ഹൈദരാബാദ് : ബുധനാഴ്‌ച (27-03-2024) മുംബൈയിൽ നടന്ന പുതിയ സീരീസായ ഹീരമാണ്ഡിയുടെ തീയതി പ്രഖ്യാപന പരിപാടിയില്‍ നടി അദിതി റാവു ഹൈദരി പങ്കെടുക്കാത്തത് വിവാഹം മൂലമെന്ന് റിപ്പോര്‍ട്ട്. സിദ്ധാർഥുമായുള്ള വിവാഹമാണ് അദിതിയുടെ അസാന്നിധ്യത്തിന് കാരണമെന്ന് പരിപാടിയുടെ അവതാരകൻ വെളിപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം, ചലച്ചിത്ര താരങ്ങളായ അദിതിയും സിദ്ധാർഥും ബുധനാഴ്‌ചയാണ് വിവാഹിതരായത്.
താരങ്ങൾ വിവാഹിതരാണെന്ന റിപ്പോർട്ടുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എന്നാൽ സെലിബ്രിറ്റികളോ അവരുടെ മാനേജർമാരോ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, മുംബൈയിലെ ഹീരമാണ്ഡിയുടെ തീയതി പ്രഖ്യാപന പരിപാടിയിൽ അവരുടെ വിവാഹം കഴിഞ്ഞുവെന്ന് അവതാരകൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
അദിതിയുടെ വിവാഹമായതിനാലാണ് അവർ പരിപാടി ഒഴിവാക്കിയതെന്ന് പരിപാടിയുടെ അവതാരകനായ സച്ചിൻ കുംഭാറാണ് ഇന്നലെ വെളിപ്പെടുത്തിയത്. 'അദിതി ഹീരമാണ്ഡിയുടെ ഒരു സുപ്രധാന ഭാഗമാണ്. പക്ഷേ ഒരു കാരണത്താൽ അവർ ഇന്ന് ഇവിടെയില്ല. ഇന്ന് അദിതിയുടെ വിവാഹമാണ്. അതിനാൽ ഞങ്ങൾ അവരെ ഇവിടെ നിന്ന് അഭിനന്ദിക്കുകയാണ്' -എന്ന് വരാനിരിക്കുന്ന നെറ്റ്ഫ്ലിക്‌സ് സീരീസായ ഹീരമാണ്ഡി : ദി ഡയമണ്ട് ബസാറിന്‍റെ റിലീസ് തീയതി പ്രഖ്യാപന പരിപാടിയിൽ സച്ചിൻ കുംഭാർ പറഞ്ഞു.
വാനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലെ രംഗനാഥ സ്വാമി ക്ഷേത്ര മണ്ഡപത്തിൽ വച്ചാണ് ഇവരുടെ വിവാഹം നടന്നതെന്നാണ് റിപ്പോർട്ട്. അദിതിയുടെ കുടുംബം വർഷങ്ങളായി ആരാധന നടത്തിവരുന്ന ക്ഷേത്രമാണിത്. സിദ്ധാർഥ് തമിഴ്‌നാട്ടിൽ നിന്നുള്ളയാളായതിനാൽ അവിടെ നിന്നുള്ള പുരോഹിതന്മാരാണ് വിവാഹ ചടങ്ങുകൾ നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
2021ൽ മഹാസമുദ്രം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദിതിയും സിദ്ധാർഥും പ്രണയത്തിലാകുന്നത്. അതിനുശേഷം വിവിധ പരിപാടികളിൽ അവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.
ചണ്ഡീഗഡിൽ നടന്ന രാജ്‌കുമാർ റാവുവിന്‍റെയും പത്രലേഖയുടെയും വിവാഹത്തിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. മാത്രമല്ല കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന വിക്രമാദിത്യ മോട്‌വാനെയുടെ ജൂബിലിയുടെ പ്രദർശനത്തിനിടെ കൈകൾ കോർത്ത് റെഡ് കാർപ്പെറ്റിലൂടെ താരങ്ങൾ നടന്നിരുന്നു.
ഹീരമാണ്ഡി : ദി ഡയമണ്ട് ബസാറിനെക്കുറിച്ച് പറയുകയാണെങ്കിൽ, സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനീഷ കൊയ്‌രാള, സോനാക്ഷി സിൻഹ, റിച്ച ഛദ്ദ, സഞ്ജീദ ഷെയ്ഖ്, ഷർമിൻ സെഗാൾ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മെയ് 1 ന് നെറ്റ്ഫ്ലിക്‌സിൽ ഷോ സ്ട്രീമിങ് ആരംഭിക്കും.