അദിവി ശേഷ് നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് 'ഡക്കോയിറ്റ്'. പ്രശസ്‌ത ഛായാഗ്രാഹകനായ ഷനിൽ ഡിയോ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം ഇപ്പോൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ശ്രുതി ഹാസനും പ്രധാന വേഷത്തിലുണ്ട്. ഇപ്പോഴിതാ താരം 'ഡക്കോയിറ്റ്' സെറ്റിൽ ജോയിൻ ചെയ്‌ത വാർത്തയാണ് പുറത്തുവരുന്നത്.
ആക്ഷനും പ്രധാന്യം നൽകിയാണ് 'ഡക്കോയിറ്റ്' ഒരുക്കുന്നത്. ചിത്രത്തിന്‍റെ പ്രധാനപ്പെട്ട ആക്ഷൻ രംഗങ്ങളുടെയെല്ലാം ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ ഷെഡ്യൂളിൽ തന്നെ ആക്ഷൻ രംഗങ്ങൾ എല്ലാം ചിത്രീകരിക്കാൻ ഒരുങ്ങുകയാണ് ടീം.
'ക്ഷണം', 'ഗൂഡാചാരി' എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷനിൽ ഡിയോയുടെ ആദ്യ സംവിധാന സംരംഭം കാണാൻ പ്രതീക്ഷയേടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. അദിവി ശേഷും ശ്രുതി ഹാസനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഡക്കോയിറ്റിനുണ്ട്. സുപ്രിയ യർലഗദ്ദയാണ് ഈ ചിത്രത്തിന്‍റെ നിർമാണം. സുനിൽ നരങ് സഹനിർമാതാവാണ്.
അന്നപൂർണ സ്‌റ്റുഡിയോസ് ആണ് ഈ സിനിമ വിതരണം ചെയ്യുന്നത്. ഹിന്ദി, തെലുഗു ഭാഷകളിൽ ഒരേസമയമാണ് ഷൂട്ടിങ്. നടൻ അദിവി ശേഷും ഷനിൽ ഡിയോയും ചേർന്നാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയത്. 2022ൽ റിലീസായ 'മേജർ' എന്ന ചിത്രത്തിന് ശേഷം അദിവി ശേഷ് പ്രധാന വേഷത്തിലെത്തുന്ന രണ്ടാം ഹിന്ദി ചിത്രം കൂടിയാണിത്. സിനിമയുടെ മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടും.