവരാജ് കുമാര്‍ എന്നിവര്‍ സിനിമയുടെ ഭാഗമാകുന്ന വിവരം ടൊവിനോ തോമസ് പങ്കുവച്ചിരിക്കുന്നത്.
മോഹന്‍ലാല്‍, വിക്രം, ഡോ.ശിവരാജ് കുമാര്‍ എന്നിവരുടെ വരവ് ചിത്രത്തിന് പുതിയ മാനം നല്‍കുമെന്നാണ് ടൊവിനോ പറയുന്നത്. 'അജയന്‍റെ രണ്ടാം മോഷണ'ത്തില്‍ പ്രപഞ്ച സൃഷ്‌ടാവിന്‍റെ (കോസ്‌മിക് ക്രിയേറ്റര്‍) ശബ്‌ദ സാന്നിധ്യമായതില്‍ പ്രിയപ്പെട്ട മോഹന്‍ലാല്‍, ചിയാന്‍, ഡോ.ശിവരാജ് കുമാര്‍ എന്നിവര്‍ക്ക് ആദരം! നിങ്ങളുടെ ഐതിഹാസിക ശബ്‌ദം ഞങ്ങളുടെ സിനിമയ്ക്ക് ഒരു പുതിയ മാനം കൊണ്ടുവന്നു. ഈ യാത്രയുടെ ഭാഗമായതിന് നന്ദി! വരാനിരിക്കുന്ന കോസ്‌മിക് സാഹസികതയ്‌ക്കായി കാത്തിരിക്കുക!' -ഇപ്രകാരമാണ് താരങ്ങളുടെ പോസ്‌റ്റര്‍ പങ്കുവച്ച് ടൊവിനോ തോമസ് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
നവാഗതനായ ജിതിന്‍ ലാലാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്‍റെ സംവിധാനം. മാജിക് ഫ്രെയിംസും യുജിഎം പ്രൊഡക്ഷൻസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും നിര്‍വഹിച്ചു. ദിബു നൈനാന്‍ തോമസാണ് ചിത്രത്തിലെ ഗാനങ്ങളും സ്‌കോറും ഒരുക്കിയിരിക്കുന്നത്.
മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി 3ഡിയിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഒരു പീരിയോഡിക്കള്‍ എന്‍റര്‍ടെയിനര്‍ ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. ട്രിപ്പിള്‍ റോളിലാണ് ചിത്രത്തില്‍ ടൊവിനോ തോമസ് പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായാണ് ടൊവിനോ തോമസ് മൂന്ന് വേഷങ്ങളില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ടൊവിനോ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.
മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പെട്ട കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്. കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായതിനാല്‍ സിനിമയ്‌ക്ക് വേണ്ടി താരം കളരി അഭ്യസിച്ചിരുന്നു. സംഘട്ടന രംഗങ്ങള്‍ക്കും ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാന്‍റസി ചിത്രം കൂടിയാണിത്.