2000ല്‍ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രം 'തെങ്കാശിപ്പട്ടണം' കാണാത്തവരായി ആരും ഉണ്ടാകില്ല. സിനിമയിലെ കെഡി കമ്പനി സംഘടിപ്പിക്കുന്ന ഒരു സ്‌പെഷ്യല്‍ ഗാനമേളയുണ്ട്. പാട്ട് കേൾക്കേണ്ടവരുടെ വീട്ടിൽ ചെന്ന് പാടിക്കേൽപ്പിക്കും. കേഡി കമ്പനി കവലകൾ തോറും ഗാനമേള സംഘത്തെ കൊണ്ട് പാട്ടു പാടിച്ച ഗുണ്ടായിസം ഒക്കെ പഴങ്കഥ.
തെരുവുകളിലും ആൾക്കൂട്ടത്തിലും ഇറങ്ങിച്ചെന്ന് ഞങ്ങൾ ഒരു പാട്ടു പാടി തരട്ടെ എന്ന് അങ്ങോട്ട് ആവശ്യപ്പെട്ട് പ്രകടനം കാഴ്‌ച്ചവച്ച ഒരു കൂട്ടം ചെറുപ്പക്കാരുണ്ട്. റെയിൽവേ സ്‌റ്റേഷനുകളിലും നഗര ഹൃദയങ്ങളിലും വ്യത്യസ്‌ത മനസ്സുമായി വിഹരിച്ച ജനങ്ങളെ സംഗീതത്തിന്‍റെ ഇന്ദ്രജാലം കൊണ്ട് ഒരു മനസ്സാക്കിയ അഗ്യ കലാഗൃഹം ബാൻഡ്.
ഒരു മ്യൂസിക് ബാന്‍ഡിന്‍റെ കൺവെൻഷണൽ രീതികൾ ഭേദിച്ച് ജനങ്ങളിലേക്ക് സംഗീതവുമായി ഇറങ്ങിച്ചെന്ന അഗ്യ കലാഗൃഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്. ഇപ്പോഴിതാ തങ്ങളുടെ സംഗീത വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് അഗ്യ കലാഗൃഹം ബാൻഡ്.
വിവിധ പ്രായത്തിലുള്ള കലാകാരന്‍മാരും കലാകാരികളും ഉൾപ്പെടുന്ന ഒരു സംഘമാണ് അഗ്യ കലാഗൃഹം. തിരുവനന്തപുരം കള്ളിക്കാട് സ്വദേശികൾ. പ്ലസ് ടു വിദ്യാർത്ഥി മുതൽ സംഗീത അധ്യാപകൻ വരെ ബാന്‍ഡിന്‍റെ ഭാഗമാണ്. അനിൽ മോഹൻ, അതുൽ, സുരഭി,
ആർദ്ര, അപൂർവ്വ, കമൽ, ജയ ഗോപൻ, ശ്രീറാം എന്നിവരാണ് അഗ്യ കലാഗൃഹത്തിന്‍റെ പ്രധാനികൾ.
അനിൽ മോഹൻ കീബോർഡ് ആണ് കൈകാര്യം ചെയ്യുന്നത്. അതുൽ ഗിത്താറിസ്‌റ്റാണ്. ശ്രീറാം ഒഴികെയുള്ളവരാണ് ബാന്‍ഡിന്‍റെ മധുര ശബ്‌ദങ്ങൾ. ബാന്‍ഡിന്‍റെ എല്ലാവിധ ടെക്‌നിക്കൽ കാര്യങ്ങളും ശ്രീറാം കൈകാര്യം ചെയ്യുന്നു.
2017ലായിരുന്നു അഗ്യ കലാഗൃഹത്തിന്‍റെ തുടക്കം. നെയ്യാർ ഡാമിന്‍റെ തീരങ്ങളിൽ മേൽപ്പറഞ്ഞ സംഘാംഗങ്ങൾ ഒത്തുകൂടുന്നു. ബാൻഡ് അംഗങ്ങളിൽ പലരും ഇപ്പോൾ പ്ലസ് ടു, ഡിഗ്രി വിദ്യാർഥികളാണ്. ഏഴു വർഷം മുമ്പ് അവരുടെ പ്രായം ഒന്ന് ചിന്തിച്ചു നോക്കണം. സംഗീതപരമായ കാര്യങ്ങൾക്ക് എല്ലാവരുടെ വീട്ടിൽ നിന്നും നല്ല പിന്തുണ.
അറിയപ്പെടുന്ന ഒരു മ്യൂസിക് ബാൻഡ് ആയി ഉയർന്നു വരണം എന്നതായിരുന്നു എല്ലാവരുടെയും ആഗ്രഹം. പക്ഷേ ലോക്ക് ഡൗൺ വില്ലനായി. തുടർന്ന് മൂന്ന് വർഷത്തോളം ഇടവേള. പിന്നീട് 2023 ഡിസംബറിൽ എല്ലാവരും ഒന്നിച്ച് സ്വപ്‌നങ്ങളുടെ ചിറക് നെയ്‌തു.
സ്വന്തമായി പാട്ടെഴുതി സ്വന്തമായി സംഗീതം സംവിധാനം നിർവ്വഹിച്ച് പ്രേക്ഷകർക്ക് മുന്നിൽ എത്തണമെന്ന് തന്നെയാണ് ബാന്‍ഡിന്‍റെ ആഗ്രഹം. പക്ഷേ പിച്ചവച്ച് തുടങ്ങിയിട്ടേയുള്ളൂ. ആദ്യം സിനിമ ഗാനങ്ങൾ പാടി പരിശീലനം ആരംഭിച്ചു. മികച്ച സിനിമ ഗാനങ്ങളെ തങ്ങളുടെതായ രീതിയിൽ അവതരിപ്പിക്കുകയാണ് അഗ്യ കലാഗൃഹം.
കൂട്ടത്തിൽ പ്ലസ് ടുവിന് പഠിക്കുന്ന അപൂർവ്വയുടെ അമ്മയാണ് ഇങ്ങനെയൊരു സംഗീത കൂട്ടായ്‌മയ്ക്ക് തുടക്കം കുറിച്ചത്. ഗാനാഞ്ജലി എന്ന പേരിലാണ് ബാൻഡ് ആരംഭിക്കുന്നത്. രണ്ടാം വരവിലാണ് അഗ്യ കലാഗൃഹം എന്ന പേര് സ്വീകരിക്കുന്നത്. ബാന്‍ഡിൽ അനൗൺസറായാണ് ശ്രീറാം എത്തിച്ചേരുന്നത്. പിന്നീട് ശ്രീറാം ബാന്‍ഡിന്‍റെ എല്ലാമെല്ലാമായി.
ബാൻഡിലെ അംഗങ്ങളുടെ സൗഹൃദ വലയങ്ങളിൽ നിന്നാണ് എട്ടു പേരടങ്ങുന്ന സംഘം ഒന്നിക്കുന്നത്. ജനങ്ങളുടെ യഥാർത്ഥ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് പാട്ടുപാടി സോഷ്യൽ മീഡിയയിൽ വൈറലായി എന്നുള്ളതാണ് അഗ്യ കലാഗൃഹത്തെ പ്രേക്ഷക ശ്രദ്ധയിൽ കൊണ്ടു വരുന്നത്.
ഒരിക്കൽ ബാൻഡിലെ സംഘാംഗങ്ങളെല്ലാം ചേർന്ന് ഗുരുവായൂരിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. തിരിച്ചു വരുന്ന വഴി തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കാത്ത് ഒരുപാട് നേരം ചിലവഴിക്കുകയാണ്. ബോറടിച്ചതോടെ കാത്തിരിപ്പിന്‍റെ സമയം ക്രിയാത്‌മകമാക്കാൻ സംഘാംഗങ്ങളിൽ ഒരാളായ അതുൽ ഒരു ആശയം മുന്നോട്ടുവച്ചു.
റെയിൽവേ സ്‌റ്റേഷനിലെ ആളുകള്‍ക്കിടയിൽ ചെന്ന് ഒരു പാട്ട് പാടി തരട്ടെ എന്ന് ചോദിക്കുക. അവർക്ക് താല്‍പ്പര്യം ഉണ്ടെങ്കിൽ തങ്ങളുടെ കലാനൈപുണ്യം അവിടെ പ്രകടിപ്പിക്കാം. അതുല്‍ അങ്ങനെ ഒരു ആശയം പറഞ്ഞതോടെ കൂട്ടത്തിലുള്ളവർക്ക് ആവേശമായി. പരീക്ഷണമാണ്, ചിലപ്പോൾ വിജയിക്കാം, ചിലപ്പോൾ പരാജയപ്പെടാം.
റെയിൽവേ സ്‌റ്റേഷനിൽ ഗാനം ആലപിക്കുമ്പോൾ ചില യാത്രക്കാർക്ക് അത് ബുദ്ധിമുട്ട് ഉണ്ടായേക്കാം എന്നൊരു പേടിയും ഉണ്ടായിരുന്നു. പക്ഷേ രണ്ടും കൽപ്പിച്ച് മുന്നോട്ടുവച്ച കാൽ മുന്നോട്ടു തന്നെ എന്ന് പറയും പോലെ ഒന്നു ശ്രമിച്ചു. സംഗതി പോസിറ്റീവ് ആയി. പാട്ടു കേൾക്കാൻ താല്‍പ്പര്യം ഉണ്ടെന്ന് പറഞ്ഞവർക്ക് മുന്നിൽ അഗ്യ കലാഗൃഹം ബാൻഡ് ലൈവ് ആയി പാട്ടുപാടി. സംഭവം വീഡിയോ എടുത്ത് ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌തതോടെ വൈറല്‍..
ഇടിവി ഭാരതിനോട് സംവദിക്കാൻ അഗ്യ കലാഗൃഹം തെരഞ്ഞെടുത്ത സ്ഥലത്തിനും ഒരു പ്രത്യേകതയുണ്ട്. സഹ്യന്‍റെ മടിത്തട്ടും കണ്ണിനെ കുളിരണിയിക്കുന്ന റിസർവോയർ കാഴ്‌ച്ചകളും. ഇതേ സ്ഥലത്തിരുന്നാണ് കുരുക്ഷേത്ര എന്ന ചിത്രത്തിലെ 'ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ' എന്ന ഗാനം പെർഫോം ചെയ്‌ത് അഗ്യ കലാഗൃഹം ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്യുന്നത്.
വീഡിയോ കണ്ട ഉടൻ തന്നെ ഗാനത്തിന്‍റെ സംഗീത സംവിധായകൻ സിദ്ധാർത്ഥ് വിപിൻ ഈ ചെറുപ്പക്കാരെ വിളിച്ച് അഭിനന്ദനം അറിയിച്ചു. അഗ്യ കലാഗൃഹത്തിന് ലഭിക്കുന്ന ആദ്യത്തെ സെലിബ്രിറ്റി പിന്തുണയായിരുന്നു അത്.
തങ്ങളുടേതായ രീതിയിൽ തങ്ങളുടെ സ്വന്തം സംഗീതം പ്രേക്ഷകരിലേക്ക് എത്തിക്കണം എന്നതാണ് അഗ്യ കലാഗൃഹം അംഗങ്ങളുടെ ആഗ്രഹം. അതിനായി എത്രയും വേഗം സ്വന്തമായി ഒരു സ്‌റ്റുഡിയോ സ്ഥാപിക്കണം എന്നാണ് അംഗങ്ങളുടെ ഭാവി പദ്ധതികള്‍.
"സംഘത്തിലെ ഓരോരുത്തരും മികച്ച കലാകാരന്‍മാരും കലാകാരികളും ആകാൻ പ്രയത്‌നിക്കുന്നുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളം അഗ്യ കലാഗൃഹം ബാൻഡ് പരിപാടികൾ അവതരിപ്പിക്കും. അതിനുള്ള പരിശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എത്രയും പെട്ടെന്ന് സ്വന്തമായി ഒരു സ്‌റ്റുഡിയോ സ്ഥാപിക്കണം.
ഞങ്ങളുടേതായ രീതിയിൽ ഞങ്ങളുടെ സ്വന്തം സംഗീതം പ്രേക്ഷകരിലേക്ക് എത്തിക്കണം. ഈ യാത്രയിൽ ആരെയും മാതൃകയാക്കിയിട്ടില്ല. സംഗീതത്തെ അഗാധമായി വിശ്വസിക്കുകയാണ്. സംഗീതം തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനം."-അഗ്യ കലാഗൃഹം ബാൻഡ് അംഗങ്ങൾ പ്രതികരിച്ചു.